92 ആം വയസ്സിലും ഓട്ടോയ്ക്ക് സാരഥിയായി പാര്‍ത്ഥസാരഥി

partha
മൈസൂര്‍: എം പാര്‍ത്ഥസാരഥിയ്ക്ക് വയസ് 92. പക്ഷെ ഇപ്പോഴും നല്ല ചുറുചുറുക്കോടെ ഓട്ടോ ഓടിച്ച് നടക്കുന്ന ഈ മനുഷ്യന്‍ മൈസൂര്‍ നഗരത്തിന് അത്ഭുതക്കാഴ്ചയാകുന്നു. അലക്കിത്തേച്ച കുര്‍ത്തയും മുണ്ടും ധരിച്ച് കഴുത്തില്‍ സ്വര്‍ണ ചെയിനും ഇട്ട് ഈ വാര്‍ദ്ധക്യത്തിലും ചെറുപ്പത്തിന്റെ തിളക്കത്തോടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുകയാണ് പാര്‍ത്ഥസാരഥി. നഗരത്തിലെ ചെറുപ്പക്കാരായ ഓട്ടോ ഡ്രൈവര്‍മാരെ പോലും അതിശയിപ്പിക്കുന്നതാണ് പാര്‍ത്ഥസാരഥിയുടെ ഊര്‍ജ്ജം.

ആഘോഷങ്ങള്‍ക്ക് പോലും അവധിയെടുക്കാതെ ദിവസേന 12 മണിക്കൂര്‍ ഇദ്ദേഹം ജോലിചെയ്യും. രാവിലെ 10 മണിക്ക് സ്റ്റാന്റിലെത്തായാല്‍ തിരികെ പോകുന്നത് വൈകിട്ട് അഞ്ച് മണിക്ക്. എത്ര ദുരത്തേക്കുള്ള യാത്രയായാലും പാര്‍ത്ഥസാരഥി യാത്രികരോട് വൈമനസ്യം കാട്ടാറില്ല. ഫോണ്‍വഴി നേരത്തെ ബുക്ക് ചെയ്ത് പാര്‍ത്ഥസാരഥിയെ സാരഥിയാക്കുന്ന സ്ഥിരംയാത്രികര്‍ ഏറെയാണ്.

ഓട്ടോറിക്ഷാ ഡ്രൈവിങ്ങോടെ തീരുന്നില്ല ഒരു ദിവസത്തെ ജോലി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സുഹൃത്തുമൊത്ത് നടത്തുന്ന ഇന്ദിര സ്വീറ്റ്‌സ് എന്ന ബേക്കറിയിലെത്തും. ഇവിടെ മസാല വടകള്‍, മിക്‌സ്ചര്‍, പേട എന്നിവ വില്‍ക്കും. 36 വര്‍ഷത്തിലേറെയായി നടത്തിവരുന്നതാണ് കട. രുചികരമായ ഭക്ഷണങ്ങളും പാര്‍ത്ഥസാരഥിയുടെ സാന്നിധ്യവും നിരവധി സ്ഥിരം ഉപഭോക്താക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

തന്റെ ഒരു ദിവസത്തെ പാര്‍ത്ഥസാരഥി ഇങ്ങനെയാണ് വിവരിക്കുന്നത്. അര്‍ദ്ധരാത്രിയോടെയാണ് ഉറങ്ങാന്‍ കിടക്കുന്നത്. വെളുപ്പിന് ആറുമണിക്ക് ഉണരും. ബ്രാഹ്മണന്‍ കൂടിയായ പാര്‍ത്ഥസാരഥി പൂജകളും ആശ്രമ ദര്‍ശനത്തോടുമാണ് ദിനം ആരംഭിക്കുന്നത്. ലഘുവായ പ്രഭാത ഭക്ഷണവും ഉച്ചയൂണും. 83 കാരിയായ ഭാര്യ രുക്മിണി അമ്മയും മൂന്ന് ആണ്‍മക്കളും എട്ട് കൊച്ചുമക്കളും അടങ്ങുന്നതാണ് പാര്‍ത്ഥസാരഥിയുടെ കുടുംബം. മറ്റൊരു ബന്ധത്തില്‍ ഒരു മകനും മൂന്ന് പെണ്‍മക്കളും കൂടിയുണ്ട് ഇദ്ദേഹത്തിന്.

ഇന്ന് ആറ് ഓട്ടോകളാണ് പാര്‍ത്ഥസാരഥിക്ക് സ്വന്തമായുള്ളത്. വീട്ടുകാര്‍ ഒന്നടങ്കം ജോലി ഉപേക്ഷിച്ച് വിശ്രമിക്കാന്‍ ആവശ്യപ്പെടുമ്പോഴും അത് സാധ്യമല്ലെന്ന നിലപാടിലാണ് ഈ കഠിനാധ്വാനിയായ ‘ചെറുപ്പക്കാരന്‍’.

DONT MISS
Top