കടലേറ്റം രൂക്ഷമായ തൃശ്ശൂരിലെ തീരമേഖലയില്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍

Kadal

തൃശ്ശൂര്‍: കടലേറ്റം രൂക്ഷമായ തൃശൂര്‍ ജില്ലയുടെ തീരമേഖലയില്‍ ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍. എട്ട് പുലിമുട്ടുകള്‍ ജില്ലയില്‍ സ്ഥാപിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

തൃശൂരിന്റെ തീരമേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി തന്നെ തുടരുകയാണ്. അമ്പതോളം വീടുകളില്‍ വെള്ളം കയറി. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊടുങ്ങല്ലൂര്‍, നാട്ടിക, വാടാനപ്പിള്ളി, ചേറ്റുവ, ചാവക്കാട്, പുന്നയൂര്‍ക്കുളം മേഖലയിലെ തീരദേശമേഖലയിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. കടല്‍ ഭിത്തികളുടെ പുനര്‍നിര്‍മ്മാണം വേഗത്തിലാക്കും. വരുന്ന ബജറ്റില്‍ കടല്‍ക്ഷോഭം നേരിടാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യും. എട്ട് പുലിമുട്ടുകള്‍ ജില്ലയില്‍ സ്ഥാപിക്കുമെന്നും മദ്രാസ് ഐഐടിയെ ഇതുമായി ബന്ധപ്പെട്ട് പഠനത്തിനായി നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇന്നലെയും കനത്ത കടലേറ്റമാണ് ജില്ലയിലുണ്ടായത്. ശക്തമായ കടല്‍ക്ഷോഭത്തില്‍ തീരദേശ റോഡുകള്‍ പലയിടത്തും തകര്‍ന്നു. കുടിവെള്ളം ഉള്‍പ്പെടെയുള്ളവ ലഭിക്കാത്തതിനാല്‍ തീരവാസികള്‍ ഏറെ ദുരിതത്തിലാണ്.

DONT MISS
Top