ക്യൂരിയസ് കേസ് ഓഫ് കേരളാ കോണ്‍ഗ്രസ്

km-mani

2008ല്‍ പുറത്തിറങ്ങി ഓസ്‌കാര്‍ വേദികളില്‍ പോലും ചലനം സൃഷ്ടിച്ച ഹോളിവുഡ് ചിത്രമായിരുന്നു ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍. പ്രായവും പക്വതയുമുള്ളവനായി ജനിച്ച് യൗവനത്തിലേയ്ക്കും കൗമാരത്തിലേയ്ക്കും തുടര്‍ന്ന് ശൈശവത്തിലേയ്ക്കും വളര്‍ന്ന്, 85 വയസ്സായിരിക്കെ ഒരു പിഞ്ചുകുഞ്ഞായി മരിക്കുന്ന ബെഞ്ചമിന്‍ ബട്ടണ്‍ന്റെ കഥ ലോകത്തെ വിസ്മയിപ്പിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം 50 വയസ്സും കഴിഞ്ഞ് മുമ്പോട്ട് വളരുമ്പോള്‍, ആ വളര്‍ച്ചയുമായി താരത്യപ്പെടുത്താനുതകുന്ന ഒരു മികച്ച ഉദാഹരണമെന്ന് കരുതുന്നു.

curious-case

ഉത്ഭവം

വര്‍ത്തമാന കാലത്തില്‍ കേരള രാഷ്ട്രീയം നിരീക്ഷിച്ച് തുടങ്ങിയവര്‍ക്ക് വേണ്ടിയെങ്കിലും, കേരളാ കോണ്‍ഗ്രസിന്റെ ഉത്ഭവ ചരിത്രം ഒന്നു ലഘുവായി വിവരിക്കേണ്ടതുണ്ട്. ലേഖനത്തില്‍ തുടര്‍ന്ന് വിവരിക്കുന്ന നിരീക്ഷണങ്ങള്‍ക്കും അതൊരു സഹായമാകും.

ഇന്ത്യയുടെ പോളിറ്റിയെ ഞെട്ടിച്ച ഒരു രാഷ്ട്രീയ സംഭവവികാസമായിരുന്നു 1957ലെ കേരള തിരഞ്ഞെടുപ്പ് ഫലം. ബാലറ്റിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ എന്ന അവകാശവാദം, ചില്ലറ പ്രതിഷേധങ്ങളോടെയെങ്കിലും, ഇന്നും നിലനില്‍ക്കുന്നു. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ പിതൃത്വം ചോദ്യം ചെയ്യപ്പെടാത്ത അവകാശമായി കൊണ്ടുനടന്നിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും, ആ പാര്‍ട്ടിയുടെ കേരളഘടകത്തെ അകമഴിഞ്ഞ് പിന്തുണച്ചിരുന്ന കേരളത്തിലെ സവര്‍ണ്ണ വിഭാഗങ്ങള്‍ക്കും പ്രതീക്ഷിക്കാതെ ലഭിച്ച തിരിച്ചടി.

ems

പാരമ്പര്യങ്ങളെയും പ്രിവിപേഴ്‌സുകളെയും നാട്ടുപ്രഭുക്കളെയും പിതാക്കന്മാരെയുമൊന്നും കാര്യമായി പരിഗണിക്കാത്ത കമ്യൂണിസ്റ്റുകളുടെ വിജയം കേരളത്തിന്റെ ഹൈന്ദവ- ക്രൈസ്തവ-സവര്‍ണ്ണ നേതൃത്വത്തെ ചൊടിപ്പിച്ചു. ഭരണം പിടിച്ചതിന് പിറകേ സര്‍ക്കാര്‍ കൈക്കൊണ്ട ഭൂപരിഷ്‌കരണവിദ്യാഭ്യാസ നയങ്ങള്‍ ഈ മുഷിപ്പിന് ആക്കം കൂട്ടി. അങ്ങനെ തികച്ചും ‘മതേതരമായ’ വിമോചനസമരത്തിനു കേരളം സാക്ഷിയായി. തുടര്‍ന്ന് ഭരണത്തിലെത്തിയ പട്ടം താണുപിള്ള സര്‍ക്കാരിന് ആയുസ്സ് കുറവായിരുന്നു. അങ്ങനെ 1962ല്‍, ഐക്യകേരളത്തിന്റെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ആര്‍ ശങ്കര്‍ അധികാരമേറ്റു. ആഭ്യന്തരമന്ത്രിയായിരുന്ന പിടി ചാക്കോ മന്ത്രിസഭയിലെ രണ്ടാമനായി.

