റിയാദില്‍ പെട്രോള്‍ ടാങ്കറും ബസും കൂട്ടിയിടിച്ച് 15 ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു

accident

റിയാദ്: റിയാദില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ട ബസ് പെട്രോള്‍ ടാങ്കറുമായി കൂട്ടിയിടിച്ച് 15 ഉംറ തീര്ഥാറടകര്‍ മരിച്ചു. ആറു മലയാളികള്‍ ഉള്‍പ്പെടെ പതിനഞ്ച് ഇന്ത്യക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. മലയാളികള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞതിനാല്‍ ആരേയും തിരിച്ചറിഞ്ഞിട്ടില്ല.

ഇടിയുടെ ആഘാതത്തില്‍ ബസില്‍ തീ പടര്‍ന്നതാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. അഞ്ച് മിനിട്ടിനുള്ളില്‍ ബസും പെട്രോള്‍ ടാങ്കറും കത്തിയമര്‍ന്നു. റിയാദ് ബത്ഹയില്‍ നിന്ന് പുറപ്പെട്ട ഉംറ സംഘം അല്‍ ഹാസിയിലാണ് അപകടത്തില്‍ പെട്ടത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരിക്കുകയാണെന്ന് റെഡ്ക്രസന്റ് വക്താവ് അബ്ദുല്ല അല്‍ മുറൈബിദ് അറിയിച്ചു.

പാലക്കാട് സ്വദേശി നവാസ്, കൂട്ടിലങ്ങാടി സ്വദേശി അബ്ദുല്‍ ഷുക്കൂര്‍, മലപ്പുറം പുല്ലാര സ്വദേശി സഫ്‌വാന്‍ പടീക്കുത്ത് എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റു മൂന്ന് മലയാളികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നിരുന്നു. ഇതുവഴിയാണ് രക്ഷപ്പെട്ടതെന്ന് പരിക്കേറ്റ മലയാളികള്‍ പറഞ്ഞു. റിയാദ് ബത്ഹയിലെ വിവിധ ഉംറ തീര്‍ത്ഥാടക ഗ്രൂപ്പില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഇന്നലെ വൈകുന്നേരമാണ് പുറപ്പെട്ടത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിയാനുളള ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

DONT MISS
Top