ലോകേഷ് രാഹുലിന് കന്നി സെഞ്ച്വറി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് വിജയം

Lokesh Rahul

ഹരാരെ: അരങ്ങേറ്റ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ഓപ്പണര്‍ ലോകേഷ് രാഹുലിന്. രാഹുലിന്റെ കന്നി സെഞ്ച്വറിയുടെ മികവില്‍ സിംബ്ബാവെയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ആതിഥേയരായ ഇന്ത്യ ഒന്‍പത് വിക്കറ്റിന്റെ അനായാസ വിജയം നേടി. 169 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 42.3 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ലോകേഷ് രാഹുല്‍ 100 റണ്‍സോടെയും അമ്പാട്ടി റായിഡു 62 റണ്‍സോടെയും പുറത്താകാതെ നിന്നു. ഏഴ് റണ്‍സെടുത്ത കരുണ്‍ നായരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വിജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. രാഹുലാണ് കളിയിലെ താരം.

115 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും ഉള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. സിക്‌സറോടെയാണ് രാഹുല്‍ തന്റെ കന്നി സെഞ്ച്വറിയിലേക്ക് കടന്നത്. മറുവശത്ത് ഉറച്ച പിന്തുണ നല്‍കിയ റായിഡു 120 പന്തിലാണ് 62 റണ്‍സ് എടുത്തത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബ്ബാവെ 49.5 ഓവറില്‍ 168 റണ്‍സിന് പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജസ്പ്രീത് ബൂമ്രയാണ് സിംബ്ബാവെയെ തകര്‍ത്തത്. സ്‌കോര്‍ എട്ടില്‍ നില്‍ക്കെ ഓപ്പണര്‍ പീറ്റര്‍ മൂറിനെ പുറത്താക്കി സ്രാന്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് നിര്‍ണായക ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ എതിരാളികളെ വരിഞ്ഞ് മുറുക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ അഞ്ചിന് 77 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ 41 റണ്‍സെടുത്ത ചിഗുംബരയാണ് 150 കടത്തിയത്. 23 റണ്‍സെടുത്ത സിക്കന്തര്‍ റാസയും 21 റണ്‍സെടുത്ത ഇര്‍വിനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 14 വൈഡ് ഉള്‍പ്പെടെ 20 റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ ഇന്ത്യ വഴങ്ങിയില്ലായിരുന്നെങ്കില്‍ സിംബ്ബാവെയുടെ നില ഇതിലും പരിതാപകരമായേനേ.

DONT MISS
Top