സെല്‍ഫി പ്രിയരെ ലക്ഷ്യമിട്ട് ഒാപ്പോ എഫ് വണ്‍ എസ് വിപണിയില്‍

oppo

സെല്‍ഫി എക്സ്പെര്‍ട്ട്, ഒാപ്പോ എഫ് വണ്‍ എസ്

ചൈനീസ് ബ്രാന്‍ഡായ ‘ഓപ്പോ’ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിച്ച് തുടങ്ങിയിട്ട് കാലം കുറച്ചേയായുള്ളൂ. സ്മാര്‍ട്ട് വിപണിയില്‍ ക്യാമറയ്ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു വരുന്ന കാലഘട്ടത്തിലാണ് ഫോട്ടോഗ്രഫിയ്ക്ക് ഊന്നല്‍ നല്‍കി ഓപ്പോ എഫ് വണ്‍ ശ്രേണിയിലൂടെ തരംഗം സൃഷ്ടിക്കുന്നത്. ‘സെല്‍ഫി എക്‌സ്പെര്‍ട്ട്’ എന്ന വിളിപ്പേരില്‍ ഓപ്പോ ഇറക്കിയ എഫ് വണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണാണ് ഓപ്പോ എഫ് വണ്‍ എസ്.

ഓപ്പോ എഫ് വണ്‍, എഫ് വണ്‍ പ്ലസ് എന്നീ ശ്രേണികളുടെ പിന്‍ഗാമിയായി വരുന്ന ഒപ്പോ എഫ് വണ്‍ എസ് ഏറെ പ്രതീക്ഷകളോടൊയണ് ആരാധകര്‍ കാത്തിരുന്നത്. ഐഫോണ്‍ 6, ഐഫോണ്‍ 6 എസ് എന്നീ ആപ്പിള്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ഓപ്പോ എഫ് വണ്‍ എസ് നാളുകള്‍ക്ക് മുമ്പേ ഇന്റര്‍നെറ്റില്‍ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. 17990 രൂപ നിരക്കില്‍ വിപണിയില്‍ ഇറങ്ങിയ ഓപ്പോ എഫ് വണ്‍ എസ്, മോട്ടോറോളയുടെ പ്രശസ്ത മോഡലായ മോട്ടോ എക്‌സ് പ്ലേ  (വില: 17499 രൂപ) യോടാണ് ഏറ്റുമുട്ടുന്നത്.

കാഴ്ച്ചയ്ക്ക് ഐഫോണിനോട് ഏറെ സാമ്യത പുലര്‍ത്തുന്ന ഓപ്പോ എഫ് വണ്‍ എസ്, തീര്‍ച്ചയായും പ്രീമിയം അനുഭൂതി നല്‍കുന്നു. പിന്‍ഭാഗത്ത് നേരിയ പരുക്കന്‍ ലോഹ പ്രതലവും, മുന്‍ഭാഗത്ത് ഇരുണ്ട ഗ്ലാസ് പ്രതലവും ഒപ്പോ എഫ് വണ്‍ എസിനെ മുന്തിയ ഇനം സ്മാര്‍ട്ട് ഫോണുകളുടെ ഇടയില്‍ വ്യത്യസ്തമാക്കുന്നു. മുന്‍ഗാമികളായ എഫ് വണ്‍, എഫ് വണ്‍ പ്ലസ് എന്നീ മോഡലുകളുടെ രൂപകല്‍പനയില്‍ നിന്നും വലിയ വ്യത്യാസങ്ങളില്ലാതെയാണ് എഫ് വണ്‍ എസിനെയും ഓപ്പോ അണിനിരത്തിയിരിക്കുന്നത്.

oppo2

സ്‌ക്രീനിന്റെ താഴെ ഓവല്‍ ആകൃതിയോട് കൂടിയ ഹോം ബട്ടണ്‍ വിരലടയാള സെന്‍സറോട് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ഓപ്പോ എഫ് വണ്‍ എസില്‍, ശബ്ദ നിയന്ത്രണ ബട്ടണുകളും പവര്‍ ബട്ടണും ഇരു വശങ്ങളിലുമായി നല്‍കിയിരിക്കുന്നതിനാല്‍ ഒരു കൈ കൊണ്ട് മാത്രം ഉപയോഗിക്കാനും എളുപ്പമാണ്. 169 ഗ്രാം തൂക്കവും 10.9 മില്ലീ മീറ്റര്‍ വീതിയുമുള്ള മോട്ടോ എക്‌സ് പ്ലേയെ കടത്തിവെട്ടിയാണ് 160 ഗ്രാം തൂക്കവും 7.4 മില്ലീ മീറ്റര്‍ മാത്രം വീതിയുമുള്ള ഓപ്പോ എഫ് വണ്‍ എസ് ഇതിനോടകം ശ്രദ്ധ നേടിയിരിക്കുന്നത്.

