അരുംകൊല ചെയ്യപ്പെട്ട ഇതരസംസ്ഥാന തൊഴിലാളിക്ക് ആദരം; ബിജിബാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു

bijibal

കേരളത്തിന്റ മകള്‍ ജിഷയുടെ മൃഗീയ കൊലപാതകത്തിന്റെ ഞെട്ടലില്‍ നില്‍ക്കെയാണ് കേരളം ഇന്നലെ മറ്റൊരു ഹീനകൃത്യത്തിന് സാക്ഷ്യം വഹിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ വെയിലത്ത് കെട്ടിയിട്ട് കൊലപ്പെടുത്തിയതായിരുന്നു ആ സംഭവം. അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഈ വിഷയത്തില്‍ സംഗീത സംവിധായകന്‍ ബിജിബാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച മനസില്‍ തൊടുന്ന പോസ്റ്റ് വൈറലാകുന്നു.

“കോട്ടയത്ത് മാന്യന്‍മാരും മഹാന്‍മാരും എല്ലാം തികഞ്ഞവരുമായ ചിലരാല്‍ കൈയും കാലും ബന്ധിക്കപ്പെട്ട് വായില്‍ നിന്ന് നുരയും പതയും വന്ന് വെയിലത്ത് കിടന്ന് പിടഞ്ഞു മരിച്ച മഹാനല്ലാത്ത കൈലാസ് ജ്യോതി ബോറയ്ക്ക് ആദരാഞ്ജലി”. ഇതായിരുന്നു ബിജിബാലിന്റെ ഈ വിഷയത്തിലുള്ള പ്രതികരണം.

കോട്ടയം ചിങ്ങവനത്തായിരുന്നു സംഭവം. നാട്ടുകാര്‍ കെട്ടിയിട്ട അസം സ്വദേശിയായ കൈലാസ് ഒരുമണിക്കൂറിലേറെ വെയിലേറ്റുകിടന്ന് മരിക്കുകയായിരുന്നു. അതേസമയം ഇയാള്‍ അക്രമാസക്തനായതിനെ തുടര്‍ന്നാണ് കെട്ടിയിട്ടതെന്നാണ് നാട്ടുകാരുടെ വിശദീകരണം.

ജോലിതേടിയാണ് കൈലാസ് രണ്ടുസുഹൃത്തുക്കള്‍ക്കൊപ്പം കോട്ടത്തെത്തിയത്. മനോദൗര്‍ബല്യം പ്രകടിപ്പിച്ച കൈലാസ് പതിനൊന്ന് മണിയോടെ കുറിച്ചി മലകുന്നം ചിറമുട്ടം ക്ഷേത്രത്തിന് സമീപമുള്ള നാലുവീടുകളില്‍ കയറിയതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ കൂടിയതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ച കൈലാസ് ചിറമുട്ടം ക്ഷേത്രത്തിന് സമീപം കുഴഞ്ഞുവീണു. പിന്നാലെയെത്തിയവര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ അക്രമാസക്തനായി. തുടര്‍ന്ന് ഇയാളെ കെട്ടിയിടുകയായിരുന്നു.

DONT MISS
Top