കരയാതെ കരയിച്ച് ഒംറാന്‍: വാര്‍ത്താ വായനക്കിടെ സിഎന്‍എന്‍ അവതാരകയും ലോകത്തോടൊപ്പം കണ്ണീരണിഞ്ഞു

omran

ദമാസകസ്: സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയും ദൈന്യതയും വെളിവാക്കി പുറത്തു വന്ന ഒംറാന്‍ ദാനിഷ് എന്ന ബാലന്റെ ചിത്രമാണ് ലോകത്തിന്റെ വേദനയാകുന്നത്. സിറിയയിലെ രക്തരൂക്ഷിത പോരാട്ടത്തിന്റെ കരളലിയിപ്പിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനിടെ സിഎന്‍എന്‍ വാര്‍ത്താ അവതാരകയും കണ്ണീര്‍ പൊഴിച്ചു. ലൈവ് വാര്‍ത്താ അവതരണത്തിനിടെയാണ് കൈറ്റ് ബൊലൂദാന്‍ കരഞ്ഞത്.

ബോംബേറില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്നാണ് ഒംറാനെ സന്നദ്ധ പ്രവര്‍ത്തകര്‍ മോചിപ്പിച്ചതെന്ന് വിവരിക്കുന്ന കൈറ്റ് കരച്ചിലിലേക്ക് വഴുതി വീഴുകയായിരുന്നു. ശരീരമാസകലം പൊടിപിടിച്ചും നെറ്റിയില്‍ നിന്ന് രക്തം ഒലിച്ചിറങ്ങുന്ന നിലയിലും കണ്ടെടുത്ത ഒംറാനെ കുറിച്ച് വിവരിക്കുമ്പോള്‍ കൈറ്റിന്റെ വാക്കുകള്‍ ഇടറി. കൈ കൊണ്ട് വായ പൊത്തിപ്പിടിച്ചും കരച്ചില്‍ അടക്കാന്‍ പണിപ്പെട്ടുമാണ് അവതാരക റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത്. ചില വാര്‍ത്താ അവതരണങ്ങള്‍ക്ക് വാക്കുകളേക്കാള്‍ ഫലപ്രദം വൈകാരികപ്രകടനമാണെന്ന് തെളിയിക്കുന്നതായിരുന്നു കൈറ്റിന്റെ വാര്‍ത്താ അവതരണമെന്നാണ് ഒരാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. സിറിയന്‍ ബാലന്റെ ചിത്രം കണ്ട് കരഞ്ഞ കൈറ്റിന്റെ വാര്‍ത്താ അവതരണം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അലേപ്പോയില്‍ ബോംബാക്രമണത്തില്‍ പ്രിയപ്പെട്ടവരേയും വീടും നഷ്ടപ്പെട്ട കുട്ടിയെ കണ്ടെത്തി ആംബുലന്‍സില്‍ ഇരുത്തിപ്പോഴും കുട്ടി കരയുന്നുണ്ടായിരുന്നില്ല. ക്യാമറ കണ്ണുകള്‍ രംഗം ഒപ്പിയെടുക്കുമ്പോഴും ആ കൊച്ചുകുട്ടി ധീര പോരാളിയെ പോലെ നോക്കുകയായിരുന്നു. ഒരു പാവക്കുട്ടിയെ പോലെയാണ് ഒംറാന്‍ ഇരുന്നതെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

സിറിയയില്‍ വിമതര്‍ക്ക് സ്വാധീനമുളള അലപ്പോയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. റഷ്യയുടെ സഹായത്തോടെയാണ് സിറിയന്‍ ഭരണകൂടമാണ് പോരാട്ടം നടത്തുന്നത്. റഷ്യന്‍ ബോംബാക്രമണത്തിലാണ് ഈ കുട്ടിയടക്കമുള്ളവരെ ദുരിതത്തിലാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒംറാനെ പ്പോലെനിരവധി കുട്ടികളെയാണ് ഇത്തരത്തില്‍ രക്ഷിച്ചത്. ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ട 2011 മുതല്‍ 290,000 പേരാണ് ഇതുവരെ സിറിയയില്‍ കൊല്ലപ്പെട്ടത്.

DONT MISS