രഘുറാം രാജന്‍ പടിയിറങ്ങുന്നു; ഉര്‍ജിത് പട്ടേല്‍ പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

urjith-patel

ഉര്‍ജിത് പട്ടേല്‍

ദില്ലി: സ്ഥാനമൊഴിയുന്ന രഘുറാം രാജന് പകരം പുതിയ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേലിനെ നിയമിച്ചു. പ്രമുഖ സാമ്പത്തികകാര്യ വിദഗ്ധനും ഉപദേശകനുമായ ഉര്‍ജിത് പട്ടേല്‍ നിലവില്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറാണ്. ക്യാബിനറ്റ് സെക്രട്ടറി ചുമതല വഹിക്കുന്ന ഫിനാന്‍ഷ്യല്‍ സെക്ടര്‍ റെഗുലേറ്ററി അപ്പോയ്ന്‍മെന്റ് സേര്‍ച്ച് കമ്മിറ്റിയാണ് ഉര്‍ജിത് പട്ടേലിന്റെ പേര് ശുപാര്‍ശ ചെയ്തത്. കമ്മിറ്റി ശുപാര്‍ശ ചെയ്ത പേരുകള്‍ ക്യാബിനറ്റിന്റെ അപ്പോയ്ന്റ്‌മെന്റ് കമ്മിറ്റിയില്‍ സമര്‍പ്പിച്ചിരുന്നു.സെപ്റ്റംബര്‍ നാല് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് ഉര്‍ജിത് പട്ടേലിന്റെ നിയമനം. റിസര്‍വ്വ് ബാങ്കിന്റെ ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് ഒരു ഡെപ്യൂട്ടി ഗവര്‍ണര്‍, ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നത്.

52 കാരനായ ഉര്‍ജിത് പട്ടേല്‍ രഘുറാം രാജന്റെ അടുത്ത സഹായിയായിട്ടാണ് അറിയപ്പെടുന്നത്. യേല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംഫിലും കരസ്ഥമാക്കിയ ഉര്‍ജിത് പട്ടേല്‍ ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ടില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പണപ്പെരുപ്പത്തിനെതിരെ രാജന്‍ നടത്തിയ നീക്കങ്ങളില്‍ ഉര്‍ജിദ് പട്ടേല്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നു. ഉര്‍ജിത് പട്ടേല്‍ അടങ്ങിയ പാനലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി ഉപഭോക്തൃ വില സൂചിക ആര്‍ബിഐ അംഗീകരിച്ചത്. സംയുക്ത നാണ്യനയ പരിശോധന കമ്മിറ്റിയുടെ പ്രവര്‍ത്തന ഘടന ആര്‍ബിഐയ്ക്ക് നിര്‍ദ്ദേശിച്ച പാനലിലെ പ്രധാനിയും ഉര്‍ജിത് പട്ടേലായിരുന്നു. ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിതിന്റെ കാലാവധി കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി വീണ്ടും അദ്ദേഹത്തെ നിയമിച്ചിരുന്നു.

rbi

സെന്‍ട്രല്‍ ബാങ്കില്‍ പ്രവര്‍ത്തന പരിചയമുള്ള ഉര്‍ജിത് പട്ടേല്‍ അധികാരമേല്‍ക്കുകയാണെങ്കില്‍ രഘുറാം രാജന്റെ നയങ്ങളില്‍ നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രഘുറാം രാജന്‍ സെപ്റ്റംബര്‍ നാലിന് സ്ഥാനമൊഴിയും.

DONT MISS
Top