കേരളത്തിലെ കോൺഗ്രസ്സിൽ ഗ്രൂപ്പുകളിയുടെ പ്രാഥമിക ചലങ്ങൾക്ക് തുടക്കമിട്ടത് ഈ കാലത്താണു. പി.ടി ചാക്കോയുടെ പിന്നിൽ മദ്ധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം അണിനിരക്കുകയും ചെയ്തു. തുടർന്ന് പീച്ചിയിലുണ്ടായ കാറപകടം, ചാക്കോയുടെ രാജി, അപ്രതീക്ഷിതമായ മരണം – ഇവയെല്ലാം ചുരുങ്ങിയ കാലയളവിൽ നടക്കുക കൂടി ചെയ്തതോടെ ഗ്രൂപ്പ് വഴക്ക് അതിന്റെ പാരമ്യത്തിലെത്തി. അങ്ങനെ കോട്ടയത്തെ തിരുനക്കര മൈതാനത്ത് ചേർന്ന വിമതരുടെ യോഗത്തിൽ പുതിയ പാർട്ടി പ്രഖ്യാപിക്കപ്പെട്ടു – കേരളാ കോൺഗ്രസ്സ്. ദക്ഷിണേന്ത്യൻ രാഷ്ട്രീയ ചിത്രത്തിലെ ആദ്യ പ്രാദേശിക കക്ഷികളിൽ ഒന്ന്.

(പേരു പ്രഖ്യാപിക്കാൻ നായർ സമുദായ നേതാവായ മന്നത്ത് പത്മനാഭൻ എത്തിയത് എന്നതിനു പുറകിലുള്ള ജാതിസമവാക്യങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ)

മുരടിപ്പിനുള്ള കാരണങ്ങള്‍

കേരളാ കോണ്‍ഗ്രസ് രൂപം കൊണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രൂപം കൊണ്ട സമാന കക്ഷികള്‍ ഇന്നവരുടെ സംസ്ഥാനങ്ങളില്‍ ഭരണനേതൃത്വം കൈയ്യാളുമ്പോള്‍, കേരളാ കോണ്‍ഗ്രസ് ഇന്നും മുന്നണികളിലെ ‘പ്രധാന കക്ഷികളില്‍ ഒന്ന്’ ആയി തുടരുന്നതിനു ഒരുപാട് കാരണങ്ങള്‍ നിരത്താനാവും.

mgr

1. വൈകാരികതയുടെ അഭാവം

മുമ്പ് സൂചിപ്പിച്ചത് പോലെ, കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങള്‍ പെട്ടൊന്നൊരു പൊട്ടിത്തെറിയില്‍ പുറത്തേക്ക് വന്നതിന്റെ ഫലമായിരുന്നു കേ.കോണ്‍ഗ്രസ്സിന്റെ പിറവി. കേരളം, മലയാളികള്‍ എന്നിങ്ങനെ പ്രാദേശികവാദം ആളിക്കത്തുന്ന ആശയങ്ങളൊന്നും ഈ പിളര്‍പ്പിലുണ്ടായിരുന്നില്ല. സംസ്ഥാനത്തുടനീളം അറിയപ്പെടുന്ന നേതാവായിരുന്ന പിറ്റി ചാക്കോ പക്ഷേ പാര്‍ട്ടി രൂപപ്പെടുന്ന കാലത്ത് മരണമടഞ്ഞിരുന്നു. അതിനാല്‍, തമിഴ്‌നാട്ടില്‍ ദ്രാവിഡ കക്ഷികളോ ആന്ധ്രാപ്രദേശില്‍ എന്‍ടി രാമറാവുവോ ജനിപ്പിച്ചതുപോലെയൊരു വൈകാരികബന്ധം കേ. കോണ്‍ഗ്രസ്സിനു ജനങ്ങള്‍ക്കിടയില്‍ ജനിപ്പിക്കാനായില്ല.

