ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ 28 ശതമാനം പെണ്‍കുട്ടികളും വിവാഹിതരാകുന്നത് 18 വയസിന് മുന്‍പ്

andra

ദില്ലി: ആന്ധ്ര പ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളില്‍ 28 ശതമാനം പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് വിവാഹിതരാവുന്നെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 59 ശതമാനം കുട്ടികളും 19 വയസിന് മുന്‍പ് ആദ്യകുഞ്ഞിന് ജന്‍മം നല്‍കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പതിനെട്ട് വയസിന് മുന്‍പ് വിവാഹിതരാകുന്ന ആണ്‍കുട്ടികള്‍ വെറും ഒരുശതമാനം മാത്രമാണ്.

രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 19 വയസ്സിന് താഴെയുള്ള അഞ്ഞൂറ് വീതം ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഇതില്‍ 15 വയസിന് മുന്‍പ് പഠനം നിര്‍ത്തുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും 18 വയസിന് മുന്‍പ് വിവാഹിതരാകുന്നതിനാണ് സാധ്യതയെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. പഠനം തുടരുന്നവരേക്കാള്‍ ഏതാണ്ട് നാലുമടങ്ങ് അധികമാണ് വിവാഹിതരാകുന്നവരുടെ കണക്ക്. വിവാഹിതരാകുന്നവരില്‍ 59 ശതമാനം പെണ്‍കുട്ടികളും പത്തൊന്‍പതാം വയസില്‍ തങ്ങളുടെ ആദ്യ കുഞ്ഞിന് ജന്‍മം നല്‍കുന്നുണ്ട്.

വളരെ പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളേക്കാള്‍ രണ്ട് മടങ്ങ് അധികമാണ് താരതമ്യേന പാവപ്പെട്ട കുടുംബങ്ങളിലെ 18 വയസിന് മുന്‍പ് വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ എണ്ണം. 2013 ല്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മക്കളുടെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും ഇല്ലാത്ത മാതാപിതാക്കളാണ് 18 വയസിന് മുന്‍പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നവരില്‍ ഏറെയും.

ചില്‍ഡ്രന്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഫൗണ്ടേഷനായ യങ് ലീവ്‌സ് ഇന്ത്യയും ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വിമണ്‍ എന്ന സംഘടനയുമായി ചേര്‍ന്നാണ് പഠനം നടത്തിയിരിക്കുന്നത്.

DONT MISS
Top