ഭരണഘടനാ ഭേദഗതിയെച്ചൊല്ലി തുര്‍ക്കി പാര്‍ലമെന്റില്‍ പൊരിഞ്ഞ പോര്

turkey

അങ്കാറ: തുര്‍ക്കി പാര്‍ലമെന്റില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായ അടിപിടിയില്‍ നിരവധി എംപിമാര്‍ക്ക് പരുക്കേറ്റു. ഭരണകക്ഷിയായ ആക് പാര്‍ട്ടി അംഗങ്ങളും പ്രധാന പ്രതിപക്ഷമായ എച്ച്ഡിപി അംഗങ്ങളുമാണ് ഏറ്റുമുട്ടിയത്. ഭരണഘടനാ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ച കൈയാങ്കളിയിലേക്ക് വഴിമാറുകയായിരുന്നു. പരസ്പരം കസേരകള്‍ വലിച്ചെറിഞ്ഞും തല്ലിയുമാണ് ഇരുപക്ഷത്തെയും എംപിമാര്‍ രംഗം കൊഴുപ്പിച്ചത്.

ഒരാള്‍ പാര്‍ലമെന്റംഗം ആയിരിക്കുന്ന കാലത്തോളം കേസെടുക്കാനോ വിചാരണ ചെയ്യാനോ സാധിക്കില്ലെന്നാണ് തുര്‍ക്കി ഭരണഘടന അനുശാസിക്കുന്നത്. എംപിമാരെ വിചാരണ ചെയ്യുന്നതിനുള്ള നിയന്ത്രണം പിന്‍വലിക്കണമോ എന്ന ചര്‍ച്ചയാണ് നിയന്ത്രണം വിട്ട് പോരായത്. പ്രതിപക്ഷത്തെ കിരുശിലേറ്റാനാണ് ഭേദഗതി കൊണ്ടുവരാന്‍ ഭരണപക്ഷം ശ്രമിക്കുന്നതെന്ന് എച്ച്ഡിപി ആരോപിച്ചു. നേരത്തേ നടന്ന പാര്‍ലമെന്റ് സമ്മേളനവും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പൊലീസിന് അധികാരം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ബില്ലാണ് അന്ന് ഏറ്റുമുട്ടലിനിടയാക്കിയത്. നിയമം പാസാവുകയാണെങ്കില്‍ രാജ്യത്ത് പൊലീസ് ഭരണമാവും നടക്കുകയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

DONT MISS