സാക്ഷിയ്ക്ക് എയര്‍ ഇന്ത്യയുടെ കിടിലന്‍ സമ്മാനം

സാക്ഷി മാലിക്

സാക്ഷി മാലിക്

ദില്ലി: റിയോയിലെ മെഡല്‍ നേട്ടത്തിന് പിന്നാലെ സാക്ഷി മാലിക്കിന് വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം. റിയോ നേട്ടത്തിന് പിന്നാലെ, സാക്ഷി മാലിക്കിന് ആനുകൂല്യങ്ങളുമായി എയര്‍ ഇന്ത്യ അയച്ച കത്താണ് ഏറ്റവും ശ്രദ്ധേയം.

എയര്‍ ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ അശ്വനി ലോഹന്‍ സാക്ഷി മാലിക്കിന് അയച്ച കത്തിലാണ് അനൂകൂല്യങ്ങളെ കുറിച്ചുള്ള അറിയിപ്പ് നല്‍കുന്നത്. എയര്‍ ഇന്ത്യയുടെ വിമാന റൂട്ടുകളിലുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി കൊണ്ട്, രണ്ട് ബിസിനസ്സ് ക്ലാസ് ട്രിപ്പുകളാണ് എയര്‍ ഇന്ത്യ സാക്ഷി മാലിക്കിന് വാഗ്ദാനം ചെയുന്നത്. കൂടാതെ, യാത്രയില്‍ തനിക്കൊപ്പം ഒരാളെ കൂട്ടാനും ആനുകൂല്യത്തില്‍ എയര്‍ ഇന്ത്യ സാക്ഷി മാലിക്കിന് അനുവദിക്കുന്നുണ്ട്.

എയര് ഇന്ത്യയുടെ കത്ത്

എയര് ഇന്ത്യയുടെ കത്ത്

വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടമായിരുന്നതിനാലാണ് താന്‍ കായികതാരമാകാന്‍ ശ്രമിച്ചതെന്ന് സാക്ഷി മാലിക് വെങ്കല നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് ബുധനാഴ്ച പറഞ്ഞിരുന്നു. സാക്ഷി മാലിക്കിന്റെ വെങ്കല നേട്ടത്തില്‍ എയര്‍ ഇന്ത്യ അഭിമാനിക്കുന്നുവെന്നും സാക്ഷിയുടെ വിജയത്തിന് നല്‍കുന്ന ചെറിയ ഒരു ഉപഹാരമാണിത് എന്നും അശ്വനി ലോഹന്റെ കത്തില്‍ പറയുന്നു.
സാക്ഷി മാലിക്കിന് ആനുകൂല്യം ലഭിക്കണമെങ്കില്‍, ഒരു വര്‍ഷത്തിനുള്ളില്‍ കത്തിന്റെ കോപ്പിയുമായി സഫ്ദര്‍ഗഞ്ചിലെ എയര്‍ ഇന്ത്യ റിസര്‍വേഷന്‍ മാനേജരെ സമീപിക്കേണ്ടതാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

നേരത്തെ, മെഡല്‍ നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ റെയില്‍വേ 60 ലക്ഷം രൂപയും, ഹരിയാന ഗവണ്‍മെന്റ് 2.5 കോടി രൂപയും സാക്ഷി മാലിക്കിന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യന്‍ റെയില്‍വേ യില്‍ ഗസറ്റഡ് റാങ്ക് പദവിയും സാക്ഷി മാലിക്കിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

DONT MISS
Top