2. ആദ്യ തിരഞ്ഞെടുപ്പ് ഫലം

pattam

 ഏത് പുതിയ പാര്‍ട്ടിയുടെയും ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് ആദ്യ തിരഞ്ഞെടുപ്പു ഫലമാണല്ലോ. 1964ല്‍ തന്നെ സംഭവിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ് ഈ ഒരു കാര്യത്തില്‍ കേ.കോണ്‍ഗ്രസിന് അനുഗ്രഹമായി ഭവിച്ചു. ശക്തമായ ചതുഷ്‌ക്കോണമത്സരത്തില്‍ 23 സീറ്റുമായി കരുത്ത്കാട്ടാന്‍ കേ.കോണ്‍ഗ്രസ്സിനായി. മദ്ധ്യകേരളത്തിലുടനീളവും, ദക്ഷിണകേരളത്തിലെ ചില ഭാഗങ്ങളിലും സാന്നിധ്യമറിയിച്ച ആ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്, നിര്‍ണ്ണായകമായ ഭരണസ്ഥാനങ്ങളിലേയ്ക്ക് അവര്‍ എത്തുമെന്ന് കരുതിയെങ്കിലും, വിധി മറിച്ചായി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ട് വര്‍ഷത്തോളം മരവിപ്പിക്കപ്പെട്ട നിയമസഭ ഒടുവില്‍ പിരിച്ചുവിടുകയും, 1967ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.

ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വലിയ ആവേശത്തോടെ ഭരണത്തില്‍ പങ്കാളികളായ തെലുങ്ക് ദേശം മുതല്‍ ആപ്പ് വരെയുള്ള പാര്‍ട്ടികള്‍ക്കെല്ലാം മുമ്പ് ജന്മമെടുത്ത കേ.കോണ്‍ഗ്രസ്സിനു പക്ഷേ അതിനു മാത്രം ഭാഗ്യമുണ്ടായില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിക്കുകയും കേ.കോണ്‍ഗ്രസ്സ് അഞ്ച് സീറ്റിലേയ്ക്ക് ഒതുക്കപ്പെടുകയും ചെയ്തു.

suku-nair-thomas

3. പൊതുസ്വീകാര്യതയുടെ കുറവ്

ജനിച്ച് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും, കേരളത്തിലെ ഏക സംസ്ഥാനപാര്‍ട്ടി ആയിട്ടും, കേ.കോണ്‍ഗ്രസ്സ് ആദ്യകാലം മുതലേ ചില പ്രദേശങ്ങളുടെയും സമുദായങ്ങളുടെയുമെല്ലാം ഔദ്യോഗിക പാര്‍ട്ടികളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനാല്‍ ഒരു സംസ്ഥാന പാര്‍ട്ടിക്ക് ലഭിക്കേണ്ട പാന്‍കേരള സ്വഭാവമോ പരിപാടികളോ കേ.കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ല. മാണി ഗ്രൂപ്പ് സുറിയാനി കത്തോലിക്കരുടേതെന്നും, ജേക്കബ് ഗ്രൂപ്പ് യാക്കോബായ സഭയുടേതെന്നും, പിള്ള ഗ്രൂപ്പ് എന്‍എസ്എസിന്റേതെന്നുമൊക്കെ പറയാന്‍ കാരണവും, ആ ഗ്രൂപ്പുകളില്‍ ആ സമുദായ നേതൃത്വങ്ങള്‍ നടത്താറുള്ള ഇടപെടലുകള്‍ തന്നെ.

4. പ്രഖ്യാപിത രാഷ്ട്രീയ നയങ്ങളുടെ അഭാവം

കൃത്യമായി നിര്‍വ്വചിച്ച ഒരു രാഷ്ട്രീയ പരിപാടിയോ നയമോ ഇല്ലാതെ ‘ കര്‍ഷകരുടെ പാര്‍ട്ടി, പാവപ്പെട്ടവന്റെ പാര്‍ട്ടി’ എന്നൊക്കെയുള്ള പൊള്ളയായ മുദ്രാവാക്യങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നതിനാല്‍, തരം പോലെ ഗ്രൂപ്പ് മാറാനും മുന്നണി മാറാനുമൊന്നും കേ.കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, രാഷ്ട്രീയമായ ഒരു വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കാനും ഈ ഗ്രൂപ്പുകള്‍ക്ക് സാധിച്ചിട്ടില്ല. 1965 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഈ നേതാക്കന്മാരും ഗ്രൂപ്പുകളും എവിടെ നിന്നു എന്നത് കൗതുകകരമായ ഒരു അവലോകനമായിരിക്കും.

