സന്ദീപാനന്ദഗിരി ചൊല്ലുന്ന ധ്യാനശ്ലോകം തെറ്റെന്ന് രാഹുല്‍ ഈശ്വര്‍, രാഹുലിന്റേതാണ് തെറ്റെന്ന് സന്ദീപാനന്ദഗിരി; ശ്ലോകത്തില്‍ തമ്മിലടിച്ച് എഡിറ്റേഴ്‌സ് അവര്‍

rahul-easwar

കൊച്ചി: ശബരിമലയിലെ ധ്യാനശ്ലോകത്തെച്ചൊല്ലി തര്‍ക്കം. സന്ദീപാനന്ദഗിരി ആവര്‍ത്തിച്ച് പറയുന്ന ധ്യാനശ്ലോകം തെറ്റാണെന്നായിരുന്നു തന്ത്രികുടുംബാംഗമായ രാഹുല്‍ ഈശ്വറിന്റെ വാദം. എന്നാല്‍ രാഹുല്‍ ഈശ്വറിനെ പ്രതിരോധിച്ച് സന്ദീപാനന്ദഗിരിയും രംഗത്തെത്തിയതോടെ ചര്‍ച്ചക്ക് ചൂടേറി. റിപ്പോര്‍ട്ടറിന്റെ എഡിറ്റേഴ്‌സ് അവറിലായിരുന്നു ഇരുവരുടെയും വാദപ്രതിവാദങ്ങള്‍.

ധ്യാനശ്ലോകമെന്ന അവകാശവുമായി രാഹുല്‍ ഈശ്വര്‍ ഒരു ശ്ലോകം ചര്‍ച്ചയില്‍ അവതരിപ്പിച്ചതോടെ ഇതല്ല ശ്ലോകമെന്ന് സന്ദീപാനന്ദഗിരി വാദിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സന്ദീപാനന്ദഗിരി എന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. പിന്നീട് ഇത് വെല്ലുവിളിക്കുന്ന നിലയിലേക്കും ചര്‍ച്ച വഴിമാറി. താന്‍ പറയുന്നത് കള്ളമാണെങ്കില്‍ സന്ദീപാനന്ദഗിരിയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ തയാറാണെന്നായിരുന്നു രാഹുലിന്റെ വാദം. പക്ഷേ സന്ദീപാനന്ദഗിരി പറയുന്നത് കള്ളമാണെന്ന് തെളിഞ്ഞാല്‍ കാഷായം ഊരി വക്കാന്‍ കഴിയുമോ എന്നും രാഹുല്‍ ചോദിച്ചു.

വാക്കേറ്റം പരിധി വിട്ടപ്പോള്‍ അവതാരകനായ അഭിലാഷ് ഇടപെടുകയായിരുന്നു. പൊതുമണ്ഡലത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമെന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമല്ല ഇതെന്നും പറഞ്ഞ് ആ വിവാദം അവസാനിപ്പിക്കുകയായിരുന്നു. എന്തായാലും ആരാണ് കള്ളം പറയുന്നതെന്നും എന്താണ് യഥാര്‍ത്ഥ ധ്യാനശ്ലോകമെന്നും വരും ദിവസങ്ങളില്‍ ജനം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പായി.

DONT MISS