ജിഷയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താനാകാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു

perumbavoor-jisha

പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനിയായ ജിഷ മൃഗീയമായി കൊല്ലപ്പെട്ടിട്ട് എട്ടുദിവസങ്ങള്‍ പിന്നിടുമ്പോഴും കേസില്‍ ഒരു തുമ്പും കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി പോലീസ്. യഥാര്‍ത്ഥ പ്രതിയെ കുറിച്ച് ഇതുവരെയും കൃത്യമായ ഒരു സൂചന പോലീസിന് ലഭിച്ചിട്ടില്ല. നിരവധി പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘം പരാജയപ്പെടുകയാണ്. ആദ്യ ദിവസങ്ങളില്‍ കൃത്യമായ നിലയില്‍ അന്വേഷണം നടത്താത്തതാണ് തിരിച്ചടിക്ക് കാരണമായതെന്ന് പോലീസിനുള്ളില്‍ നിന്നുതന്നെ ആക്ഷേപം ഉയരുന്നുണ്ട്.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് സംഭവത്തെ ഗൗരവമായി എടുത്തത് തന്നെ. അതും മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത ശേഷം. മരണത്തില്‍ സംശയം ഉയര്‍ന്നിരുന്നെങ്കിലും പ്രാഥമിക തെളിവുശേഖരണം പോലും കൃതൃമായി നടത്താന്‍ പോലീസിന് സാധിച്ചില്ല. ഇത് പ്രതിക്ക് ഗുണകരമായിത്തീര്‍ന്നു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍ത്ത് മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥിയാണെന്ന ആരോപണവും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് നിഷേധിക്കുന്നുണ്ട്. അസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ജിഷയുടെ മരണം ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ജിഷയുടെ ശരീരത്തില്‍ ആഴത്തില്‍ ഉള്ള 38 മുറിവുകള്‍ ഉള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ക്രൂരമായ കൊലപാതകമാണ് നടന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്. പീഡനം നടന്നോ എന്നത് ആന്തരികാവയവങ്ങളുടെ രാസപരിശോധന കഴിഞ്ഞാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂ.

jisha

അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപി പെരുമ്പാവൂരിലെത്തും. അതേസമയം കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. മധ്യമേഖലാ ഐജിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘത്തെയാണ് പുതുതായി അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പെരുമ്പാവൂര്‍ ഡിഐഎസ്പി കെ. അനില്‍ കുമാറിനെ അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശക്തമായ പ്രതിഷേധം തുടരുകയാണ്. ജിഷയുടെ ഘാതകരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഇന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇട്ത സഹയാത്രികരായ വനിതകള്‍ ഇന്നലെ കൊച്ചിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ജിഷയെ കൊലപ്പെടുത്തിയവരെ തൂക്കിക്കൊല്ലണമെന്ന് കൂട്ടായ്മ ഉദ്ഘാടനം ചെയ്ത നടി കെപിഎസി ലളിത അഭിപ്രായപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top