പ്രസവത്തിനിടെ യുവതി മരിച്ച സംഭവം: സ്വകാര്യ ആശുപത്രി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ റിയാദ് മെഡിക്കല്‍ ട്രിബ്യൂണല്‍ കോടതിയുടെ ഉത്തരവ്

doctor

പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രി താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ റിയാദ് മെഡിക്കല്‍ ട്രിബ്യൂണല്‍ കോടതി ഉത്തരവിട്ടു. യുവതിയുടെ ഭര്‍ത്താവിന് ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാനും ട്രിബ്യൂണല്‍ വിധിച്ചു.

ഒരു വര്‍ഷം മുമ്പാണ് റിയാദിലെ ആശുപത്രിയില്‍ യമന്‍ സ്വദേശിനിയെ സിസേറിയന്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്ത്രക്രിയക്കിടെ നല്‍കിയ കുത്തിവെയ്പ്പാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നായിരുന്നു പരാതി. കുത്തിവെയ്പ്പ് ഹൃദയ സ്തംഭനത്തിന് കാരണമായെന്ന് യുവതിയുടെ ഭര്‍ത്താവ് ട്രിബ്യൂണലിന് സമര്‍പ്പിച്ച പരാതിയില്‍ ആരോപിച്ചിരുന്നു.

ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ ഗുരുതരമായ ശാരീരിക വൈകല്യവും കുഞ്ഞിന് സംഭവിച്ചു. ഇരുകൈകളും തളര്‍ന്ന് കുട്ടിക്ക് വളര്‍ച്ചയും കുറവാണ്. വൈദ്യശാസ്ത്രപരമായ പിഴവ് ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായെന്ന് ട്രിബ്യൂണല്‍ കണ്ടെത്തി. മാതാവിന്റെ മരണത്തിന് ആശുപത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് യുവതിയുടെ ഭര്‍ത്താവിന് ഒന്നര ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കാനും ട്രിബ്യൂണല്‍ ഉത്തരവിട്ടത്.

കുഞ്ഞിന് സംഭവിച്ച ശാരീരിക വൈകല്യത്തിന് പ്രത്യേകം കേസ് നല്‍കുമെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. രണ്ടുമാസത്തേക്കാണ് ആശുപത്രി അടച്ചുപൂട്ടാന്‍ മെഡിക്കല്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടത്. അതേസമയം വിധിക്കെതിരെ അപ്പീല്‍ കോടതിയെ സമീപിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

DONT MISS
Top