സ്ത്രീ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും ഊന്നല്‍ ; നികുതി ചോര്‍ച്ച തടയാന്‍ നടപടികള്‍:മാന്ദ്യകാലത്തെ നേരിടാന്‍ പദ്ധതികളുമായി ബജറ്റ്

thomas

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. നേരത്തേ പ്രഖ്യാപിച്ചതുപോലെ തന്നെ ജനക്ഷേമ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ അധികവും പ്രധാന്യം നല്‍കിയത്. ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷിക രംഗം, ശുചിത്വം, ഊര്‍ജം ഉള്‍പ്പെടെ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടിയും പ്രത്യേക പദ്ധതികള്‍ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായി ഭിന്നലിംഗക്കാര്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ബജറ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെങ്കിലും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞുവെന്ന് തോമസ് ഐസക് പറഞ്ഞു. രണ്ട് മണിക്കൂര്‍ 58 മിനിട്ട് നീണ്ടു നിന്നതായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് അവതരണം.

സംസ്ഥാനത്തിന്റെ 67-ാമത്തേതും തോമസ് ഐസകിന്റെ ഏഴാമത്തേതുമായ ബജറ്റവതരണത്തിനാണ് നിയമസഭ സാക്ഷിയായത്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. ശ്രീനാരായണ ഗുരുവിനെ അനുസ്മരിച്ചുകൊണ്ടായിരുന്നു ബജറ്റിന് മന്ത്രി തുടക്കമിട്ടത്. 6302 കോടിയുടെ അടിയന്തര ബാധ്യതകള്‍ സംസ്ഥാനത്തിന് കൊടുത്തു തീര്‍ക്കേണ്ടതുണ്ടെന്ന് ബജറ്റിന്റെ തുടക്കത്തില്‍ മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും കൊടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തിന് ബാധ്യതകള്‍ ഉണ്ടാക്കിവെച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. 24000 കോടിയുടെ നികുതി പിരിക്കാതിരുന്നത് പ്രതിസന്ധിക്കിടയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന രണ്ട് വര്‍ഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളും ഉണ്ടാകില്ല. ഇത് സര്‍ക്കാര്‍ ജോലി പ്രതീക്ഷിച്ചിരിക്കുന്ന നിരവധി ഉദ്യോഗാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഓണത്തിന് മുന്‍പ് നല്‍കുമെന്നു പറഞ്ഞ മന്ത്രി പെന്‍ഷന്‍ കുടിശ്ശിക ഓണത്തിന് മുന്‍പ് കൊടുത്തു തീര്‍ക്കുമെന്നും വ്യക്തമാക്കി.

സംസ്ഥാനത്ത് എല്ലാ ജനങ്ങള്‍ക്കും വീടും വെള്ളവും വെളിച്ചവും ടോയ്‌ലറ്റും ഉറപ്പാക്കുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. മുടങ്ങിക്കിടക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കും. ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു.പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമിവാങ്ങാനും വീടു മെച്ചപ്പെടുത്താനും 456 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 20,000 കോടിയുടെ പാക്കേജ് വരും. വിപുലമായ നിക്ഷേപപദ്ധതിയും മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമാക്കും. കടം നല്‍കുന്നവര്‍ക്ക് വിശ്വാസം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടപ്പാക്കുമെന്നുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നികുതി ചോര്‍ച്ച തടയാനുള്ള മികച്ച നിര്‍ദ്ദേശങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമെന്നോണം മുനിസിപ്പല്‍ വേസ്റ്റ് ടാക്‌സ് ഉപേക്ഷിച്ചു. സംസ്ഥാനത്തേക്കുള്ള വെളിച്ചെണ്ണയ്ക്ക് അഞ്ചു ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതിലൂടെ ലഭിക്കുന്ന വരുമാനം നാളികേര സംഭരണത്തിന് ഉപയോഗിക്കും. തുണിത്തരങ്ങള്‍ക്കുള്ള നികുതി രണ്ടു ശതമാനമാക്കി വര്‍ധിപ്പിച്ചു. പാക്കറ്റ് ഗോതമ്പിന് അഞ്ചു ശതമാനവും അലക്കു സോപ്പുകളുടെ നികുതി അഞ്ചു ശതമാനവും ബര്‍ഗര്‍, പിസ്സ, പാസ്ത തുടങ്ങിയ ഫാസ്റ്റ് ഫുഡ്ഡുകളുടെ നികുതി 14 ശതമാനമായും ഉയര്‍ത്തി. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍ എന്നിവയുടെ നികുതി 20 ശതമാനമാക്കി വര്‍ധിപ്പിച്ചു. ബസുമതി അരിക്ക് നികുതി വര്‍ധിപ്പിച്ചു. അതേസമയം, തെര്‍മോകോള്‍ പ്ലേറ്റുകള്‍, സിനിമ ടിക്കറ്റ്, സ്‌ക്രാപ്പ് ബാറ്ററികള്‍ എന്നിവയ്ക്ക് വില കുറയും. ഹോട്ടല്‍ മുറികളുടെ വാടകയിനത്തിലും നികുതിയിളവിന് നിര്‍ദ്ദേശമുണ്ട്.

