സ്‌കൂളില്‍ വടംവലി മത്സരത്തിനിടെ പതിമൂന്നുകാരിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു

madison

പെല്‍സിറ്റി: സ്‌കൂളിലെ കായികദിനത്തോട് അനുബന്ധിച്ച് നടത്തിയ വടംവലി മത്സരത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. 13 കാരിയായ മാഡിസണ്‍ വെന്റ്‌വര്‍ത്ത് ആണ് ആകസ്മികമായി മരിച്ചത്. അമേരിക്കയിലെ പെല്‍സിറ്റിയിലാണ് സംഭവം. ഇവിടുത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു മാഡിസണ്‍.

വടംവലി മത്സരം നടക്കവെ മാഡിസണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. സ്‌കൂളിലെ നസ്‌ഴുമാര്‍ ഓടിയെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ കുട്ടി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷെ എന്താണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാകാതെ സ്തബ്ധരായി നില്‍ക്കുകയാണ് മാതാപിതാക്കളും കൂട്ടുകാരും അധ്യാപകരും.

സ്‌കൂളിലെ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് മകള്‍ വളരെ സന്തോഷവതിയായിരുന്നെന്ന് മാഡിസണിന്റെ അമ്മ ലെസ്ലി വെന്റ്‌വര്‍ത്ത് പറഞ്ഞു. ചാക്ക് റെയ്‌സ്, സോഫ്റ്റ്ബാള്‍, വാട്ടര്‍ ബലൂണ്‍ തുടങ്ങിയ മത്സര ഇനങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തിരിക്കുകയായിരുന്നു അവള്‍.

മാഡിസണിന് ശാരീരികമായ അസ്വസ്ഥതകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ മാഡിസണ്‍ തനിക്ക് തലവേദന ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ചിരുന്നെന്ന് മകള്‍ പറഞ്ഞതായി എതിര്‍ടീമിലെ ഒരു വിദ്യാര്‍ത്ഥിയുടെ അമ്മ വ്യക്തമാക്കി. അതേസമയം കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയിരുന്നില്ലെന്ന് ഒരു മാതാവ് പറഞ്ഞു. വിശ്രമമുറിയില്‍ എത്തിയതിന് ശേഷം മാത്രമേ കുട്ടികള്‍ക്ക് വെള്ളം കുടക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. അല്ലാത്ത പക്ഷം അവര്‍ സ്വയം വെള്ളംവാങ്ങി കുടിക്കേണ്ട സാഹചര്യമായിരുന്നു. അവര്‍ അഭിപ്രായപ്പെട്ടു.

DONT MISS
Top