news

5. വ്യക്തികേന്ദ്രീകൃത നേതൃത്വം

പ്രത്യയശാസ്ത്ര തര്‍ക്കങ്ങളല്ല, വ്യക്തിപരമായ അധികാരമോഹങ്ങളാണു കേ.കോണ്‍ഗ്രസ്സിനെ എന്നും പിളര്‍ത്തിയിട്ടുള്ളത്. അങ്ങനെ അരനൂറ്റാണ്ട് കൊണ്ട്, വ്യക്തികേന്ദ്രീകൃതമായ കുറച്ച് സ്വകാര്യ ലിമിറ്റഡ് സ്ഥാപനങ്ങളായാണു ഇപ്പോള്‍ കേ.കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് പറയാതെ നിവൃത്തിയില്ല. എന്തിനും ഓശാന പാടുന്ന ഒരു പറ്റം ആരാധകരുടെ നടുവില്‍, ചോദ്യം ചെയ്യപ്പെടാനാവാത്ത മേലധികാരിയായി പാര്‍ട്ടി ലീഡര്‍ മാറുന്ന പ്രവണത ഒന്നൊഴിയാതെ എല്ലാ ഗ്രൂപ്പിലുമുണ്ട്. തമ്മില്‍ ഭേദമായിരുന്ന പഴയ ജോസഫ് ഗ്രൂപ്പ് ഇപ്പോള്‍ മാണി ഗ്രൂപ്പിന്റെ ഭാഗമായതോടെ അതും കഴിഞ്ഞു. ഈ വ്യക്തികേന്ദ്രീകൃതസ്വഭാവത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു മക്കള്‍ രാഷ്ട്രീയം. ജോസ് കെ മാണിയും അനൂപ് ജേക്കബ്ബും ഗണേഷ്‌കുമാറുമെല്ലാം കേ.കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കന്മാരായി അവരോധിക്കപ്പെട്ടു. തങ്ങളുടെ മുന്‍ഗാമികളുടേത് പോലെയുള്ള സ്തുതിപാഠകരെ അവരും വാര്‍ത്തെടുത്തു.

pc

6. മുരടിച്ച രണ്ടാംനിര നേതൃത്വം

കൃത്യമായ ഇടവേളകളില്‍ സംസ്ഥാന ഭരണത്തിലും ചില പൊതുമേഖലാസ്ഥാപനങ്ങളിലുമൊക്കെ കയറിപ്പറ്റുന്നതിനാലും, പിന്നെ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പുകളില്‍ മദ്ധ്യകേരളജില്ലകളില്‍ പ്രകടമായ സാന്നിധ്യം അറിയിക്കുന്നതിനാലും, കേ.കോണ്‍ഗ്രസ്സ് ഗ്രൂപ്പുകള്‍ക്ക്, പ്രത്യേകിച്ച് മാണി ഗ്രൂപ്പിനു മോശമല്ലാത്ത ഒരു പ്രാദേശിക നേതൃത്വവും പ്രവര്‍ത്തക സെറ്റപ്പുമൊക്കെയുണ്ട്. പക്ഷേ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ മൂലം അവര്‍ക്കാര്‍ക്കും അതിനു മുകളിലേയ്ക്ക് വളരാനുള്ള സാഹചര്യങ്ങള്‍ ലഭിക്കുന്നില്ല.

കെഎസ്‌സി, യൂത്ത് ഫ്രണ്ട് എന്നീ വിദ്യാര്‍ത്ഥിയുവജന പോഷകസംഘടനകളിലൂടെ മാണി ഗ്രൂപ്പില്‍ വളര്‍ന്ന് വന്ന നേതാക്കന്മാരുടെ ഇന്നത്തെ അവസ്ഥ തന്നെ നോക്കാം.