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് കൊണ്ടുവരുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രത്യേകത. സ്ത്രീകളുടെ സുരക്ഷക്കും ഉന്നമനത്തിനുമായി ബജറ്റില്‍ 91 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മാര്‍ക്കറ്റുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ എന്നിവ സ്ഥാപിക്കും. സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

കാര്‍ഷിക മേഖലയ്ക്ക് വേണ്ടി 600 കോടിയാണ് ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വയല്‍ നികത്തല്‍ നിയമത്തിലെ ഭേദഹതികള്‍ റദ്ദാക്കി. നെല്ല് സംഭരണത്തിന് 385 കോടിയും റബ്ബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി രൂപയും വകയിരുത്തി. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ എല്ലാ വീടുകളിലും സിഎഫ്എല്‍ ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ ആക്കിമാറ്റാനുള്ള പദ്ധതിക്ക് 250 കോടി രൂപ നീക്കിവെച്ചുവെന്നും പറഞ്ഞു.

ആരോഗ്യമേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ള ബജറ്റില്‍ മെഡിക്കല്‍ കോളേജ്, ജനറല്‍ ആസുപത്രി, ജില്ല, താലൂക്ക് ആശുപത്രി എന്നിവയുടെ നവീകരണത്തിന് 1000 കോടി രൂപ വകയിരുത്തി. തലശ്ശേരിയില്‍ വനിതകളുടേയും കുട്ടികളുടേയും ആശുപത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എയിംസ് നിലവാരത്തിലുയര്‍ത്തുമെന്നും മന്ത്രിയുടെ പ്രഖ്യാപനം.

അഞ്ച് വര്‍ഷത്തിനരം ആയിരം ഹൈടെക് സ്‌കൂളുകള്‍ സ്ഥാപിക്കുമെന്നത് വിദ്യാഭ്യാസ മേഖലയുടെ പുരോഗമനം ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനമാണെന്ന് വിലയിരുത്തപ്പെടുന്നു. വിദ്യാഭ്യാസ കുടിശ്ശിക തീര്‍ക്കാന്‍ നൂറ് കോടി രൂപ ബാങ്കുകള്‍ക്ക് അനുവദിച്ചു. ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജുകളും എഞ്ചിനീയറിംഗ് കോളേജുകളും നവീകരിക്കാന്‍ 250 കോടിയും ബജറ്റില്‍ വകയിരുത്തി.

സംസ്ഥാനത്തിന്റെ റവന്യൂ വരവ് കൂട്ടണമെന്ന സാഹചര്യം മുന്‍നിര്‍ത്തി ജനം സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്‍ ചോദിച്ചുവാങ്ങണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇതിന് പിന്നാലെ കവി ഒന്‍വി കുറിപ്പിന്റെ വരികള്‍ ചൊല്ലി ബജറ്റ് വായന മന്ത്രി ഉപസംഹരിച്ചു. ശേഷം ബജറ്റ് അദ്ദേഹം മേശപ്പുറത്ത് വെച്ചു.

DONT MISS
Top