ശക്തമായ രാഷ്ട്രീയ സന്ദേശവുമായി മാപ്പിള ഹിപ്ഹോപ്; ‘ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍’- മാമുക്കോയ വീണ്ടും വീഡിയോ ആല്‍ബത്തില്‍

funeral

സമകാലിക ദേശീയ,രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മലയാളത്തിലെ മാപ്പിള ഹിപ് ഹോപ് ആല്‍ബം ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ പുറത്തിറങ്ങി. നേറ്റീവ് ബാപ്പ എന്ന ആദ്യ ആല്‍ബത്തിലൂടെയും കെഎല്‍ പത്ത് എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ സംവിധായകന്‍ മുഹ്സിന്‍ പരാരിയാണ് ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

രാജ്യത്ത് ഉയര്‍ന്നു വരുന്ന ഫാസിസ്റ്റ് പ്രവണതക്കും ഭരണകൂട ഭീകരതക്കും എതിരായ വിമര്‍ശനമാണ് ഈ വീഡിയോ ആല്‍ബം മുന്നോട്ടുവെക്കുന്നത്. സമീപകാലത്ത് രാജ്യത്തെ വിവിധ സര്‍വ്വകലാശാലകളില്‍ ഉയര്‍ന്നു വന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും വീഡിയോയില്‍ പരാമര്‍ശിക്കപ്പെടുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ പോരാട്ടവും ആല്‍ബത്തിന് വിഷയമായിട്ടുണ്ട്. കശ്മീര്‍ പ്രക്ഷോഭം, ഗുജറാത്ത് വംശഹത്യ തുടങ്ങി നിരവധി ഗൗരവമേറിയ വിഷയങ്ങളാണ് ആല്‍ബത്തിന് പശ്ചാത്തലം.

മാമുക്കോയയാണ് ആല്‍ബത്തില്‍ ബാപ്പയുടെ വേഷത്തിലെത്തിയിരിക്കുന്നത്. ബിജിപാലിന്റെ സംഗീത സംവിധാനത്തില്‍ രശ്മി സതീഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാമുക്കോയയെക്കൂടാതെ രശ്മി സതീഷും ഹാരിസും ഗാനത്തില്‍ അഭിനയിച്ചിട്ടുണ്ട്.

വീഡിയോ ആല്‍ബം ഈ ലിങ്കില്‍ കാണാം

bappa

കേരളത്തിലടക്കം ഉയര്‍ന്നു വരുന്ന ഇസ്‌ലാം വിരോധത്തെ വിമര്‍ശന വിധേയമാക്കിയ നേറ്റീവ് ബാപ്പയാണ് മാപ്പിള ലഹള ബാനറില്‍ മുഹ്‌സിന്‍ പരാരിയും സംഘവും ഒരുക്കിയ സംഗീത ആല്‍ബം. നടന്‍ മാമുക്കോയ ആദ്യമായി ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിച്ചതും നേറ്റീവ് ബാപ്പയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ പുറത്തിറങ്ങിയത്. കൊച്ചിയിലെ കഫെ പപ്പായയില്‍ ചലച്ചിത്ര സംവിധായകന്‍ ആഷിഖ് അബു, സംഗീതസംവിധായകന്‍ ബിജിപാല്‍ എന്നിവര്‍ ആല്‍ബം റിലീസിങ്ങ് ചടങ്ങില്‍ പങ്കെടുത്തു.

DONT MISS
Top