സച്ചിന്‍ അസാധാരണ പ്രതിഭ, ഞാന്‍ അതല്ല: അലിസ്റ്റര്‍ കുക്ക്

cook

ലോഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സൃഷ്ടിച്ചിരിക്കുന്ന റെക്കോര്‍ഡുകള്‍ തകര്‍ക്കുക തനിക്ക് സാധ്യമല്ലെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ അലിസ്റ്റര്‍ കുക്ക്. സച്ചിന്‍ അസാധാരണ പ്രതിഭയാണ്, പക്ഷെ ഞാന്‍ അതല്ല. കുക്ക് പറഞ്ഞു. ഇംഗ്ലണ്ടിന് വേണ്ടി കഴിയുന്നിടത്തോളം കാലം കളിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും കുക്ക് വ്യക്തമാക്കി.

അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് സച്ചിനില്‍ നിന്നും കുക്ക് കരസ്ഥമാക്കിയിരുന്നു. 31 വയസുള്ള കുക്ക് 128 ടെസ്റ്റുകളില്‍ നിന്ന് 10,042 റണ്‍സും 28 സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ 5,922 റണ്‍സ് കൂടി കുക്കിന് വേണം. കുക്കിന് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അടുത്തിടെ മറ്റൊരു ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നു. കുക്കിന്റെ പ്രായവും ഇംഗ്ലണ്ട് മറ്റ് രാജ്യങ്ങളേക്കാള്‍ വളരെയധികം ടെസ്റ്റുകള്‍ കളിക്കുന്നതും അതിന് അനുകൂല ഘടകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

“ആറായിരം റണ്‍സ് എന്നത് വളരെ അകലെയാണ്. ആ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നത് അസാധാരണ ഇതിഹാസമായ സച്ചിനാണ്. പക്ഷെ ഞാന്‍ അതുപോലെ ഇതിഹാസമല്ല. അതിനാല്‍ അത് വളരെ അകലെയാണ്. ഇപ്പോള്‍ ആസ്വദിക്കാന്‍ കഴിയുന്നിടത്തോളം ക്രിക്കറ്റ് കളിക്കുക എന്നതാണ് ഞാന്‍ ലക്ഷ്യം വെക്കുന്നത്. വ്യക്തിപരമായി ഓരോരുത്തര്‍ക്കും പല ലക്ഷ്യങ്ങളും ഉണ്ടാകും. എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിന്റെ നേട്ടങ്ങള്‍ക്കാണ് ഇപ്പോള്‍ എനിക്ക് പരിഗണന.” കുക്ക് വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top