ഇന്ത്യ മികച്ച സാമ്പത്തിക വളര്‍ച്ച കാഴ്ച വെക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍

indian-economy

ഇന്ത്യ മികച്ച സാമ്പത്തികവളര്‍ച്ച കാഴ്ച വെയ്ക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍. വിലക്കയറ്റം ഉയരുന്ന പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഒരു തവണ കൂടി മുഖ്യപലിശനിരക്കുകളില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്നും റോയിട്ടേഴ്‌സ് പോള്‍ വ്യക്തമാക്കുന്നു.

നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച 7.8 ശതമാനമായി ഉയരുമെന്ന് റോയിട്ടേഴ്‌സ് പോള്‍ പ്രവചിക്കുന്നു. 30 പ്രമുഖ സാമ്പത്തികവിദഗ്ധരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് പ്രവചനം. ഇത് വലിയ സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് അതിവേഗത്തിലുളളതായിരിക്കും. സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കാന്‍ സഹായകമാകുമെന്ന് കരുതുന്ന പരിഷ്‌ക്കരണ നടപടികളിലാണ് ഇവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഏകീകൃത നികുതി സമ്പ്രദായമായ ചരക്കുസേവനനികുതി യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ അത് കാര്യമായി പ്രതിഫലിക്കും. സാമ്പത്തികവളര്‍ച്ചയില്‍ രണ്ടു ശതമാനത്തിന്റെ വരെ വര്‍ധനയ്ക്ക് ഇത് ഇടയാക്കുമെന്ന് റോയിട്ടേഴ്‌സ് പോള്‍ കണക്കുകൂട്ടുന്നു.

ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ആഗോളസമ്പദ് വ്യവസ്ഥയെ സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ഇതിനിടയിലും ഇന്ത്യയെ കുറിച്ചുളള കഴിഞ്ഞ മൂന്ന് പ്രവചനങ്ങളിലും ഭേദഗതി വരുത്താത്ത നിലപാടാണ് ഇപ്പോഴും റോയിട്ടേഴ്‌സ് പോള്‍ സ്വീകരിച്ചത്. യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാനുളള ബ്രിട്ടണിന്റെ തീരുമാനം യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികവളര്‍ച്ചയെ ബാധിക്കുമെന്നും റോയിട്ടേഴ്‌സ് പോള്‍ ആശങ്കപ്പെടുന്നു.

അതേസമയം ഇന്ത്യയെ കുറിച്ചുളള രാജ്യാന്തരനാണ്യനിധിയുടെ കണക്കുകൂട്ടലുകളെക്കാള്‍ അമിത ആത്മവിശ്വാസമാണ് വളര്‍ച്ചയുടെ കാര്യത്തില്‍ റോയിട്ടേഴ്‌സ് പോള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ നടപ്പുസാമ്പത്തികവര്‍ഷത്തില്‍ 7.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. നിലവില്‍ വിലക്കയറ്റം രാജ്യത്ത് ഉയര്‍ന്നുവരുകയാണ്. നിര്‍ദിഷ്ട പരിധിയായ അഞ്ചു ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പം.നിലവില്‍ ഇത് 5.77 ശതമാനമായി ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലും ഈ വര്‍ഷം ഒരു തവണ കൂടി മുഖ്യപലിശനിരക്കുകളില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറാകുമെന്ന് റോയിട്ടേഴ്‌സ് പോള്‍ പ്രവചിക്കുന്നു.

DONT MISS
Top