വരും മാസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പം കുറയും- രഘുറാം രാജന്‍

Raghuram-Rajan

മുംബൈ: വരും മാസങ്ങളില്‍ രാജ്യത്ത് പണപ്പെരുപ്പം കുറയുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ജൂലായ് മാസത്തില്‍ പണപ്പെരുപ്പം 6 ശതമാനം കടന്നെങ്കിലും വരും മാസങ്ങളില്‍ പണപ്പരുപ്പം കുറയുമെന്ന് രഘുറാം രാജന്‍ വ്യക്തമാക്കി.

പണപ്പെരുപ്പത്തെ നിയന്ത്രിക്കാനും, സ്ഥിരത കൈവരിക്കാനും ഉള്ള രൂപരേഖ ആവിഷ്‌ക്കരിച്ചതിനാല്‍ വരും മാസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് കുറയുമെന്ന് രഘുറാം രാജന്‍ പറഞ്ഞു. ജൂലായില്‍ പണപ്പെരുപ്പം 6.07 ശതമാനം എന്ന ഉയര്‍ന്ന തോത് രേഖപ്പെടുത്തിയെങ്കിലും വരും മാസങ്ങളില്‍ പണപ്പെരുപ്പം കുറയുമെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി രഘുറാം രാജന്‍ കൂട്ടിചേര്‍ത്തു. ഫോറിന്‍ എക്‌സ്ചേഞ്ച് ഡീലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ( Foreign Exchange Dealers Association of India ) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഘുറാം രാജന്‍.

പ്രതീക്ഷിച്ചതിലും വേഗതയിലായിരുന്നു ജൂലായ് മാസത്തില്‍ ഉപഭോക്തൃ വില സൂചനകളെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നത്. ജൂണ്‍ മാസത്തില്‍ 5.77 ശതമാനമായി നിലനിന്നിരുന്ന പണപ്പെരുപ്പം ജൂലായ് മാസത്തില്‍ 6.07 ശതമാനമായി ഉയരുകയായിരുന്നു. ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയര്‍ന്നതാണ് പണപ്പെരുപ്പം ഉയരാന്‍ കാരണമായത്. പണപ്പെരുപ്പം കാരണം ഓഗസ്റ്റ് മാസത്തിലെ നയ പരിശോധനയില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായിരുന്നില്ല.

പണപ്പരുപ്പത്തിന്റെ സ്ഥിരത ഉറപ്പ് വരുത്താന്‍ നാണ്യ നയ കമ്മിറ്റിയുടെ തീരുമാനങ്ങള്‍ നിര്‍ണ്ണായകമാണെന്ന് വ്യക്തമാക്കിയ രഘുറാം രാജന്‍, വരുന്ന അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ സാമ്പത്തിക മേഖല ആഗോള തലത്തില്‍ ശ്രദ്ധ നേടുമെന്നും സൂചിപ്പിച്ചു. വരുന്ന സെപ്റ്റംബര്‍ 4 നാണ് രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് വിരമിക്കുന്നത്. രഘുറാം രാജന് പിന്‍ഗാമിയായി ഉര്‍ജിത് പട്ടേലിനെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top