ഏക് വെള്ളി മെഡല്‍ കീ കീമത്, തും ക്യാ ജാനൂം?

MEDAL

സാക്ഷി മാലിക്, പിവി സിന്ധു എന്നീ രണ്ട് മിടുക്കി പെണ്ണുങ്ങളുടെ ബലത്തില്‍, ഇതുവരെ ‘നാണക്കേട്’ മൂലം തല കുനിച്ചിരുന്ന ദേശാഭിമാനികള്‍ പതുക്കെ പുറത്ത് വരാന്‍ തുടങ്ങിയിട്ടുണ്ട്. ഭൂപടത്തിലെ രാഷ്ട്രീയവൈരുദ്ധ്യങ്ങള്‍ മറന്നുകൊണ്ട് ലോകം ഒരൊറ്റ ഗ്രാമമാകുന്ന സുന്ദരസ്വപ്നത്തെ പ്രതിനിധാനം ചെയ്യുന്ന ഒളിമ്പിക്‌സിന്റെ മെഡലുകളില്‍ ഈ രാജ്യാഭിമാനത്തെ കൂട്ടിക്കെട്ടുന്നതില്‍ തുടങ്ങുന്നു നമ്മുടെ പിഴവുകള്‍.

120 കോടി മനുഷ്യരുണ്ടായിട്ടും 10 മെഡല്‍ തികച്ചെടുക്കാന്‍ ഒരൊളിമ്പിക്‌സിലും കഴിഞ്ഞിട്ടില്ല എന്നതാണല്ലോ പതിവായി കേള്‍ക്കുന്ന ഒരാക്ഷേപം. ഈ തരം താരതമ്യങ്ങളാണു നമ്മുടെ പ്രധാന പോരായ്മയും.

ആ കണക്ക് തന്നെ നോക്കാം

ലോകത്തിലെ ഏറ്റവും അധികം ജനസംഖ്യയുള്ള പത്ത് രാജ്യങ്ങളെടുത്താല്‍ അതില്‍ മൂന്ന് രാജ്യങ്ങള്‍ ഇപ്പോഴും റിയോ 2016ന്റെ മെഡല്‍ പട്ടികയില്‍ സംപൂജ്യരായി നില്‍ക്കുകയാണ്. ഭൂരിപക്ഷം കുറഞ്ഞ രാജ്യങ്ങളില്‍ പലതും ഒരുപാട് മുമ്പിലുമുണ്ട്. ഇനിയിപ്പോ മെഡലുകളുടെ എണ്ണത്തെ ജനസംഖ്യയുമായി ബന്ധിപ്പിച്ചാലോ? http://www.medalspercapita.com/ എന്ന വെബ്‌സൈറ്റില്‍ ആളോഹരി മെഡല്‍ കണക്ക് പ്രകാരമുള്ള റാങ്കിങ്ങ് കൊടുത്തിട്ടുണ്ട്. അത്പ്രകാരം ചൈനക്ക് 75, ഇന്ത്യക്ക് 85 ( ആഗസ്റ്റ് 21 വൈകുന്നേരം 6 മണി വരെയുള്ള കണക്ക്) അത്ര മോശമല്ല എന്ന് തോന്നാം, അല്ലേ? ജനസംഖ്യ കൂടുതലായതിനാല്‍ മെഡലും കൂടുതലാകണം എന്നില്ല എന്ന് സൂചിപ്പിച്ചെന്ന് മാത്രം.

MAP

പോപ്പുലേഷന്‍/ മെഡല്‍

പക്ഷേ നമ്മളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട മറ്റൊരു കണക്കുണ്ട്. സ്‌പോര്‍ട്ട്‌സ് ക്വോട്ടാ എന്ന ലേബലില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ ഓഫീസുകള്‍/സ്ഥാപനങ്ങള്‍, സര്‍വ്വീസസ്, മറ്റ് പൊതുമേഖലാ/സ്വകാര്യ സംരഭങ്ങള്‍ എന്നിവയിലെല്ലാം കൂടി ജോലി ചെയ്യുന്നവരുടെ എണ്ണവുമായി നമ്മുടെ മെഡലുകളെ തട്ടിച്ചുനോക്കുമ്പോള്‍ ചെറുതായെങ്കിലും ഒന്ന് അന്തംവിടാനുള്ള അവകാശവും ചുമതലയും നമുക്കുണ്ട്. ആവതുള്ളവരും ഇല്ലാത്തവരുമായ എല്ലാവരും ചേര്‍ന്നതാണു മൊത്തം ജനസംഖ്യയെങ്കില്‍, കായികരംഗത്തെ ഒരു പ്രൊഫഷണായി സമീപിച്ചവരാണല്ലോ രണ്ടാമത് പറഞ്ഞ വിഭാഗം.