1970-80കളില്‍ യുവനേതാക്കന്മാരായിരുന്ന പിജെ ജോസഫ്, ടിഎം ജേക്കബ്, പിഎം മാത്യു, മാത്യു സ്റ്റീഫന്‍ എന്നിവരൊക്കെ സ്വന്തമായി ഗ്രൂപ്പുകള്‍ ഉണ്ടാക്കുകയോ, പിളര്‍പ്പുകള്‍ക്ക് നേതൃത്വം നല്‍കുകയോ ചെയ്തു. തുടര്‍ന്ന് നേതാക്കന്മാരായ തോമസ് ഉണ്ണ്യാടനും സ്റ്റീഫന്‍ ജോര്‍ജ്ജും റോഷി അഗസ്റ്റിനും വരെയുള്ളവര്‍ എംഎല്‍എമാരെങ്കിലുമായി.

ganesh

പക്ഷേ തുടര്‍ന്ന് വന്ന നാലോ അതിലധികമോ തലമുറ യൗവ്വനങ്ങള്‍ കാത്തുനില്‍പ്പ് തുടങ്ങിയിട്ട് കാലം കുറേയായി. സംസ്ഥാന നേതൃത്വത്തില്‍ നിന്ന ഇവര്‍ക്ക് പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ മോഹമൊതുക്കാനും കഴിയില്ല.

ജോബ് മൈക്കിള്‍, മുഹമ്മദ് ഇക്ബാല്‍, പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വെറുതേ ഒരു വിമത വാര്‍ത്താ സ്വരത്തിനപ്പുറം സീറ്റുകള്‍ ഒന്ന് ശബ്ദമുയര്‍ത്തി ചോദിക്കാന്‍ പോലും കഴിയാത്ത വിധം ദുര്‍ബ്ബലമായിരിക്കുന്നു യൂത്ത് ഫ്രണ്ട് കെഎസ്‌സി നേതൃത്വങ്ങള്‍.

kerala-congress

(ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എന്ന പേരില്‍ ഇപ്പോള്‍ ഇറങ്ങിപ്പോന്നവര്‍ പഴയ ജോസഫ് ഗ്രൂപ്പ്കാരാണെന്നതും ശ്രദ്ധേയമാണ്. സ്വന്തം മക്കളെ കെട്ടിയിറക്കാതിരുന്ന പിജെ ജോസഫ്, മറ്റ് നേതാക്കന്മാര്‍ക്കും പാര്‍ട്ടിയില്‍ വളരാന്‍ സ്‌പേയ്‌സ് നല്‍കി. തിരുവനന്തപുരംകാരായ സുരേന്ദ്രന്‍ പിള്ളയ്ക്കും ആന്റണി രാജുവിനും പോലും അവിടെ അംഗീകാരം ലഭിച്ചിരുന്നു.)

പ്രസക്തി

പക്ഷേ ഈ പോരായ്മകള്‍ക്കിടയിലും, കേ.കോണ്‍ഗ്രസ് രാഷ്ട്രീയത്തിന് ഇന്നത്തെക്കാലത്ത് വളരെ വലിയ പ്രസക്തിയുണ്ട്. മുമ്പ് ഒരു പോരായ്മയായി പറഞ്ഞ പ്രത്യയശാസ്ത്രത്തിന്റെ അഭാവം പലപ്പോഴും കേ.കോണ്‍ഗ്രസ്സ് പോലെയുള്ള പാര്‍ട്ടികള്‍ക്ക് ഒരനുഗ്രഹമാണ്. ആനുകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ വഴക്കത്തോടെ നിലകൊള്ളാനും, കാലത്തിനും പൊതുവികാരത്തിനും ഉതകുന്ന തീരുമാനങ്ങളെടുക്കാന്‍ ഇത് അവരെ സഹായിക്കും.

പ്രാദേശിക കക്ഷികള്‍ രാഷ്ട്രീയത്തില്‍ നല്ലതോ ചീത്തയോ എന്നത് തര്‍ക്കിക്കാവുന്ന ഒരു വിഷയമാണെങ്കിലും അയല്‍സംസ്ഥാനങ്ങളിലെല്ലാം പ്രാദേശിക കക്ഷികള്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുമ്പോള്‍, സമാനമായ ഒരു കക്ഷിക്ക് ഇന്നും നമ്മുടെ നാട്ടില്‍ പ്രസക്തിയും സാധ്യതകളുമുണ്ട്. ഇരുമുന്നണികള്‍ നേര്‍ക്കുനേര്‍ നിന്നുള്ള തിരഞ്ഞെടുപ്പുപോരാട്ടങ്ങള്‍ എന്ന പതിവ്‌രീതിയില്‍ മാറ്റം കണ്ടു തുടങ്ങിയതിനാല്‍, 1965നു സമാനമായ സാഹചര്യങ്ങള്‍ വരുംഭാവിയില്‍ കേരളരാഷ്ട്രീയം കണ്ടുകൂടായ്കയില്ല. ശക്തമായ ചതുഷ്‌ക്കോണ മത്സരങ്ങളില്‍ നിര്‍ണ്ണായക ശക്തികളാകാന്‍ ഐക്യ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞേക്കാം.

