ജിഷയ്ക്ക് വരകളിലൂടെ ആദരാഞ്ജലി അര്‍പ്പിച്ച് കണ്ണൂരില്‍ ചിത്രകൂട്ടായ്മ

JIsha tribute

കണ്ണൂര്‍: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിരവധി പരിപാടികളാണ് അരങ്ങേറുന്നത്. അതില്‍ ഏറെ വ്യത്യസ്തമാര്‍ന്ന ഒന്നായിരുന്നു ജിഷയ്ക്ക് വരകളിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കണ്ണൂരില്‍ നടന്ന ചിത്രകൂട്ടായ്മ. അകാലത്തില്‍ മണ്‍മറഞ്ഞ ചിത്രകാരന്‍ അര്‍ജ്ജുന്‍ കെ ദാസിന്റെ ഓര്‍മയ്ക്കായി സംഘടിപ്പിച്ച ചിത്രപ്രദര്‍ശനത്തിന്റെ സമാപനത്തിലായിരുന്നു കേരളത്തിന്റെ മകള്‍ക്ക് ചിത്രങ്ങളിലൂടെ പ്രണാമം അര്‍പ്പിച്ചത്.

ദൈവം അനുഗ്രഹിച്ച കൈകളില്‍ അര്‍ജ്ജുന്‍ ദാസ് ബ്രഷ് ഏന്തിയപ്പോള്‍ വിരിഞ്ഞത് വര്‍ണച്ചിത്രങ്ങളായിരുന്നു. വിനോദയാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട് കഴിഞ്ഞ വര്‍ഷം അന്തരിച്ച പയ്യന്നൂര്‍ സ്വദേശി അര്‍ജ്ജുന്റെ സൃഷ്ടികളുടെ ചിത്രപ്രദര്‍ശനം ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഉദ്ഘാടനം ചെയ്തത്. ചിത്രപ്രദര്‍ശനത്തിന്റെ സമാപനത്തിലാണ് ചിത്രകാരന്‍മാര്‍ ഒത്തുകൂടി ദാരുണമായി കൊല്ലപ്പെട്ട ജിഷയ്ക്ക് വരകളിലൂടെ അന്ത്യാഞ്ജലി അര്‍പ്പിച്ചത്. വരകളില്‍ നൈപുണ്യം നേടിയ പൊന്ന്യന്‍ ചന്ദ്രന്‍, മോഹന്‍ ചാലാട്, സെല്‍വന്‍ മേലൂര്‍ തുടങ്ങിയവരുടെ കൂട്ടായ്മ പെണ്‍ജീവിതം അപഹരിക്കപ്പെടുന്നത് വിവിധങ്ങളായി വരച്ചു.

നമ്മുടെ നാട്ടില്‍ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ അതിനോടുകൂടി പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ സാധിക്കൂ എന്നും അതിനാല്‍ത്തന്നെ അര്‍ജ്ജുന്‍ കെ ദാസിന്റെ ഓര്‍മയില്‍ തുടങ്ങിയ ചിത്രപ്രദര്‍ശനം ജിഷയുടെ ഓര്‍മയിലാണ് അവസാനിക്കുന്നതെന്നും കലാകാരന്‍മാര്‍ അഭിപ്രായപ്പെട്ടു.

അര്‍ജ്ജുന്‍ ദാസ് ഫൗണ്ടേഷനാണ് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ ചിത്രപ്രദര്‍ശനവും ചിത്രരചനാ മത്സരവും സഘടിപ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top