ഇന്ത്യയിലെ ആ വിഭാഗത്തിന്റെ വലുപ്പം എന്നത് ഒളിമ്പിക്‌സ് മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് മുന്നില്‍ നില്‍ക്കുന്ന ചില രാജ്യങ്ങടെയൊക്കെ മൊത്തം ജനസംഖ്യയേക്കാള്‍ അധികം വരുമെന്നത് കൗതുകകരം മാത്രമല്ല, നമ്മുടെ കായികരംഗത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കുന്നതുമാണ്.

olympics-men

ഓരോ ഒളിമ്പിക്‌സ് കഴിയുമ്പോഴും ‘എന്ത്‌കൊണ്ട് നമ്മള്‍ തോറ്റു?’ എന്ന ചര്‍ച്ചകള്‍ വളരെ കാര്യമായി നടക്കാറുണ്ട്. പതിവുപോലെ സര്‍ക്കാരിന്റെ കഴിവുകേട്, സംഘാടകരുടെ അഴിമതി, താരങ്ങളുടെ കുറഞ്ഞ കായികക്ഷമത എന്നിങ്ങനെ കുറേ ന്യായങ്ങളും എല്ലാവരുംകൂടി ചേര്‍ന്ന് കണ്ടുപിടിക്കും. പിന്നെ നാല് കൊല്ലം കഴിഞ്ഞേ ഇതൊക്കെ വീണ്ടും പുറത്തെടുക്കൂ.

സ്‌കൂള്‍ പഠനകാലത്ത് വളരെക്കുറച്ച് കാലം ഈ മേഖലയില്‍ പങ്കെടുക്കുകയും, എന്നാല്‍ വളരെക്കാലമായി നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ചില അഭിപ്രായങ്ങളാണ് ഈ കുറിപ്പ്.

1. ലക്ഷ്യം + ബോധം

ലക്ഷ്യബോധം എന്നത് വളരെ ഉപരിപ്ലവമായി പറഞ്ഞ്‌പോകാവുന്ന ഒരു പദമാണ്. കൃത്യമായ നിര്‍വ്വചനങ്ങളില്ലാതെ സന്ദര്‍ഭത്തിനനുസരിച്ച് വളച്ചും പുളച്ചുമൊക്കെ ആ പദം ഉപയോഗിക്കാം. ഇന്ത്യന്‍ കായിക രംഗത്ത് ഇന്ന് കാണുന്ന മോശം പ്രവണതകള്‍ക്ക് പലതിനും പുറകിലുള്ള പ്രധാന കാരണവും ഇതു തന്നെ. ആധുനിക മാനേജ്‌മെന്റ് സങ്കേതങ്ങളെല്ലാം Quantified Goals എന്നത് അവ നേടാനുള്ള അടിസ്ഥാന ആവശ്യമായി പറയാറുണ്ട്.

olympics-women

ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ വനിതകള്‍

എന്താണു ലക്ഷ്യം എന്നത് സംശയത്തിനിടവിടാത്ത വിധം നിര്‍വ്വചിക്കാന്‍ സാധിച്ചാലേ, അത് നേടാന്‍ കഴിയൂ എന്ന് സാരം. ‘ രാജ്യത്തിനു വേണ്ടി ഒളിമ്പിക്‌സ് മെഡല്‍’ എന്ന് ചുമ്മാ പറയാതെ ഏത് ഒളിമ്പിക്‌സില്‍, ഏത് വിഭാഗത്തില്‍, എന്ത് പ്രകടനനിലവാരത്തില്‍ മെഡല്‍ നേടുമെന്ന് പറയുന്നവരെയേ കാര്യമായി എടുക്കേണ്ടതുള്ളൂ.