ഡിസ്‌പ്ലേയുടെ കാര്യത്തില്‍ ഓപ്പോ എഫ് വണ്‍ എസ് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നില്ലെങ്കിലും, 5.5 ഇഞ്ച് സ്‌ക്രീനും 720×1280 റെസല്യൂഷനും (267 പി.പി.ഐ) മെച്ചപ്പെട്ട അനുഭവമാണ് നല്‍കുന്നത്. എന്നാല്‍, എച്ച്. ഡി ഗെമിംഗിലും വീഡിയോ പ്ലേ ബാക്കിലും ഓപ്പോ എഫ് വണ്‍ എസ് താരതമ്യേന കുറഞ്ഞ പ്രകടനമാണ് കാഴച വെയ്ക്കുന്നത്. കാഴ്ച്ചയ്ക്ക് മുന്‍ഗണന നല്‍കി കൊണ്ട് ‘ഐ പ്രൊട്ടക്ഷന്‍ സിസ്റ്റം’ എഫ് വണ്‍ എസില്‍ ഓപ്പോ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്‌ക്രീനില്‍ നിന്നുള്ള നീല പ്രകാശങ്ങള്‍ കുറയ്ക്കുകയും കണ്ണിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു.

oppo-3

ഓപ്പോയുടെ കളര്‍ ഒ.എസ് ഇന്റര്‍ഫേസോട് കൂടിയുള്ള ഓപ്പോ എഫ് വണ്‍ എസ് സ്മാര്‍ട്ട് ഫോണ്‍, മറ്റ് ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നും വ്യത്യസ്തമായി പുതിയ അനുഭവമാണ് ഉപയോക്താവിന് നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് മാര്‍ഷ് മെല്ലോ 6.0 യാണ് ഓപ്പോ എഫ് വണ്‍ എസിനെ സജ്ജമാക്കുന്നത്. ഐഫോണിന് സമാനമായ മെനു ഐക്കണുകളാണ് ഓപ്പോ നല്‍കിയിരിക്കുന്നതെങ്കിലും, ഉപയോക്താവിന് ആവശ്യാനുസരണം തീം മാറ്റാന്‍ സാധിക്കുന്നതാണ്. പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് എന്‍ ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന മോഡലുകളില്‍ ഓപ്പോ എഫ് വണ്‍ എസും ഉള്‍പ്പെടുന്നുണ്ട്.

3 ജി.ബി റാംമിന്റെ കരുത്തില്‍, ശക്തമായ പ്രകടനമാണ് ഓപ്പോ എഫ് വണ്‍ എസ് നല്‍കുന്നത്. മീഡിയ ടെക്ക് MT-6750 ഒക്ട്ടാ കോര്‍ പ്രോസസ്സറില്‍ നിര്‍മ്മിച്ച ഒപ്പോ എഫ് വണ്‍ എസ് സ്മാര്‍ട്ട് ഫോണ്‍ ആപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ‘വിമുഖത’ കാട്ടുന്നില്ല. 32 ജി.ബി ഇന്റേണല്‍ സ്റ്റോറേജും, 128 ജി.ബി ഏക്‌സറ്റേണല്‍ സ്റ്റോറേജും നല്‍കുന്ന ഓപ്പോ എഫ് വണ്‍ എസ് ശക്തമായ പോരാട്ടമാണ് സ്മാര്‍ട്ട് വിപണിയില്‍ നടത്തുന്നത്. രണ്ട് നാനോ സിം സ്ലോട്ടുകളും, 4ജി നെറ്റ് വര്‍ക്കും VoLTE നെറ്റ് വര്‍ക്കും ഒപ്പോ എഫ് വണ് എസില്‍ ലഭ്യമാണ്. 3070 mAH ബാറ്ററിയോട് കൂടി വരുന്ന എഫ് വണ്‍ എസിന് ഓപ്പോ വാഗ്ദാനം ചെയ്യുന്നത്, 24 മണിക്കുര്‍ ബാക്ക് അപ്പ് ആണ്.

oppo-4

ഒട്ടനവധി ഓപ്ഷനുകളാണ് 16 മെഗാ പിക്‌സല്‍ ക്യാമറയില്‍ നിന്നും ഓപ്പോ നല്‍കുന്നത്. വിവിധ തരത്തില്‍ ഒരുക്കാവുന്ന ആകര്‍ഷകങ്ങളായ ഫില്‍ട്ടറുകളും മോഡുകളും ഓപ്പോയുടെ സെല്‍ഫി എക്‌സ്പെര്‍ട്ടിനെ ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തനാക്കുന്നു. സാഹചര്യത്തിനനുസരിച്ച് ക്രമീകരിക്കുന്ന പ്രകാശ സംവിധാനം ചിത്രങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. 13 മെഗാപിക്‌സല്‍ ക്യാമറയോട് കൂടിയുള്ള സെല്‍ഫി ക്യമറയാണ് ഓപ്പോ എഫ് വണ്‍ എസിന്റെ പ്രധാന സവിശേഷത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top