ജിഷയെ കൊന്നത് കഴുത്തു ഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

JISHA-MURDER

ആലപ്പുഴ: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ ജിഷയെ കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മാരകമായ മുറിവുകളും ജിഷയുടെ പുറത്ത് കടിയേറ്റ പാടുകളും ഉണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ പലതും തകര്‍ന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിനു കൈമാറി.

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്. എന്നാല്‍, പീഡനം നടന്നോ എന്നറിയാന്‍ ആന്തരികാവയവങ്ങള്‍ രാസപരിശോധന നടത്തിയാല്‍ മാത്രമേ സാധിക്കൂ. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ജിഷയുടെ ശരീരത്തില്‍ 38 മുറിവുകള്‍ ഉള്ളതായി റിപ്പോര്‍ട്ട് പറയുന്നു. ഒരോ മുറിവിന്റെയും ആഴവും വിശദാംശങ്ങളും ഉള്‍പ്പെടുന്ന അഞ്ച് പേജുള്ള റിപ്പോര്‍ട്ടാണ് പൊലീസിന് കൈമാറിയിട്ടുള്ളത്.

പിജി വിദ്യാര്‍ത്ഥിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്ന റിപ്പോര്‍ട്ട് നേരത്തേ പുറത്തു വന്നിരുന്നു. എന്നാല്‍ അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ തിരുത്തുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഷയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

അതേസമയം ജിഷയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണത്തില്‍ നിര്‍ണായക പുരോഗതിയെന്ന് ആലുവ റൂറല്‍ എസ് പി യതീഷ് ചന്ദ്ര പ്രതികരിച്ചു. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം അവസാനഘട്ടത്തിലാണ്.പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. അക്രമം നടന്ന ദിവസം പെണ്‍കുട്ടിയുടെ വീടിന് പുറത്തു കണ്ട ആളുടെ ചിത്രമാണ് ദൃക്‌സാക്ഷികളുടെ സഹായത്തോടെ പൊലീസ് തയാറാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top