എലനര്‍ ഇസബെല്ലിന്റെ പ്രണയമറിഞ്ഞ് കൊളുക്കുമലയുടെ കുളിരിലേക്ക്

munnar-ash
അങ്ങനെയാണ് യാത്ര പലപ്പോഴും അനിവാര്യമാകുന്നത്. ഒച്ചപ്പാടുണ്ടാക്കുന്ന ഓർമ്മകൾക്കും ചിന്തകൾക്കും, ആൾക്കൂട്ടത്തിനിടയിലെ ഒറ്റപ്പെടലിനും മുമ്പിൽ  വെയ്ക്കാവുന്ന ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല. ചിലപ്പോഴൊക്കെ യാത്ര ചെയ്ത് യാത്ര ചെയ്ത് അതിരുകള്‍ മാഞ്ഞെന്ന് മനസിനെ പറഞ്ഞ് വിശ്വസിപ്പിച്ചാല്‍ തീരുന്ന ചില ഏനക്കേടുകള്‍. അതിരുകള്‍ മാത്രമല്ല യാത്രകളില്‍ മാഞ്ഞു പോകുന്നത്. ദേശകാലങ്ങള്‍ക്കും സമയസൂചികള്‍ക്കുമൊപ്പം യാത്രികന്‍ തന്നെ മാഞ്ഞുപോകുന്ന ചില വഴികളുണ്ട്. തന്റെ തന്നെ നിസാരത മനുഷ്യനെ ബോധ്യപ്പെടുത്തുന്ന ചില വഴികള്‍.

Screenshot_2016-08-21-12-28-28

നാം ഇത്രയും ചെറുതാണെന്ന് ഓരോ വളവിലും ചെരുവിലും കയറ്റിറക്കങ്ങളിലും നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ചില ഉയരങ്ങള്‍. അങ്ങനെയാണ് കൊളുക്കുമല മനസില്‍ കയറിയത്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 8000 അടി ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം സ്ഥിതി ചെയ്യുന്ന കൊളുക്കുമല. കോടമഞ്ഞിനാല്‍ മുഖം ഒളിപ്പിച്ച് മേഘങ്ങള്‍ക്കിടയില്‍ അത്ഭുതം തീര്‍ക്കുന്ന കൊളുക്കുമല.

രാവിലെ ആറ് മണിയോടെ തന്നെ എറണാകുളത്ത് നിന്നും യാത്ര ആരംഭിച്ചു. ചാറ്റല്‍മഴ പെയ്ത് തുടങ്ങിയത് കൊണ്ട് തന്നെ കയ്യില്‍ കുടയും ക്യാമറ പൊതിയാന്‍ പ്ലാസ്റ്റിക് ബാഗും കരുതി. പെരുമ്പാവൂരില്‍ നിന്നും രാവിലെ ഇടവിട്ട നേരങ്ങളില്‍ മൂന്നാറിലേക്ക് ബസുകളുണ്ട്. കെഎസ്ആര്‍ടിസി ബസിന്റെ മാസ് എന്‍ട്രിയ്ക്ക് വേണ്ടി മാത്രം അവിടെ കാത്തു കിടന്നു. യാത്രയെന്നാല്‍ നമ്മുടെ കെഎസ്ആര്‍ടിസിയുടെ സൈഡ് സീറ്റില്‍ തന്നെയെന്ന് മനസിനെ ആരോ പറഞ്ഞ് പറ്റിച്ചത് പോലെ.

Screenshot_2016-08-21-12-26-53

ചാറ്റല്‍ മഴ പെയ്ത് തുടങ്ങിയെങ്കിലും ഷട്ടര്‍ താഴ്ത്താന്‍ തോന്നിയില്ല. ബസ് ചുരം ലക്ഷ്യമാക്കി നീങ്ങുകയാണ്. ഈ കുറിപ്പില്‍ ആദ്യഭാഗമത്രയും മൂന്നാര്‍ വഴിയിലെ ചാറ്റല്‍മഴ പെയ്ത് കുതിര്‍ന്നിരിക്കുന്നു. കെഎസ്ആര്‍ടിസി ബസിന്റെ ഷട്ടറിനരികെ ഇരുന്ന അക്ഷരങ്ങള്‍ വിറച്ച് വിറച്ച് അവ്യക്തമായിട്ടുണ്ടാകാം. പാതിദിനം മുഴുവന്‍ മഴ നനഞ്ഞ് ചില അക്ഷരങ്ങള്‍ ആവി കൊള്ളുന്നതായും കാണാം. മഴ പിന്നോട്ട് പെയ്തു. കാറ്റ് പിന്നോട്ട് വീശി. മരങ്ങള്‍ പിന്നോട്ട് ഓടി. അപ്പോഴും ബസ് മുന്നോട്ട് തന്നെ പോയി.

