കാലം കാത്തുവെച്ച പുണ്യഭൂമിയിലൂടെ: (രാമേശ്വരം-ധനുഷ്‌കോടി യാത്ര)

dhanushkodi2

‘അനുഭൂതിയുടെ അനന്തവിഹായസ്സാണു യാത്രകള്‍ ‘ എന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കും ചില സ്ഥലങ്ങള്‍ , കാഴ്ച്ചകള്‍. ഭാരതത്തിന്റെ പൈതൃകമുറങ്ങുന്ന രാമേശ്വരം മാടി വിളിക്കുവാന്‍ തുടങ്ങിയിട്ട് നാളേറെയായി. പുലര്‍ക്കാല ഹരിതാഭയില്‍ ജ്വലിച്ചു നില്‍ക്കുന്ന പുണ്യഭൂമി. രാമനാഥപുരം പിന്നിട്ടാല്‍ പിന്നെ തദ്ദേശവാസികളെക്കാള്‍ ഏറെ തീര്‍ത്ഥാടകരെയാണു കാണാന്‍ കഴിയുക. വഴിയരികില്‍ വരിവരിയായി നടന്നു നീങ്ങുന്ന ആട്ടിന്‍ കൂട്ടങ്ങള്‍. തിരക്കേറിയ വീഥിയിലൂടെ ചെറു വടിയാലും ചൂളമടിയാലും അവയെ നിയന്ത്രിച്ചു കൊണ്ടുപോകുന്ന ആട്ടിടയന്മാര്‍. റോഡിനു മറുവശത്ത് പരന്നു കിടക്കുന്ന ഉപ്പ് പാടങ്ങള്‍. കേട്ട് പഴകിയ പരസ്യത്തിലെന്നപോലെ പ്രശസ്തമായ പാമ്പന്‍പാലം ഇരുകരകള്‍ക്കുമിടയില്‍ പ്രൗഢിയോടെ നീണ്ടു നിവര്‍ന്ന് കിടക്കുന്നു. സൈക്ലോണില്‍ തകര്‍ന്ന പഴയ പാലത്തിനോട് ചേര്‍ന്നാണു പുതിയ പാലം.
ക്ഷേത്ര നഗരിയായ രാമേശ്വരത്തിന്റെ തിരക്കേറിയ വീഥികളിലൂടെയുള്ള കാല്‍നട യാത്ര ചെന്നവസാനിച്ചത് ശ്രീ രാമനാഥ സ്വാമി ക്ഷേത്രത്തിലാണ്. രാമേശ്വരം ക്ഷേത്രത്തിലെ പ്രധാന പൂജാരി കുടുംബമായ പക്ഷി ശാസ്ത്രികളുടെ വീട് ഇവിടേക്ക് വരും വഴിയാണ്. അതിരാവിലെയുള്ള സന്ദര്‍ശനമായതിനാല്‍ പൂജാരിയെ കാണുവാന്‍ കഴിഞ്ഞില്ല. തിരക്കൊഴിഞ്ഞിട്ടാവാം എന്നായി അനുയായി. അല്‍പം വിഷാദത്തോടെയെങ്കിലും ഞങ്ങള്‍ മുന്‍പോട്ട് നീങ്ങി. പക്ഷി ലക്ഷ്മണ ശാസ്ത്രികളുടെ പുത്രനായ പക്ഷി രാമനാഥ ശാസ്ത്രികളാണു ഇപ്പോളത്തെ പ്രധാന പൂജാരി. സീതാപഹരണ വേളയില്‍ രാവണന്റെ വാളിനിരയായ പക്ഷി ശ്രേഷ്ടനായ ജഡായുവിനു ശ്രീരാമനാല്‍ മോക്ഷ പ്രാപ്തി കൈവന്നുവെന്നും പൂജ ചെയ്യുവാനുള്ള അവകാശം ലഭിച്ചു എന്നുമാണ് വിശ്വാസം.

dhanushkodi
നേരം എട്ടുമണിയോടടുത്തതിനാല്‍ ടോക്കണ്‍ കൗണ്ടറില്‍ തിരക്കേറിത്തുടങ്ങി. ആളൊന്നുക്ക് ഇരുപത്തിയഞ്ചു രൂപയാണു ഫീസ്. ക്ഷേത്രത്തിനു സമീപമുള്ള കടലില്‍ മുങ്ങിക്കുളിച്ചിട്ടെ അകത്തേക്കു പ്രവേശനമുള്ളു. ഒരര്‍ത്ഥത്തില്‍ പുണ്യസ്‌നാനം തുടങ്ങുന്നത് ഇവിടെ നിന്നാണെന്നു പറയാം . ഈ ക്ഷേത്രത്തിലെ പ്രദക്ഷിണത്തിനുള്ള ദീര്‍ഘമായ ഇടനാഴികള്‍ പ്രസിദ്ധമാണ്. ഹിന്ദു വിശ്വാസപ്രകാരം ക്ഷേത്രത്തിനുള്ളിലെ ഇരുപത്തിരണ്ട് പവിത്ര കിണറുകളിലെ ജലത്തിലെ സ്‌നാനം ചെയ്ത പാപങ്ങള്‍ കഴുകികളഞ്ഞ് മോക്ഷപ്രാപ്തി ലഭിക്കും എന്നാണു കരുതിപ്പോരുന്നത്.