രാഷ്ട്രീയം വ്യക്തിപരമാക്കാനുള്ള കേ. കോണ്‍ഗ്രസ്സുകാരുടെ കഴിവും കാണാതിരുന്നുകൂടാ. മുമ്പ് സൂചിപ്പിച്ചത് പോലെ, രാഷ്ട്രീയ വോട്ട് ബാങ്കുകള്‍ ഇല്ലാതെ വരുമ്പോഴും വ്യക്തിപരമായ വോട്ട് ബാങ്കുകള്‍ സൃഷ്ടിക്കാന്‍ മറ്റാരെയുംകാള്‍ നന്നായി കേ. കോണ്‍ഗ്രസ്സുകാര്‍ക്കറിയാം. വൈക്കംകാരന്‍ തോമസ് ഉണ്യാടന്‍ ഇരിങ്ങാലക്കുടയിലും, പാലാക്കാരന്‍ റോഷി അഗസ്റ്റിന്‍ ഇടുക്കിയിലുമൊക്കെ വീണ്ടും വീണ്ടും ജയിക്കുന്നതിനു പിന്നിലുള്ള രസതന്ത്രമിതാണ്. ഒരുപക്ഷേ കേ. കോണ്‍ഗ്രസ്സിലെ പിളര്‍പ്പുകളുടെ ഒരു കാരണവും ഇതു തന്നെയാകാം.

ഭാവി

ചരല്‍ക്കുന്നില്‍ നടന്ന മാണി ഗ്രൂപ്പിന്റെ ചിന്താബൈഠക്ക്, അതിനു മുമ്പായി മാണി സാര്‍ ഇറക്കിയ പതിവ് നമ്പരുകള്‍ എന്നിവയൊക്കെ ബ്രേക്കിങ്ങ് ന്യൂസാകുന്ന ഈ ദിവസങ്ങളില്‍ കേ.കോണ്‍ഗ്രസ്സിന്റെ ഭാവിയെന്ത് എന്നൊന്ന് ചുമ്മാ ചിന്തിച്ചുപോകുന്നു.

ആദ്യം പ്രെസന്റ് ടെന്‍സ് പറയാം കെ എം മാണി ഇപ്പോളെടുക്കുന്ന ഈ തീവ്ര നിലപാടുകളെല്ലാം രമേശ് ചെന്നിത്തലയ്‌ക്കെതിരെയുള്ള ഒരു പ്രതിരോധമാണെന്ന് കരുതാനാണ് എനിക്കിഷ്ടം. ഉമ്മന്‍ ചാണ്ടി കെഎം മാണി എന്നത് ഒരു പരസ്പര സഹകരണ സംവിധാനമാണ്. കോട്ടയത്തെ എ ഗ്രൂപ്പുകാര്‍ മാണി കോണ്‍ഗ്രസ്സുകാരെയും, അവര്‍ തിരിച്ചുമൊക്കെ കഴിയും പോലെ സഹായിക്കാറുണ്ട്. പക്ഷേ ഉമ്മന്‍ ചാണ്ടിക്കുള്ള സ്‌നേഹം രമേശ് ചെന്നിത്തലയ്ക്ക് കാണിക്കേണ്ട കാര്യമില്ല, കാരണം ഹരിപ്പാട്ടെ കാര്യത്തില്‍ മാണി സാറിനു യാതൊരു റോളുമില്ല.

udf

പക്ഷേ ഒരു പാര്‍ട്ടിയുടെ, ഒട്ടനവധി നേതാക്കന്മാരുടെ, ലീഡര്‍ എന്ന നിലയില്‍ കെഎം മാണി ചെയ്യാന്‍ പോകുന്നു എന്നു പറയുന്ന ‘പ്രത്യേക ഇരിപ്പ്’ ഒരു നല്ല നടപടിയാണ്. യുഡിഎഫ് എന്ന മസാലദോശയ്‌ക്കൊപ്പം ഫ്രീയായി വരുന്ന വടയായി കേ. കോണ്‍ഗ്രസ്സ് മാറിയിട്ട് കൊല്ലം പത്തിരുപത് ആയി. ഇനിയെങ്കിലും സ്വന്തമായ ഒരു ലെഗസി നിര്‍മ്മിക്കണം എന്ന് മാണി സാറിനു തോന്നിയാല്‍ കേ.കോണ്‍ഗ്രസ് ചിലപ്പോ രക്ഷപെടും. സ്വന്തമായ ചില നിലപാടുകള്‍ ഉണ്ടാക്കാന്‍, പോട്ടേ, ഉണ്ടെന്ന് തോന്നിപ്പിക്കാന്‍ എങ്കിലും ഇത് സഹായകരമാകും.