ash

മൂന്നാറിലേക്കുള്ള വഴികളിലെ വെള്ളച്ചാട്ടങ്ങള്‍ക്കരികെ സഞ്ചാരികളുടെ തിരക്ക്. ചീയപ്പാറ, അടിമാലി, വാളറ, ചിന്നക്കനാല്‍ വെള്ളച്ചാട്ടങ്ങള്‍ മഴ പെയ്ത് നിറഞ്ഞുചാടുന്നു. മൂന്നാറിലേക്ക് കടന്നെന്ന് കാണിച്ച് ബസിനെ പുകപോലെ കോടമഞ്ഞ് കൈക്കുള്ളിലാക്കി. ഇരുണ്ട ഒരു ഗുഹയ്ക്കകത്തു നിന്നെന്ന പോലെ വെളിച്ചം തെളിച്ച് എതിരെ വരുന്ന വാഹനങ്ങളുടെ പൊട്ട്. ഹെയര്‍പിന്‍ വളവുകളില്‍ റോഡിലെ വെള്ളവരകളുടെ മര്യാദകള്‍ മറന്ന് ചുംബിക്കാനെന്നോണം പാഞ്ഞുവരുന്ന വാഹനങ്ങള്‍. ഓരോ ഹെയര്‍പിന്‍ വളവുകളിലും ഓരോ തണുപ്പ്.
മഴയത്ത് നനഞ്ഞിട്ടും നനയാതെ വഴിയിലെ കാഴ്ച്ചയാസ്വദിക്കുന്ന സഞ്ചാരികള്‍. കാഴ്ച്ചകളെ ക്യാമറയ്ക്കുള്ളിലാക്കാമെന്ന മോഹത്തെ മഴ പല്ലിളിച്ച് കാണിച്ചു. കണ്ടതും കൊണ്ടതും മനസില്‍ മാത്രം വെച്ചാല്‍ മതിയെന്ന അസൂയപറച്ചില്‍.

ഉച്ചയോടെ മൂന്നാര്‍ എത്തിയെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥ സന്ധ്യയെ തോന്നിപ്പിച്ചു. മൂന്നാര്‍ ഒരു ഫീല്‍ഗുഡ് ഇടമാണ്. സ്‌നേഹവും സമാധാനവും മനസില്‍ നിറയ്ക്കുന്ന ചില ഫീല്‍ഗുഡ് സിനിമകള്‍ പോലെ. യൂക്കാലിപ്റ്റ്‌സ് മരങ്ങള്‍ക്കിടയില്‍ വിഷമങ്ങളൊക്കെ കുഴിച്ചിടാം. ആത്മഹത്യാ മുനമ്പില്‍ നിന്ന് ഞാന്‍ ബോധത്തിന് ചാടി ആത്മഹത്യ ചെയ്യാം. എല്ലാം കഴിഞ്ഞ് പുല്‍മേടുകളില്‍ ഭാരമറിയാതെ പാറിയോ പറന്നോ നീന്തിയോ ഒന്നുമില്ലെങ്കില്‍ നടന്നോ നീങ്ങാം. മൂന്നാറിനെകുറിച്ച് കേട്ടറിഞ്ഞപ്പോള്‍ മനസ് വല്ലാതെ കൊതിച്ചു പോയ ഒരിടത്തേക്ക് തന്നെ ആദ്യം പോകണമെന്ന് തോന്നി. ഓള്‍ഡ് മൂന്നാറിലെ ഒരു കുന്നിന്റെ ചരുവില്‍ നില്‍ക്കുന്ന പുരാതനമായ സിഎസ്‌ഐ ചര്‍ച്ച്.

