ബ്രെക്‌സിറ്റ്: ഹിത പരിശോധനാഫലം ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു

share
ദില്ലി: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങാനുളള ബ്രിട്ടന്റെ ഹിതപരിശോധന ഫലം ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചു. സെന്‍സെക്‌സും, നിഫ്റ്റിയും കൂപ്പുകൂത്തി. അതേസമയം, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണവില ഉയര്‍ന്നു.

അടുത്തിടെ വരെ തുടര്‍ച്ചയായി മുന്നേറ്റം രേഖപ്പെടുത്തിയിരുന്ന ഓഹരി വിപണി, ബ്രിട്ടണിലെ ഹിതപരിശോധനഫലത്തെതുടര്‍ന്ന് കൂപ്പുകൂത്തുന്നതിനാണ് സാക്ഷ്യം വഹിച്ചത്. വ്യാപാരത്തിന്റെ തുടക്കം മുതല്‍ തന്നെ വിപണി ഹിത പരിശോധനഫലത്തോട് പ്രതികരിക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തുപോയാല്‍ ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് അനുകൂലമായ ഹിതപരിശോധന ഫലം പുറത്തുവന്നതോടെ വില്‍പ്പനസമ്മര്‍ദ്ദം ആരംഭിച്ചതാണ് വിപണിയ്ക്ക് വിനയായത്.

mumbai

ഒരു ഘട്ടത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 1000 പോയിന്റോളം ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവുണ്ടായി. ബ്രിട്ടനുമായി ഏറ്റവുമധികം വ്യാപാരബന്ധമുളള മേഖലകളിലാണ് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്.

ഓട്ടോ, ബാങ്ക്, എഫ് എംസിജി, ഹെല്‍ത്ത് കെയര്‍ മേഖലകളിലാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിലെ ഓഹരി പങ്കാളിത്തതിലൂടെ ബ്രിട്ടണില്‍ വ്യക്തമായ സ്വാധീനം ഉണ്ടാക്കിയ ടാറ്റാ മോട്ടേഴ്‌സിന്റെ ഓഹരിയില്‍ മാത്രം 10 ശതമാനത്തിലേറെ ഇടിവുണ്ടായി. ടാറ്റയുടെ തന്നെ മറ്റൊരു ഉപസ്ഥാപനമായ ടാറ്റാ സ്റ്റീലാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയ മറ്റൊരു ഓഹരി. ഏകദേശം 10 ശതമാനം നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഹിന്‍ഡാല്‍കോയും, ഐസിഐസിഐ ബാങ്കും, ടെക്ക് മഹീന്ദ്രയുമാണ് നഷ്ടം രേഖപ്പെടുത്തിയ മറ്റു ഓഹരികള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി.

brexit-r

അതേസമയം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്കുളള നിക്ഷേപം ഉയര്‍ന്നു. ഇന്ത്യയുടെ പരാമ്പരാഗത പങ്കാളിയാണ് ബ്രിട്ടണ്‍. ഇന്ത്യയ്ക്ക വ്യാപാരമിച്ചമുളള രാജ്യങ്ങളുടെ പട്ടികയില്‍ നിര്‍ണായക രാജ്യമായ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകുന്നത് വ്യാപാര രംഗത്ത് ഏതു നിലയില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യയിലെ വ്യാപാരസമൂഹം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top