ഭാവിയുടെ നേതൃനിര എന്നൊരു പ്രശ്‌നവും ഉടന്‍ തന്നെ അവര്‍ അഭിമുഖീകരിക്കേണ്ടി വരും. കെഎം മാണി എന്ന അതികായനു കീഴില്‍ അടങ്ങിയൊതുങ്ങി കിട്ടിയതും കൊണ്ട് മിണ്ടാതിരിക്കുന്ന പലരും, ജോസ് കെ മാണി എന്ന സൗമ്യനേതാവിനെ വകവെച്ചുകൊടുക്കില്ല. ജോസ് കെ മാണിയേക്കാള്‍ രാഷ്ട്രീയബോധവും, നേതൃപാടവവും, അനുയായികളുമുള്ള ഒട്ടനവധി നേതാക്കന്മാര്‍ ഇന്ന് മാണി ഗ്രൂപ്പിലുണ്ട്. അവരെല്ലാം കാലാകാലം ഇങ്ങനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായി ( ഇന്നത്തെക്കണക്കെത്രയാ നൂറ്റമ്പതോ?) ജീവിതം കഴിച്ചോളും എന്ന് കരുതുന്നത് മണ്ടത്തരമാണ്.

ഇപ്പോള്‍ കൈയ്യിലുള്ള 15 നിയമസഭാ സീറ്റും, ഒന്നര പാര്‍ലമെന്റ് സീറ്റുംകൊണ്ട് അധികകാലം മുമ്പോട്ട് പോകാനുമാവില്ല. ജയിക്കാനല്ലെങ്കിലും, മത്സരിക്കാന്‍ കൂടുതല്‍ സീറ്റുകള്‍ ഉണ്ടാകേണ്ടത് പാര്‍ട്ടിയുടെ, അഥവാ, ഗ്രൂപ്പിന്റെ സമീപഭാവിയിലെ അത്യാവശ്യമാണ്.

കേ.കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒരു സമ്പൂര്‍ണ്ണ പരാജയമായിരുന്നു എന്ന് ഞാനൊരിക്കലും പറയില്ല. ഗ്രൂപ്പ് നിര്‍മ്മാതാക്കളുടെ വ്യക്തിപരമായ അജണ്ടകളെല്ലാം അവകൊണ്ട് നടത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഒരു സംസ്ഥാന പാര്‍ട്ടി എന്ന നിലയില്‍, കേരളത്തിന്റെ സമഗ്രവികസനത്തിനു ക്രിയാത്മകമായ സ്വാധീനം ചെലുത്തുന്നതില്‍ കേ. കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടുപോയി. നല്ല നയമോ നിലപാടോ നേതാക്കന്മാരോ ഇല്ലാതെ 50 കൊല്ലം പിളര്‍ന്ന് കൊണ്ട് വളര്‍ന്നു. 1965ല്‍ ലഭിച്ച 23 സീറ്റില്‍ നിന്നും ഒരു പടി പോലും മുമ്പോട്ട് പോകാന്‍ കഴിയാത്ത വിധം മുരടിച്ചു. ഇപ്പോള്‍ എല്ലാം കൂടി കൂട്ടിയാലും എട്ടേ ഉള്ളൂ താനും.

ഒരു റിസ്റ്റാര്‍ട്ട് അത്യാവശ്യമായ കാലഘട്ടം ആസന്നമായിരിക്കുന്നു എന്ന് ഗ്രൂപ്പ് ലീഡറിനു ഇനി തോന്നാന്‍ സാധ്യതയില്ല. പക്ഷേ അടുത്ത തലമുറ നേതൃത്വത്തിനെങ്കിലും ആ ഒന്നാം നമ്പരു കാറ് ഒന്ന് സ്വപ്നം കണ്ടൂടേ? വേണ്ട, രണ്ടാം നമ്പറെങ്കിലും?

DONT MISS
Top