സ്വദേശിവത്ക്കരണം പാലിക്കാത്ത ആയിരം മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ സൗദി തൊഴില്‍ മന്ത്രാലയം അടച്ചുപൂട്ടി

mobile shopറിയാദ്: അന്‍പത് ശതമാനം സ്വദേശിവത്ക്കരണം പാലിക്കാത്ത ആയിരം മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിയതായി സൗദി തൊഴില്‍ വകുപ്പുമന്ത്രാലയം അറിയിച്ചു. അന്‍പത് ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വന്ന് മൂന്ന് ആഴ്ചക്കിടെയാണ് ഇത്രയും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത്.

റമദാന്‍ ഒന്നുമുതലാണ് സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ 50 ശതമാനം സ്വദേശിവത്ക്കരണം നിര്‍ബണന്ധമാക്കിയത്. സ്വദേശിവത്ക്കരണം പാലിക്കാത്ത 998 സ്ഥാപനങ്ങളാണ് ഇതുവരെ അടച്ചതെന്ന് തൊഴില്‍ വകുപ്പ് മന്ത്രാലയം അറിയിച്ചു. ഇത്രയും സ്ഥാപനങ്ങളിലായി നാലായിരത്തില്‍ പരം വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. ഇവര്‍ മറ്റു തൊഴിലുകള്‍ കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. റെയ്ഡു ഭയന്ന് അടച്ചിട്ട കടകള്‍ക്കെ തിരെ നടപടി ആരംഭിച്ചതായും ഇവര്‍ക്കെയതിരെയുളള ശിക്ഷാ നടപടികള്‍ തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന് കീഴിലുളള പ്രത്യേക സമിതിക്ക് കൈമാറിയതായും അധികൃതര്‍ പറഞ്ഞു.

അടച്ച കടകള്‍ക്കു പുറമേ പുറമെ ദമാം പ്രവിശ്യയില്‍ 502ഉും റിയാദില്‍ 210 നിയമ ലംഘനങ്ങളുമാണ് കണ്ടെത്തിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 8002 മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ 50 ശതമാനം സ്വദേശിവത്ക്കരണം പാലിച്ചിട്ടുണ്ട്. ഈ വര്‍ഷം സെപ്തംബര്‍ രണ്ടിന് മുമ്പ് മൊബൈല്‍ ഷോപ്പുകള്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടത്തണം. ഇതിന് മുന്നോടിയായി പരിശോധന തുടരുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

DONT MISS
Top