ഏഴാം വിംബിള്‍ഡണിന്റെ നിറവില്‍ സെറീന വില്യംസ് സ്റ്റെഫി ഗ്രാഫിനൊപ്പം

serena

ലണ്ടന്‍: അമേരിക്കയുടെ കറുത്തമുത്ത് സെറീന വില്യംസ് വിംബിള്‍ഡണ്‍ കിരീട ജയത്തോടെ ടെന്നീസിന്റെ തന്നെ സുവര്‍ണമുത്തായി മാറിയിരിക്കുകയാണ്. ഇന്നലെ സെന്റര്‍ കോര്‍ട്ടിലെ വിംബിള്‍ഡണ്‍ കിരീട വിജയത്തോടെ സെറീന ഇതിഹാസ താരമായ സ്‌റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്റ് സ്ലാം കിരീടങ്ങള്‍ എന്ന റെക്കോര്‍ഡിനൊപ്പം എത്തി. ഒരു ജര്‍മന്‍ താരത്തെ തന്നെ തോല്‍പ്പിച്ച് മറ്റൊരു ജര്‍മന്‍ താരത്തിന്റെ റെക്കോര്‍ഡിനൊപ്പം എത്തുക. സെറീനയുടെ ഏഴാം വിംബിള്‍ഡണ്‍ കിരീടമായിരുന്നു ഇന്നലത്തേത്. ഡബിള്‍സില്‍ സഹോദരി വീനസിനൊപ്പം കിരീടം നേടിയ സെറീന പുല്‍ക്കോര്‍ട്ടില്‍ നിന്ന് ഇരട്ടിമധുരം നുണഞ്ഞു. പ്രായം ഏറുന്തോറും വീര്യം കുടുന്ന സമസ്യയായി സെറീന നിലകൊള്ളുകയാണ്.

നേരിട്ടുള്ള സെറ്റുകളിലായിരുന്നു ഫൈനലില്‍ ആഞ്ജലിക്ക കെര്‍ബറെ സെറീന തോല്‍പ്പിച്ചത്. സ്‌കോര്‍ 7-5, 6-3. പക്ഷെ മത്സരം സെറീനയ്ക്ക് അത്ര എളുപ്പമായിരുന്നില്ല. ശരിക്കും വിയര്‍ത്തശേഷമാണ് സെറീന തന്റെ 22 ആം സിംഗിള്‍സ് കിരീടത്തിലേക്ക് എയ്‌സ് ഉതിര്‍ത്തത്. മത്സരത്തിലൂടനീളം കെര്‍ബര്‍ കനത്ത വെല്ലുവിളിയായിരുന്നു സെറീനയ്ക്ക് ഉയര്‍ത്തിയത്. ആദ്യ സെറ്റില്‍ 5-5 വരെ ഇരുവരും ഒരുപോലെ മുന്നേറി. എന്നാല്‍ സെറീന 6-5 ല്‍ നില്‍ക്കെ നിര്‍ണായകമായ സെര്‍വ്വ് നഷ്ടപ്പെടുത്തി കെര്‍ബര്‍ സെറ്റ് അടിയറ വെക്കുകയായിരുന്നു. രണ്ടാം സെറ്റില്‍ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കെര്‍ബറിന് സാധിച്ചില്ല. എങ്കിലും ജര്‍മന്‍ താരത്തിന്റെ ഫോര്‍ഹാന്‍ഡ് വിന്നറുകള്‍ സെറീനയെ ശരിക്കും വെള്ളം കുടിപ്പിച്ചു.

വിംബിള്‍ഡണ്‍ ഫൈനലിലെ വിജയം സെറീനയ്ക്ക് ഒരു മധുര പ്രതികാരം കൂടിയായി. ഈ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീനയെ തോല്‍പ്പിച്ചായിരുന്നു കെര്‍ബര്‍ കിരീടം ചൂടിയത്. ആ തോല്‍വിക്ക് അതേനാണയത്തിലാണ് സെറീന മറുപടി നല്‍കിയിരിക്കുന്നത്.

24 കിരീട വിജയങ്ങളോടെ മാര്‍ഗരറ്റ് കോര്‍ട്ടാണ് ഗ്രാന്റ് സ്ലാം സിംഗിള്‍സ് കിരീട നേട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. മൂന്ന് ഗ്രാന്റ് സ്ലാം കൂടി നേടാനായാല്‍ ലോകറെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിക്കാന്‍ സെറീനയ്ക്ക് സാധിക്കും.

DONT MISS
Top