ലക്ഷ്യം കൃത്യമായാല്‍ പിന്നെ അത് എങ്ങനെ നേടുമെന്ന ബോധവുമുണ്ടാകും. 2020 ഒളിമ്പിക്‌സില്‍ മെഡല്‍ ലക്ഷ്യമിടുന്നയാള്‍ 2018 ഏഷ്യാഡില്‍ അതേ വിഭാഗത്തില്‍ മത്സരിക്കുക, മെഡല്‍ ലഭിച്ചില്ലെങ്കിലും ലോക നിലവാരത്തിലുള്ള ഒരു പ്രകടനം കാഴ്ച്ചവെക്കുക എന്നതൊക്കെ കോമണ്‍സെന്‍സാണല്ലോ. ഹൃസ്വകാലികവും ചുരുങ്ങിയതുമായ ലക്ഷ്യങ്ങളുമായി നടക്കുന്നവരെ അവരുടെ വഴിക്ക് വിടാനും ഈ സമീപനം സഹായിക്കും.

2. ആനുകൂല്യങ്ങള്‍

സര്‍ക്കാര്‍ സഹായിക്കുന്നില്ല, ആനുകൂല്യങ്ങളില്ല എന്നൊക്കെയുള്ള മാദ്ധ്യമവിചാരണകള്‍ പലപ്പോഴും നടക്കുമെങ്കിലും പൊതുഖജനാവില്‍ നിന്നും ഒരുപാടു പണമൊഴുകുന്ന മേഖലയാണു കായികരംഗം. പക്ഷേ അതിന്റെ ഫലങ്ങള്‍ പുറത്ത് കാണാറില്ല എന്ന് മാത്രം. പക്ഷേ അങ്ങനെ നഷ്ടമാകുന്ന ആനുകൂല്യങ്ങളുടെ വീതം ഈ മേഖലയില്‍ മെഴുകുന്ന കായികതാരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും അനുഭവിക്കുന്നുണ്ട് എന്നതാണു സത്യം.

മുമ്പ് സൂചിപ്പിച്ചത് പോലെ, സ്‌പോര്‍ട്ട്‌സ് ക്വോട്ടാ എന്ന പേരില്‍ സര്‍ക്കാര്‍ ജോലി സംഘടിപ്പിച്ച എത്ര പേര്‍ക്ക് അതിനുശേഷം ആ മേഖലയില്‍ കനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണു കൃത്യമായി പരിശോധിക്കേണ്ടത്. സ്‌പോര്‍ട്ട്‌സ് ക്വോട്ടായില്‍ പ്രവേശനം ലഭിക്കാന്‍ ആവശ്യമായ മിനിമം യോഗ്യത പല ഇനങ്ങളിലും, ദേശീയ ചാമ്പ്യന്‍ഷിപ്പിലെ പങ്കാളിത്തമാണു. കുത്തഴിഞ്ഞ അസോസിയേഷനുകളിലെ പൊടിക്കൈകള്‍ വഴി അതൊരണ്ണം സംഘടിപ്പിച്ചാല്‍ സ്ഥിരതയുള്ള ജോലി. ഇവിടെത്തീരുന്നു ഭൂരിഭാഗത്തിന്റെയും കായിക സ്വപ്നങ്ങള്‍.

കായികം പാര്‍ട്ട്‌ടൈം ജോലിയാക്കുന്ന ഈ ക്വോട്ടാജോലി സമ്പ്രദായം നിര്‍ത്തലാക്കണം. കലാലയങ്ങളിലെ കായിക്‌ക്വോട്ടാ വര്‍ദ്ധിപ്പിക്കുകയും ചെയ്യണം. കളിസ്ഥലത്ത് കൂടുതല്‍ സമയം ചിലവഴിക്കാന്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കാന്‍ അത് ധാരാളം മതി. ഒരു പ്രൊഫഷനായി അത് സ്വീകരിക്കാന്‍ മനസ്സും കഴിവും ഉള്ളവരെ അതില്‍ നിന്നും തിരഞ്ഞെടുത്ത് കായിക പ്രൊഫഷണലുകളായി നിലനിര്‍ത്താനും സാധിക്കും. അല്ലാതെ റെയില്‍ വേയില്‍ ടിക്കറ്റ് പരിശോധിക്കാന്‍ ഇത്രേം കായികതാരങ്ങളെ നമുക്ക് വേണോ?

3) പ്രൊഫഷണല്‍ കായിക ഭരണം

സര്‍ക്കാര്‍ ജോലി, വിദേശ യാത്രകള്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ പറ്റാന്‍ അനര്‍ഹരും തിരക്കു കൂട്ടുമ്പോള്‍ സ്വാഭാവികമായും അഴിമതി കടന്നു വരും. യാതൊരു വിധ അക്കൗണ്ടിബിളിറ്റിയോ പെര്‍ഫോര്‍മ്മന്‍സ് ഓഡിറ്റോ ഇല്ലാതെ ടീമുകളില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റലും പണം ചിലവഴിക്കലുമൊക്കെയായി നടക്കുന്ന അസോസിയേഷന്‍ ഭാരവാഹികളില്‍ പലരും അത് സ്വന്തം കുടുംബസ്വത്ത് പോലെ കാലാകാലങ്ങളില്‍ അനുഭവിക്കുന്നവരാണു. അതും, പ്രസ്തുത സ്‌പോര്‍ട്ട്‌സുമായി യാതൊരു ബന്ധവുമില്ലാതെ.

