തൃശൂരില്‍ അനധികൃതമായി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ നടപടിയായില്ല

resort

തൃശൂര്‍: പാവറട്ടിയില്‍ തീരദേശപരിപാലനനിയമം കാറ്റില്‍പ്പറത്തി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഇനിയും നടപടിയായില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റിസോര്‍ട്ട് പൊളിക്കാനുള്ള ഗ്രാമപഞ്ചായത്തിന്റെ തീരുമാനം തദ്ദേശ സ്വയംഭരണവകുപ്പ് അട്ടിമറിച്ച വാര്‍ത്ത റിപ്പോര്‍ട്ടറാണ് പുറത്തുകൊണ്ടുവന്നത്. സിനിമാ ഷൂട്ടിംഗിനെന്ന വ്യാജേനയാണ് പാവറട്ടി കൂരിക്കാട് കനോലി കനാല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചത്.

പാവറട്ടി കൂരിക്കാട്ടെ നിര്‍മ്മാണ പ്രവര്‍ത്തനം തീരദേശ പരിപാലനനിയമം ലംഘിച്ചാണെന്നത് പകല്‍പോലെ വ്യക്തമാണ്. കനോലി കനാല്‍ കയ്യേറിയാണ് നിര്‍മ്മാണമെന്ന് പഞ്ചായത്ത് കണ്ടെത്തുകയും കെട്ടിടം പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. കോടതിയെ സമീപിച്ചുവെങ്കിലും സ്വകാര്യവ്യക്തിക്ക് അനുകൂലമായ വിധിയല്ല ഉണ്ടായത്. ഈ സാഹചര്യത്തില്‍ റിസോര്‍ട്ട് പൊളിക്കാനുള്ള സമ്മര്‍ദ്ദം പഞ്ചായത്ത് ശക്തമാക്കി. ഈ ഘട്ടത്തിലാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശ സ്വയംഭരണവകുപ്പ് സ്വകാര്യവ്യക്തിക്കനുകൂലമായി രംഗത്തെത്തുന്നത്. റിസോര്‍ട്ട് പൊളിക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനം റദ്ദാക്കിയുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കി. എന്നാല്‍ ഇത് ഗ്രാമപഞ്ചായത്ത് ചോദ്യം ചെയ്തുവെങ്കിലും നടപടി അനുകൂലമായില്ല.

കെട്ടിടം പൊളിച്ചുനീക്കി കയ്യേറ്റഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം പുതിയ ഭരണസമിതി മന്ദഗതിയിലാക്കിയിട്ടുണ്ടെന്നാണ് നിലവില്‍ ഉയരുന്ന ആരോപണം. സംസ്ഥാന സര്‍ക്കാരില്‍ ഈ ആവശ്യമുന്നയിക്കാന്‍ പഞ്ചായത്ത് മടികാണിക്കുകയാണെന്നും ആക്ഷേപമുണ്ട്. കനോലികനാല്‍ കയ്യേറ്റവും നിര്‍മ്മാണവും സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ടുകൊണ്ടുള്ള പരാതി വിജിലന്‍സിന്റെ പരിഗണനയിലാണ്.

DONT MISS
Top