അതിന്റെ ചരിത്രം കൗതുകം ജനിപ്പിക്കുന്നതും അതേസമയം നൊമ്പരപ്പെടുത്തുന്നതുമാണ്. 1898ല്‍ പള്ളി വരുന്നതിനും 17 വര്‍ഷം മുമ്പ് തന്നെ പള്ളിയില്‍ സെമിത്തേരി വന്നിരുന്നു. അതാണ് പള്ളിയുടെ കഥയിലെ കൗതുകകരമായ ഭാഗം. കണ്ണന്‍ദേവന്‍ കമ്പനിയുടെ ആദ്യ ജനറല്‍ മാനേജരായിരുന്ന ഹെന്റി മാന്‍സ്ഫീല്‍ഡ് നൈറ്റ് എന്ന സായിപ്പിന്റെ 23കാരിയായ ഭാര്യ എലനര്‍ ഇസബല്‍ മേയ് മൂന്നാറിലെത്തിയപ്പോള്‍ ആ സ്ഥലത്തിന്റെ മനോഹാരിത കണ്ട് ആകൃഷ്ടയായി. താന്‍ മരിച്ചാല്‍ എന്നെ ഈ കുന്നിന്റെ മുകളില്‍ അടക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടു. നീ ആഗ്രഹിക്കാതെ മരണത്തിന് പോലും ഈ സൗന്ദര്യത്തെ കീഴ്‌പെടുത്താനാവില്ലെന്നാണ് ഹെന്ററി മറുപടി പറഞ്ഞത്. എന്നാല്‍ തന്റെ ആഗ്രഹം പറഞ്ഞ് മൂന്നാം നാള്‍ എലനര്‍ കോളറ വന്ന് മരിച്ചു.

Image result for munnar csi church

എലനറിന്റെ ആഗ്രഹം പോലെ ആ കുന്നിന്റെ മുകളില്‍ അവരെ അടക്കം ചെയ്തു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എലനര്‍ ഇസബെല്ലിന്‍രെ കല്ലറയോടടുത്ത് പള്ളി നിര്‍മ്മിക്കുന്നത്. സെമിത്തേരിയില്‍ വിദേശികളുടേയും സ്വദേശികളുടേയുമായി കൂടുതല്‍ ശവമടക്ക് നടക്കുകയും ചെയ്തു. അനുമതി വാങ്ങി പള്ളിക്കകത്ത് കയറിയപ്പോള്‍ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചരിത്രത്തിലേക്ക് കാലെടുത്ത് വെച്ചത് പോലെ.

Image result for csi church munnar inside

പള്ളിയുടെ അകം പഴമ വിളിച്ചോതുന്നതാണ്. ചുമരിലൊക്കെ മണ്‍മറഞ്ഞുപോയ സായിപ്പന്മാരുടെ പേരുകള്‍ കൊത്തിവെച്ച ലോഹത്തകിടുകള്‍. പഴക്കംചെന്ന ബൈബിളും പിയാനോയും വിളക്കുകളും. പള്ളിയില്‍ നിന്നിറങ്ങി എലനര്‍ ഇസബെല്ലിന്റെ കല്ലറ ലക്ഷ്യമാക്കി നടന്നു. കാറ്റുപോലും കയറി വരാന്‍ മടിക്കുന്നത്രയും നിശബ്ദതയിലേക്ക് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിന്നും ക്ഷണിക്കാതെ കയറിപ്പോയ ഒരതിഥിയെ പോലെ സ്വയം തോന്നി. പടര്‍ന്നുപന്തലിച്ച് കിടക്കുന്ന പേരറിയാ മരങ്ങള്‍ക്കും ചെടികള്‍ക്കും ഇടയിലായി ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനായി എലനറിന്റെ കല്ലറ. മുകളിലായി വെണ്ണങ്കല്ലുകള്‍ നിരത്തിവെച്ചിരിക്കുന്നു. കല്ലറയുടെ ചുറ്റുമായ് ധാരാളം ചെടികള്‍ പൂവിടര്‍ത്തി നില്‍ക്കുന്നു. ശാന്തമായ് തഴുകുന്ന കാറ്റിനൊപ്പം പേരറിയാ പൂക്കളുടെ നൃത്തം.

