അന്വേഷണസംഘം ജിഷയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി: മാധ്യമങ്ങള്‍ക്ക് നേരെ അസഭ്യവര്‍ഷം

jisha

കൊച്ചി: അന്വേഷണസംഘം ജിഷയുടെ വീട്ടില്‍ എത്തി തെളിവെടുപ്പ് നടത്തി. അന്വേഷണ ചുമതലയുളള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യുടെ നേത്യത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സമീപ വീടുകളിലും തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. സമീപത്തെ വീടുകളിലെ തെളിവെടുപ്പ് പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അയല്‍വാസികള്‍ ചീത്തവിളിച്ചു.

അന്വേഷണം ഇഴഞ്ഞുനീങ്ങുന്നെന്ന ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് അന്വേഷണ പുരോഗതി വിലയിരുത്താന്‍ സംഘം ജിഷയുടെ വീട്ടിലെത്തിയത്. കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചിരുന്നു. മധ്യമേഖലാ ഐജിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘത്തെയാണ് പുതുതായി അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പെരുമ്പാവൂര്‍ ഡിഐഎസ്പി കെ. അനില്‍ കുമാറിനെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

ജിഷയുടെ മരണം ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ജിഷയുടെ ശരീരത്തില്‍ ആഴത്തില്‍ ഉള്ള 38 മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. പീഡനം നടന്നോ എന്നത് ആന്തരികാവയവങ്ങളുടെ രാസപരിശോധന കഴിഞ്ഞാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top