സുശീല്‍ കുമാറിന് തിരിച്ചടി; ഒളിമ്പിക്‌സ് പരിശീലന സംഘത്തില്‍ ഇല്ല

susheel

ദില്ലി: ഒളിമ്പിക്‌സ് മോഹവുമായി കാത്തിരിക്കുന്ന ഗുസ്തി താരം സുശീല്‍ കുമാറിന് വീണ്ടും തിരിച്ചടി. റെസ്ലിംഗ് ഫെഡറേഷന്റെ ഒളിമ്പിക്‌സ് തയ്യാറെടുപ്പിനുള്ള സംഘത്തില്‍ നിന്ന് സുശീലിനെ പുറത്താക്കി. ബുധനാഴ്ച മുതല്‍ സോനേപട്ടിലാണ് ക്യാംപ് ആരംഭിക്കുന്നത്. ക്വാട്ട പ്രകാരം യോഗ്യത ലഭിച്ചിരിക്കുന്ന ഗുസ്തി താരങ്ങളെ മാത്രമാണ് ക്യാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇരട്ട ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സുശീല്‍ 74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. എന്നാല്‍ ഈ വിഭാഗത്തിലേക്ക് ഇത്തവണ നര്‍സിംഗ് പഞ്ചം യാദവാണ് യോഗ്യത നേടിയിരിക്കുന്നത്. ഒളിമ്പിക്‌സിനായുള്ള പരിശീലന ക്യാമ്പ് ബുധനാഴ്ച ആരംഭിക്കുമെന്നും ക്വാട്ട പ്രകാരം യോഗ്യത നേിയിട്ടുള്ള എല്ലാ താരങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ വക്താവ് പറഞ്ഞു. ക്യാംപിന്റെ ഭാഗമാകാന്‍ താത്പര്യം ഉണ്ടെങ്കില്‍ സുശീലിനും പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ വിഭാഗത്തിലും യോഗ്യത നേടിയവര്‍ക്ക് പരിശീലനം നത്തുന്നതിനായി അനുയോജ്യരായ എതിരാളികളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തിലും സുശീലിനെ ഉള്‍പ്പെടുത്തിയിട്ടില്ല. താരങ്ങള്‍ സ്വയമാണ് സഹപരിശീലന താരങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും അതില്‍ ഫെഡറേഷന് അധികാരമില്ലെന്നും വക്താവ് പറഞ്ഞു. ക്യാംപിനിടയില്‍ പരിക്ക് പറ്റാന്‍ സാധ്യതയുള്ളതിനാല്‍ സഹപരിശീലകനെ തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. പരസ്പരം എതിര്‍പ്പ് നിലനില്‍ക്കുന്നവരായാല്‍ അത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അതിനാലാണ് തങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

74 കിലോ വിഭാഗത്തിലെ മത്സരാര്‍ത്ഥിയെ കണ്ടെത്തുന്നതിന് ട്രയല്‍സ് നടത്തണമെന്ന് സുശീല്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ട്രയല്‍സ് നടത്തുന്നതുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദ്ദേശവും തങ്ങള്‍ക്ക് സര്‍ക്കാരില്‍ വനിന്ന് ലഭിച്ചിട്ടില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top