ആപ്പിളിന്റെ ഐഒഎസിനെ ‘വിശ്വസിക്കാന്‍’ കൊള്ളില്ല- പുതിയ പഠനം

iphone

ആപ്പിള്‍ ഐഫോണുകളെ ‘ വിശ്വസിക്കാന്‍’ കൊള്ളില്ലെന്ന് പുതിയ പഠനങ്ങള്‍. ആന്‍ഡ്രോയ്ഡ് സംവിധാനങ്ങളെ അപേക്ഷിച്ച് ഐഫോണിന്റെയും ഐപാഡിന്റെയും പ്രവര്‍ത്തന നിലവാരം കുറയുന്നതായാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ആഗോള ഡാറ്റാ സുരക്ഷ ഏജന്‍സിയായ ബ്ലാങ്കോ ടെക്‌നോളജി ഗ്രൂപ്പിന്റെ പഠനങ്ങള്‍ പ്രകാരം, ആപ്പിളിന്റെ ഐഒഎസ് സംവിധാനങ്ങളില്‍ 58 ശതമാനമാണ് പരാജയ തോത് രേഖപ്പെടുത്തിയത്. എന്നാല്‍, ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇത് 35 ശതമാനം മാത്രമാണ്. ഇതാദ്യമായാണ്, ഐഫോണുകളുടെ പ്രവര്‍ത്തന നിലവാരം ആന്‍ഡ്രോയ്ഡിന് പിന്നിലാകുന്നത്.

ഐഫോണ്‍ ശ്രേണിയില്‍ ഐഫോണ്‍ 6 നാണ് ഉയര്‍ന്ന നിലവാര തകര്‍ച്ച നേരിട്ടത്. 29 ശതമാനമാണ് ഐഫോണ്‍ 6ന്റെ പരാജയ തോത്. ഐഫോണ്‍ 6 ന് പിന്നാലെ, 6s ഉം 6s Plus ഉം നിലകൊള്ളുന്നുണ്ട്. ഓപ്പറേറ്റിങ്ങ് സിസ്റ്റം, നിര്‍മ്മാണം, മോഡല്‍, പ്രവിശ്യ എന്നിങ്ങനെയുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

nexus

2016 ന്റെ ആദ്യ ഘട്ടത്തില്‍, 44 ശതമാനമായിരുന്നു ആന്‍ഡ്രോയ്ഡുകളുടെ പരാജയ തോത്. ആന്‍ഡോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കിടയില്‍ സാംസങ്ങ്, ലെനൊവോ, ലെടിവി എന്നീ ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ് നിലവാര തകര്‍ച്ചയും ഉയര്‍ന്ന പരാജയ തോതും രേഖപ്പെടുത്തിയത്. സാംസങ്ങ് 26 ശതമാനം തകര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മോട്ടോറോളയുടെ തകര്‍ച്ച 11 ശതമാനം മാത്രമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

ആന്‍ഡ്രോയ്ഡുമായി താരതമ്യം ചെയുമ്പോള്‍, നോര്‍ത്ത് അമേരിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങളിലാണ് ഐഫോണിന്റെ പരാജയ തോത് കൂടുതല്‍ രേഖപ്പെടുത്തിയത്. നെറ്റ്‌വര്‍ക്ക് നഷ്ടമാകുന്നതും, കുറഞ്ഞ വേഗതയും, പാസ്‌വേഡുകള്‍ ആവര്‍ത്തിക്കേണ്ടി വരുന്നതുമെല്ലാം ഐഫോണിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയ്ഡിലേക്ക് വരുമ്പോള്‍, ക്യാമറുയും, ബാറ്ററിയും, ടച്ച്‌സ്‌ക്രീനും, ആപ്പുകളുമെല്ലാം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

DONT MISS
Top