മിസ് ജപ്പാന്‍ പട്ടം നേടിയ ഇന്ത്യന്‍ വംശജക്ക് നേരെ വംശീയ അധിക്ഷേപം

BEAUTY 2

പ്രിയങ്ക യോഷിക്കോവ

ടോക്കിയോ: ഇത്തവണ മിസ് ജപ്പാന്‍ പട്ടം നേടിയ പ്രിയങ്ക യോഷിക്കോവ എന്ന ഇരുപത്തിരണ്ടുകാരിക്ക് നേരെ വംശീയാധിക്ഷേപം ശക്തമാകുന്നു. പ്രിയങ്കയുടെ അച്ഛന്‍ ഇന്ത്യന്‍ വംശജനും അമ്മ ജാപ്പനീസ് വംശജയുമാണ്. ജനനം ജപ്പാനിലായതു കൊണ്ടു മാത്രം പ്രിയങ്ക ജാപ്പനീസ് വംശജയാവില്ലെന്നും ഇത്തരം മത്സരങ്ങളില്‍ ജാപ്പനീസ് വംശജര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രിയങ്കക്കെതിരെ ഉയരുന്ന പ്രധാന ആക്ഷേപം.

കറുത്ത വര്‍ഗക്കാരിയായ അരിയാന മിയോമോട്ടോ കഴിഞ്ഞ വര്‍ഷം ജപ്പാനെ പ്രതിനിധീകരിച്ച് സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തപ്പോഴും മിസ് ജപ്പാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതേത്തുടര്‍ന്ന് അവര്‍ക്ക് നേരെ വംശീയ ആക്രമണം ഉണ്ടാവുകയും ചെയ്തിരുന്നു. പൂര്‍ണമായും ജാപ്പനീസ് വംശജര്‍ മാത്രമേ മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടാവൂയെന്നും മറ്റുള്ളവര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹരല്ലെന്നുമാണ് ഇവിടത്തുകാരുടെ പ്രധാന വിമര്‍ശനം.

അതേസമയം മുന്‍ മിസ് ജപ്പാനായിരുന്ന അരിയാന തനിക്ക് എല്ലാ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും മിശ്രവംശജരായ നിരവധി സ്ത്രീകള്‍ മിസ് ജപ്പാന്‍ പട്ടം സ്വന്തമാക്കിയ വാര്‍ത്തകള്‍ തനിക്ക് ധൈര്യം നല്‍കിയിരുന്നുവെന്നും പ്രിയങ്ക പറയുന്നു. അച്ഛന്‍ ഇന്ത്യാക്കാരനായതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ അതുകൊണ്ട് ഞാന്‍ ജാപ്പനീസ് ആകുന്നില്ല എന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കുന്നു. മിസ് ജപ്പാന്‍ പട്ടം നേടിയ പ്രിയങ്ക യോഷിക്കോവ ഒരു ആന പരിശീലക കൂടിയാണ്.

DONT MISS
Top