ഒരുദാഹരണം പറയാം കേരള അമ്പെയ്ത്ത് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ആരായിരിക്കുമെന്ന് ഒന്നൂഹിച്ചേ. ഇനി ഉത്തരം ഒന്ന് തിരഞ്ഞ് പിടിച്ചേ. ഞെട്ടിയോ?

കല്ലുകളിക്കും ഓടിപ്പിടുത്തത്തിനുമെല്ലാം എന്ന പേരില്‍ നിലവിലുള്ള കാക്കത്തൊള്ളായിരം അസോസിയേഷനുകള്‍ പിരിച്ച് വിടുകയോ, അവയെല്ലാം കൂടി തികച്ചും പ്രൊഫഷണലായ ഒരു അമ്പ്രലാ ഭരണത്തിന്‍ കീഴില്‍ കൊണ്ടുവന്ന്, ഫലങ്ങള്‍ക്കനുസരിച്ച് ഫണ്ടുകളും മറ്റാനുകൂല്യങ്ങളും നല്‍കുകയും ചെയ്താല്‍, താപ്പാനകള്‍ മുഴുവന്‍ താനേ സ്ഥലം വിടും.

4) അടിസ്ഥാന സൗകര്യങ്ങള്‍

ഒളിമ്പിക്‌സില്‍ ഇന്നും ബാലാരിഷ്ടതക്കാരായ ഇന്ത്യ പോലെയൊരു രാജ്യത്തിന് എല്ലാ കളികളും കൂടി ഒരുമിച്ച് ശ്രദ്ധിക്കാന്‍ കഴിയില്ല. സ്ഥലം, പരിശീലകര്‍, പണം എന്നിവയുടെ ലഭ്യതയും കായികതാരങ്ങളുടെ നിലവിലെ നിലവാരവുമൊക്കെ പരിഗണിച്ച് രണ്ടോ മൂന്നോ ഇനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു നല്ല തുടക്കമായിരിക്കും.

ഒളിമ്പിക്‌സില്‍ കുറച്ച് മെഡലുകള്‍ നമ്മുടെ രാജ്യത്തിനു ലഭിക്കുന്നത് സന്തോഷമൊക്കെത്തന്നെ. പക്ഷേ അതു കിട്ടിയില്ലാന്നോര്‍ത്ത് ഉറക്കം കളയേണ്ട കാര്യമൊന്നുമില്ല. നമ്മളില്‍ മികച്ചത് മത്സരിക്കാന്‍ പോയിട്ട് പരാജയപ്പെട്ടാല്‍ അത് അവരുടേ കുഴപ്പമല്ല.

അവസാനമായി, ഒരു സമൂഹമെന്ന നിലയില്‍ കായികരംഗത്തോടുള്ള നമ്മുടെ സമീപനവും മാറേണ്ടതുണ്ട്. ‘കളിച്ച് സമയം കളയാതെ ഇരുന്ന് പഠിക്കടാ/ടീ ‘എന്ന ഡയലോഗ് മുതല്‍, അന്താരാഷ്ട്രതലത്തില്‍ മുമ്പേ ശ്രദ്ധേയയായ പിവി സിന്ധുവിനെക്കുറിച്ച് ഇപ്പോള്‍ മാത്രം സംസാരിക്കുന്നു എന്നതില്‍ വരെ, നമ്മുടെ ഇരട്ടത്താപ്പ് ഒളിച്ചിരിക്കുന്നു. ചൈനയിലൊക്കെ ഉണ്ടെന്ന് പറയപ്പെടുന്ന മൂന്ന് വയസ്സു മുതലുള്ള ക്യാമ്പ് പരിശീലനം വേണമെന്നല്ല. പക്ഷേ ‘പന്തും കമ്പും കോലുമായി ‘ നടക്കുന്നവരൊക്കെ ഉഴപ്പന്മാര്‍ എന്ന ആ മുന്‍ വിധി ഒഴിവാക്കിയാല്‍ മതി.

DONT MISS
Top