ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും ഒപ്പമുള്ളവര്‍ വധിക്കാന്‍ ശ്രമിച്ചുവെന്ന് ഇഎസ് ബിജിമോള്‍

bijimol

പീരുമേട്: ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വധിക്കാന്‍ ശ്രമമുണ്ടായതായി ഇഎസ് ബിജിമോള്‍ എംഎല്‍എ. തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധയുണ്ടാക്കാന്‍ ശ്രമമുണ്ടായെന്നും ഇവര്‍ ഒപ്പമുള്ളവരാണെന്നും ബിജിമോള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദിപറയുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച യോഗങ്ങളില്‍ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബിജിമോളുടെ വെളിപ്പെടുത്തല്‍.

പോളിംഗ് ദിവസം ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഭക്ഷ്യ വിഷബാധ ഉണ്ടാക്കാനും അതുവഴി മറ്റ് ബൂത്തുകളെ ഇതിന്റെ പ്രതിഫലനം ഉണ്ടാക്കി തന്നെ പരാജയപ്പെടുത്താനുമാണ് ശ്രമിച്ചതെന്നാണ് ബിജിമോളുടെ വെളിപ്പെടുത്തല്‍. ഇതിന് ഗൂഡാലോചന നടത്തിയവര്‍ ഒപ്പമുള്ളവര്‍ തന്നെയാണെന്നും ബിജിമോള്‍ പറഞ്ഞു.

വിശുദ്ധി തെളിയിക്കാന്‍ അഗ്‌നിശുദ്ധിവരുത്താന്‍ താന്‍ തയ്യാറാണ്. എന്നാല്‍ ഇതിന് പകരം തന്നെയും ഭര്‍ത്താവിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളേയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളും അതിനുള്ള ഗൂഢാലോചനകളുമാണ് തെരഞ്ഞെടുപ്പ് കാലത്ത് മണ്ഡലത്തില്‍ ചിലര്‍ നടത്തിയത് എന്ന് ബിജിമോള്‍ വ്യക്തമാക്കി.

അനധികൃത സ്വത്ത് താന്‍ സമ്പാദിച്ചതായി പതിനാറ് പേജുള്ള ലേഖനം തയ്യാറാക്കി കോപ്പികള്‍ മണ്ഡലത്തില്‍ വിതരണം ചെയ്തവര്‍ വരെയുണ്ട്. അവരെ താന്‍ വെല്ലുവിളിക്കുന്നതായി ബിജിമോള്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top