Image result for elanar izabel may

പ്രകൃതിയില്‍ ഒളിച്ചിരുന്നെന്ന് തോന്നിച്ച സുഗന്ധം മുഴുവനും ആ കാറ്റിനൊപ്പം കല്ലറയിലേക്ക് വന്നു. എലനറിനായി വിരിഞ്ഞ പൂക്കളും അവളെ മോഹിച്ച തുമ്പിയുമൊക്കെ ഇപ്പോഴും അവിടെ പറന്നുനടക്കുന്നു. ഓ എലനര്‍… നിന്റെ പ്രണയം സത്യമായിരുന്നു. പ്രകൃതി നിന്നെ തിരിച്ച് സ്‌നേഹിക്കുന്നതിന് ഞാന്‍ സാക്ഷി. നിന്റെ പാദം ചുംബിച്ച മണ്ണിലേക്ക് കടന്നുവരുന്ന ഓരോ യാത്രികനും സാക്ഷി….

മൂന്നാറില്‍ ഇനിയും കാണാനും അനുഭവിക്കാനും ഏറെയുണ്ട് ബാക്കി. ലൂയിസ് പീറ്റര്‍ പറഞ്ഞത് പോലെ ഭൂപടം ഒരു നുണയാണ്. ഓരോ യാത്രയും ആ നുണയെ തുറന്നു കാട്ടുന്നു. വഴിത്താര നിറഞ്ഞു നിന്ന മഞ്ഞപ്പൂക്കളോ, കൊക്കുരുമ്മി പ്രണയം കൈമാറിയ ഇണക്കുരുവികളോ, വഴികാട്ടാന്‍ മടി കാണിച്ച പുകമഞ്ഞോ ഇല്ലാത്തതാണ്. നുണയാണ് ഭൂപടം. നമ്മളേയും പ്രകൃതിയേയും അകറ്റി നിര്‍ത്തുന്ന വെറും അടയാളപ്പെടുത്തലുകള്‍.

മൂന്നാറിനെ അറിയണമെങ്കില്‍ ടൂറിസ്റ്റ് മാപ്പിനോട് ബൈബൈ പറയണം. ആളില്ലാ ഇടങ്ങളില്‍ ഇരിപ്പിടം പിടിക്കണം. കാട്ടുവഴികള്‍ കയറണം. മേഘത്തെ തൊട്ടറിയണം. മൂന്നാറില്‍ കറങ്ങിത്തിരിഞ്ഞും അലഞ്ഞ് നടന്നും തളര്‍ന്നിരുന്നും വൈകുന്നേരമായപ്പോള്‍ ടൗണില്‍ തന്നെയുള്ളൊരു ഹോട്ടലില്‍ അഭയം പ്രാപിച്ചു. ഇരുട്ടിന് കനം കൂടുന്തോറും തണുപ്പും കൂടി കൂടി വന്നു. എത്ര വിളിച്ചിട്ടും തിരികെ വരാതെ ആ രാത്രി മുഴുവന്‍ മനസ് കൊളുക്കുമലയുടെ കുന്നിന്‍ ചെരുവുകളില്‍ അലഞ്ഞുനടന്നു.

