ഇന്ത്യയില്‍ നിന്ന് ആയിരം മൈല്‍ യാത്ര ചെയ്ത് ബംഗ്ലാദേശിലെത്തിയ ആന തളര്‍ന്ന് അവശനായി ചെരിഞ്ഞു

elephent

ധാക്ക: അസമില്‍ നിന്നും ബംഗ്ലാദേശിലേക്ക് ആയിരം മൈലുകളോളം സഞ്ചരിച്ച ആന തളര്‍ന്ന് അവശനായി ചെരിഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൂട്ടം തെറ്റിയ ആന 1700 കിലോമീറ്ററോളം സഞ്ചരിച്ചാണ് ബംഗ്ലാദേശിലെത്തിയത്. ഒഴുക്കില്‍പെട്ട ആനയെ രക്ഷിക്കാന്‍ വേണ്ടി പ്രദേശവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രണ്ട് തവണ കയറുകൊണ്ട് ബന്ധിച്ചെങ്കിലും ഫലം കണ്ടില്ല.

ആന ഒഴുകിപ്പോകുമോ എന്ന ആശങ്കയില്‍ നാട്ടുകാര്‍ ഇതിനെ ഒരു നെല്‍പാടത്ത് ബന്ധിക്കുകയായിരുന്നു. ആനയെ സഫാരി പാര്‍ക്കിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ചെരിഞ്ഞത്. കയറുപയോഗിച്ച് ബന്ധിക്കാന്‍ ശ്രമിച്ചതാണ് ആനയുടെ ജീവനെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ യാത്ര ചെയ്ത് അവശനിലയിലായതാണ് ആന ചെരിയാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ആന കൂട്ടംതെറ്റിയത്. രാവിലെ ഏഴ് മണിയോടെ ആന അവസാനശ്വാസം എടുത്തതായും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

DONT MISS
Top