ചത്തപശുവിനെ മറവുചെയ്യാന്‍ വിസമ്മതിച്ച ദലിത് യുവാക്കളെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചു

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ഗുജറാത്ത്: പശുവിന്റെ പേരില്‍ ദലിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല. പശുവിനെ കശാപ്പുചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി ദലിതരെ ആക്രമിച്ചിരുന്ന ഗോ സംരക്ഷകര്‍ ചത്തപശുവിനെ മറവുചെയ്യാത്തതിന്റെ പേരില്‍ ദലിത് യുവാക്കളെ മര്‍ദ്ദിച്ചു. ഗുജറാത്തിലെ സൗരാഷ്ട്രയിലാണ് സംഭവം.

മന്‍ഡാല്‍ വില്ലേജിലെ നാഗ്ജി റാത്തോഡ്, മായാഭായ് റാത്തോഡ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഏഴ് പേരടങ്ങുന്ന ഗോസംരക്ഷക പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. ചത്തപശുവിനെ മറവ് ചെയ്യണമെന്ന ഇവരുടെ ആവശ്യം നിരസിച്ച ദലിത് യുവാക്കള്‍ ആ ജോലി തങ്ങള്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞു. ഇതില്‍ പ്രകോപിതരായ സംഘം ഇരുവരേയും ആക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് നേതൃത്വം നല്‍കിയ അതാഭായ് അഹിര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ദലിതര്‍ക്കെതിരായ ഗോസംരക്ഷണ പ്രവര്‍ത്തകരുടെ അക്രകമത്തില്‍ പ്രതിഷേധിച്ച് ചത്ത പശുക്കളെ മറവ് ചെയ്യുന്ന ജോലി ഉപേക്ഷിക്കുന്നതായി അടുത്തിടെ ദലിത് വിഭാഗം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്വാതന്ത്ര്യദിനത്തില്‍ ഇവര്‍ ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഗുജറാത്തിലെ ഉനയില്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞ ദലിത് യുവാക്കളെ കാറില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത് വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു.

DONT MISS
Top