ആറ് മണിക്ക് തന്നെ വെളിച്ചം വന്നു തുടങ്ങിയിരിക്കുന്നു. സൂര്യന്‍ സൗമ്യനാണ്, ചൂടും കൊണ്ട് തട്ടിക്കയറാന്‍ വന്നില്ല. കൂട്ടിന് നല്ല മഞ്ഞുമുണ്ട്. ഏറെ നാളായി മനസില്‍ കയറിക്കൂടിയതാണ് കൊളുക്കുമല. ദൂരെ ആകാശം മുട്ടി നിന്ന് മേഘങ്ങളോട് സംസാരിച്ച് ആരേയു കൊതിപ്പിച്ച് നില്‍ക്കുന്ന കൊളുക്കുമല. മൂന്നാര്‍-ദേവികുളം-സൂര്യനെല്ലി-അപ്പര്‍ സൂര്യനെല്ലി വഴിയാണ് കൊളുക്കുമലയിലേക്ക് പോകേണ്ടത്. ജീപ്പുകള്‍ നിരനിരയായി നിര്‍ത്തിയിട്ടിട്ടുണ്ട് മൂന്നാറില്‍. യാത്ര പുറപ്പെടാന്‍ തോന്നിയപ്പോഴേക്കും മഴ പെയ്തു. മഴ വലുതല്ല. എങ്കിലും വിടാതെ പിന്നാലെ കൂടിയിരിക്കുകയാണ്. ദേവികുളത്തെ പുല്‍മേടുകളില്‍ പശുക്കള്‍ മേഞ്ഞു നടക്കുന്നു. റോഡിന്‍രെ രണ്ട് വശങ്ങളിലും യൂക്കാലിപ്റ്റ്‌സ് മരങ്ങള്‍ ഇലയനക്കങ്ങളില്ലാതെ നില്‍പാണ്. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ ചെയ്ത റോഡ് അവസാനിക്കുകയാണ്. അപ്പര്‍ സൂര്യനെല്ലി വരെ സോളിംഗ് ചെയ്ത വഴിയുണ്ട്. അതിന് ശേഷമുള്ള വഴികള്‍ ജീപ്പിന്റെ ടയറുകളോട് ഗുസ്തി പിടിച്ചു.

Screenshot_2016-08-21-12-28-20
പലയിടങ്ങളിലും വലിയ പാറകളും തിട്ടകളും ഹെയര്‍പിന്‍ വളവുകളും നിറഞ്ഞ മലമ്പാത എത്തിച്ചേരുന്നത് 7130 അടി ഉയരത്തിലാണ്. കേരളത്തില്‍ വാഹനം എത്തിച്ചേരുന്ന ഏറ്റവും ഉയരംകൂടിയ സ്ഥലം. ഇവിടെയാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തേയിലത്തോട്ടം. കൊത്തഗുഡി പ്ലാന്റേഷന്‍ എന്നറിയപ്പെടുന്ന ഈ തോട്ടം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സായിപ്പന്‍മാരുടെ ഇച്ഛാശക്തിയും തമിഴന്റെ വിയര്‍പ്പും കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്.

Screenshot_2016-08-16-20-22-08

ഉയരം കൊണ്ട് ദക്ഷിണന്ത്യേയിലെ രണ്ടാമതും ആനമുടിയേക്കാള്‍ 50 മീറ്റര്‍ മാത്രം താഴ്ന്നതുമായ മീശപ്പുലിമല ഈ തോട്ടത്തിലാണ്. തെളിഞ്ഞ് തുടങ്ങിയ ആകാശത്തിന് താഴെ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളും വളഞ്ഞുപുളഞ്ഞു പോകുന്ന നൂറുകണിക്കിന് വഴികളും. സൂര്യനെല്ലി എത്തുന്നതോടെ ടാര്‍ റോഡുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. പാറകളും കുഴികളും നിറഞ്ഞ ഒമ്പത് ഹെയര്ഡപിന്‍ വളവുകളുള്ള വഴി.

ഒരുഭാഗത്ത് പര്‍വതനിരകളും പച്ചപുതച്ച താഴ്വാരങ്ങളുമുള്ള കേരളം. മറുഭാഗത്ത് നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തമിഴിന്റെ തേനി. പുതിയ വഴികളും പുതിയ മഴകളും പുതിയ നനവുകളും. Now you are at 7130 feet above SL’ എന്നെഴുതിയ ബോര്‍ഡ് ആ സ്ഥലത്തിന്റെ ഉന്നതിയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.Screenshot_2016-08-21-12-28-48

മേഘങ്ങള്‍ കൈയെത്തും ദൂരത്താവുന്ന പേരറിയാ കുന്നുകള്‍. പൈന്‍കാടുകള്‍ നടന്നിറങ്ങിയാല്‍ കാണുന്ന വെള്ളത്തിളക്കങ്ങള്‍. മഞ്ഞും മേഘവും അതുങ്ങളുടെ സകലഭ്രാന്തുമായ് മണ്ണിനെ മറച്ച് പിടിച്ചു. മരങ്ങള്‍ക്കപ്പുറം മേഘങ്ങള്‍ മണ്ണിലേക്കോ മഞ്ഞ് ആകാശത്തേക്കോ ഇറങ്ങി നില്‍ക്കുന്ന കൊളുക്കുമല, കബളിപ്പിക്കുന്ന ഒരു ദൃശ്യം. മേഘങ്ങളില്‍ ലോകത്തെ എല്ലാ നിറങ്ങളും ചേര്‍ന്നൊരാഘോഷം. കടും നിറങ്ങള്‍ എല്ലാം ഒലിച്ചറങ്ങി അവയില്‍ നിന്നും വേര്‍പ്പെട്ട മരവിപ്പുകള്‍ മരം കോച്ചുന്ന തണുപ്പാകുകയാണ്.

