തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ച പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്ത സിപിഐഎം പ്രവര്‍ത്തകന് മര്‍ദ്ദനം

bangal

കൊല്‍ക്കത്ത: തൃണമൂല്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച പൊതു കുഴല്‍ കിണറ്റില്‍ നിന്നും വെള്ളം ശേഖരിച്ചതിന്റെ പേരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ കുടുംബത്തിന് മര്‍ദ്ദനം. ബംഗാളിലെ പര്‍ഗാനയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 60 കാരനായ നിമായി സാന്‍പുയിയേയും കുടുംബാംഗങ്ങളേയുമാണ് ഒരു സംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചത്. സംഭവത്തില്‍  രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിമായി പൊലീസില്‍ പരാതി നല്‍കി.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. വെള്ളം ശേഖരിക്കുന്നതിന് കുഴല്‍കിണറിന് സമീപമെത്തിയ നിമായിയുടെ മരുമകളെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ തടയുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന് മറുപടിയായി കിണറ്റില്‍ നിന്നും വെള്ളം ശേഖരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നു പറഞ്ഞ യുവതിയെ പ്രവര്‍ത്തകര്‍ തല്ലി. ഇതിന് പിന്നാലെ നിമായിയെയും മകനേയും പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. സിപിഐഎം അനുഭാവികള്‍ കിണറ്റില്‍ നിന്നും വെള്ളമെടുക്കേണ്ടന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഇതിന് മുന്‍പും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി നിമായി പറഞ്ഞു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വോട്ടു ചെയ്താല്‍ കൈ വെട്ടുമെന്ന് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി നിമായി പറയുന്നു. അതേസമയം, നിമായിയുടെ കുടുംബത്തിന് വെള്ളം നിഷേധിച്ചിട്ടില്ലെന്ന് പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പലാഷ് ദാസ് പറഞ്ഞു. സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും പലാഷ് പറഞ്ഞു.

DONT MISS
Top