‘ദേശീയഗാനം ഇസ്ലാം വിരുദ്ധം’; സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതിന് വിലക്ക്;യുപിയില്‍ സ്കൂള്‍ മാനേജരെ അറസ്റ്റ് ചെയ്തു

MA-CONVENT

എം എ കോണ്‍വെന്റ് സ്കൂള്‍

അലഹബാദ്: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ സ്‌കൂളിന്റെ നടപടി വിവാദത്തില്‍. അലഹബാദിലെ എംഎ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം.

ദേശീയഗാനം ആലപിക്കുന്നത് ഇസ്ലാം വിരുദ്ധമാണ് എന്ന് മാനേജര്‍ നിലപാടെടുക്കുകയും സ്വാതന്ത്ര്യ ദിനത്തില്‍ ആലപിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഏഴ് അധ്യാപകര്‍ സ്‌കൂളില്‍ നിന്നും രാജിവെച്ചു. പരാതിയെ തുടര്‍ന്ന് മാനേജര്‍ സിയ ഉള്‍ ഹഖിനെ അറസ്റ്റ് ചെയ്തു.

ദേശീയതയെ അവഹേളിച്ചുവെന്ന പരാതിയിന്മേലാണ് മാനേജരെ അറസ്റ്റ് ചെയ്തത്. അനധികൃതമായാണ് സ്‌കൂള്‍ നടത്തുന്നതെന്നും ഹഖിനെതിരെ പരാതി ഉയര്‍ന്നിരുന്നു. സ്‌കൂളില്‍ 12 വര്‍ഷത്തിലേറെയായി സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയഗാനം ആലപിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയഗാനം ആലപിക്കുന്നത് സ്വീകാര്യമായിരിക്കില്ലെന്നാണ് ഹഖിന്റെ വാദം. ദേശീയഗാനത്തിലെ ഭാരത ഭാഗ്യ വിധാത എന്ന വരി ഇസ്ലാം വിരുദ്ധമാണ്. ഇന്ത്യയാണ് ജനങ്ങളുടെ രക്ഷകന്‍, ദൈവം എന്നാണ് വരിയുടെ അര്‍ത്ഥം. ഇത് ഇസ്ലാം വിരുദ്ധമാണ്. സര്‍വ്വശക്തനായ ഈശ്വരനാണ് എല്ലാവരുടെയും രക്ഷകന്‍. ഏതെങ്കിലും മതത്തിനെതിരാണ് ദേശീയഗാനമെങ്കില്‍ അത് ആലപിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സുപ്രീംകോടതിയും നിര്‍ദേശിക്കുന്നുണ്ടെന്നും ഹഖ് പറഞ്ഞു.

ഹഖിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഋതു ത്രിപാഠി അടക്കം ഏവ് പേരാണ് രാജിവെച്ചത്. കഴിഞ്ഞ 12 വര്‍ഷമായി സ്‌കൂലില്‍ ദേശീയഗാനം ആലപിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് ത്രിപാഠി പ്രതികരിച്ചു. പരാതി പറഞ്ഞപ്പോള്‍ അദ്യാപകരോട് അവധിയില്‍ പ്രവേശിക്കാനാണ് നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. സ്‌കൂള്‍ പൂട്ടാനായി നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. എട്ടാം ക്ലാസ് വരെയാണ് എംഎ കോണ്‍വെന്റ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നത്. 300 ഓളം കുട്ടികളാണ് വിദ്യാലയത്തില്‍ പഠിക്കുന്നത്.

DONT MISS
Top