Image result for kolukkumalai tea estate

ആവിപറക്കുന്ന കട്ടന്‍ചായയുടെ ചൂടിന് മനസും ശരീരവും കൊതിച്ചു. രണ്ടു കിലോമീറ്റര്‍ ഇറക്കം ഇറങ്ങിയാല്‍ കൊളുക്കുമല ഫാക്ടറിയില്‍ എത്താം. 1935 സായിപ്പന്മാര്‍ പണിത ഈ ഫാക്ടറി ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ളതും പഴക്കമേറിയതുമാണ്. കൂടുതല്‍ ഭാഗങ്ങളും തടികൊണ്ട് നിര്‍മിച്ച ഈ ഫാക്ടറി കാലത്തേ വെല്ലുവിളിയോടെ അതിജീവിക്കുന്നു.

Screenshot_2016-08-16-20-29-55

തേയില ഉത്പാദനത്തിന്റെ വിവിധ ഘട്ടങ്ങള്‍ നേരില്‍ കണ്ടു മനസിലാക്കാം. കൊളുക്കുമല തേയില ഗുണമേന്മയില്‍ മുന്തിയ ഇനമാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന യൂറിയ പ്രയോഗം ഒഴിച്ചാല്‍ മറ്റു രാസവളങ്ങള്‍ ഒന്നും തന്നെ ഇല്ല. മേഘങ്ങള്‍ തേയില ചെടികളെ തൊട്ടുരുമ്മി ഉമ്മവെക്കുന്ന ഇവിടെ കൊടിയ വേനലില്‍ പോലും ജലസേചനത്തിന്റെ ആവശ്യമില്ല. ആരെയും ഉണര്‍ത്തുന്ന മണമാണ് കൊളുക്കുമല ചായയുടെ പ്രത്യേകത. ഫാക്ടറി സന്ദര്‍ശനം കഴിഞ്ഞെത്തുന്നവരെ ചൂട് ചായ കാത്തിരിപ്പുണ്ട്. ഇത്ര രുചികരമായ ഒരു ചായ ഇതിനുമുന്‍പൊരിക്കലും കുടിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. മനസ്സും ശരീരവും കൊളുക്കുമല ചായയുടെ ചൂടിനും ചൂരിനും മാറില്‍ വിശ്രമം കൊണ്ടു.

ashiq

വന്ന വഴിയുടെ വന്യതയും രാത്രി ഭീകരതയോര്‍ത്തും തിരികെപ്പോകാന്‍ പാതിമനസ് തിടുക്കം കൂട്ടി. തിരിച്ചുവിളിക്കാന്‍ ചിലത് വീട്ടിലുമുണ്ടെന്ന ഓര്‍മ്മപ്പെടുത്തലുകള്‍. ചിറക് കടഞ്ഞാല്‍ കുടയണം, അത് പ്രകൃതി നിയമമാണ്. ചുരം തിരിച്ചിറങ്ങുമ്പോള്‍ കണ്ട കാഴ്ച്ചകളെ മനസും ക്യാമറയും വീണ്ടും വീണ്ടും കാട്ടിത്തന്നു. നിന്റെ സ്വര്‍ഗത്തില്‍ നീ എവിടെയൊക്കെ പോയി എന്ന് പടച്ചോന്‍ ചോദിക്കുമ്പോള്‍ കാട്ടിക്കൊടുക്കാന്‍ മനസ്സില്‍ ചില്ലിട്ട് സൂക്ഷിച്ചിട്ടുണ്ട്, മൂന്നാറിന്റെ മാറിലൂടെയുള്ള കൊളുക്കുമലയുടെ കാഴ്ചകൾ..

DONT MISS
Top