dhanushkodi1

സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഇന്ത്യന്‍ മഹാസമുദ്ര തീരത്ത് സ്ഥിതിചെയ്യുന്ന സ്വാമി വിവേകാനന്ദ ഹാള്‍ അതിനോട് ചേര്‍ന്ന മെഡിറ്റേഷന്‍ ഹാളും, കടല്‍ മത്സ്യങ്ങളുടെ അക്വേറിയവും മ്യൂസിയവും ഒക്കെ കാഴ്ച്ചകള്‍ക്ക് കൂടുതല്‍ ശോഭയേകി. പവിഴപുറ്റുകളുടെയും കടല്‍ സസ്യങ്ങളുടെയും ഇടയില്‍ ഓടി നടക്കുന്ന സ്വര്‍ണ്ണ മുത്തുകള്‍ പോലെമത്സ്യകുഞ്ഞുങ്ങള്‍. ചിത്രങ്ങള്‍ പകര്‍ത്തുന്നത് പലയിടങ്ങളിലും അനുവദനീയമല്ല എന്നതൊരു ദുഖകരമായ കാര്യമാണ്. സമുദ്രത്തില്‍ നിന്നു വീശിയടിക്കുന്ന തണുത്ത കാറ്റ്, കടലിന്റെ സംഗീതം , ഏകാന്തതയെ പ്രണയിക്കുന്നവരെ മാടി വിളിക്കുന്ന പ്രകൃതിയുടെ ശാന്ത സൗന്ദര്യം. ഏകദേശം രണ്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു യാത്ര തുടര്‍ന്നു. ഏതു നാട്ടിലെത്തിയാലും അവിടുത്തെ ഭക്ഷണ രീതിയുമായി ഇണങ്ങുന്നത് അറിയാതെ തന്നെയൊരു ശീലമായി. മീനിന്റെ രുചിഭേദങ്ങള്‍ അറിയണമെങ്കില്‍ രാമേശ്വരത്തു വരണം. ഭക്ഷണം കഴിച്ചു വിശ്രമത്തിനു ശേഷമാണു ഗോസ്റ്റ് സിറ്റി എന്നറിയപ്പെടുന്ന ധനുഷ്‌കോടിയിലേക്കുള്ള യാത്ര തുടര്‍ന്നത്. ഒരു പക്ഷേ കേട്ടറിവു മാത്രമുണ്ടായിരുന്ന ധനുഷ്‌ക്കോടിയോടുള്ള അടങ്ങാത്ത ആവേശമാവും ഇവിടെയെത്തുവാന്‍ കൂടുതല്‍ പ്രേരിപ്പിച്ചത്.

rameswaram
രാമേശ്വരത്തു നിന്നും ഏകദേശം പതിനെട്ട് കിലോമീറ്ററോളം ദൂരം. സഞ്ചാരികള്‍ക്കായി വാനുകളും ജീപ്പുകളും ലഭ്യമാണ്. കാല്‍നടയായി യാത്ര ചെയ്യുന്നവരും ഉണ്ട്. റോഡിനിരുവശവും മുള്‍ച്ചെടികളും കുറ്റിച്ചെടികളും. അതിനുമപ്പുറം വിശാലമായ മണല്‍പ്പരപ്പുകള്‍. മയിലുകളെ കൂട്ടത്തോടെ കാണുന്നതിതാദ്യമായിട്ടാണ്. വിജനമായ വഴിത്താരകളില്‍ അവയുടെ കരച്ചിലുകള്‍ ആദ്യം ആരെയുമൊന്നു ഭീതിപ്പെടുത്തും. രാവണ നിഗ്രഹം കഴിഞ്ഞുവന്ന ശ്രീരാമന്‍ വസ്ത്രങ്ങള്‍ കഴുകിയ ജഡാ തീര്‍ത്ഥം ഈ വഴിക്കാണ്. മുന്‍പോട്ട് പോകുംതോറും കാഴ്ച്ചകള്‍ ഹൃദ്യമായി. റോഡിനിരുവശവും കടല്‍. വലതു വശത്ത് ഇന്ത്യന്‍ മഹാസമുദ്രം തിരനിറഞ്ഞു നീലനിറത്തില്‍ അനന്തമായി. ഇടതുവശത്ത് ശാന്തഭാവം കൈവിടാതെ ബംഗാള്‍ ഉള്‍ക്കടല്‍. ആദ്യമായാണു കടലിന്റെ മൗനഭാവം കാണുന്നത്. തിരയൊടുങ്ങി നിശ്ചലമായി ധ്യാനത്തിലെന്നപോലെ. വണ്ടി നിര്‍ത്തി മണല്‍പ്പരപ്പിലൂടെ ഇളം ചൂടുള്ള വെള്ളത്തിലേക്ക് നടന്നു നീങ്ങി. കാല്‍നട യാത്രക്കാര്‍ ഉണ്ട് എന്നത് ഒരു അത്ഭുതമല്ല എന്ന് തോന്നിപ്പോകും വിധമായിരുന്നു കാഴ്ച്ചകള്‍. അല്ലെങ്കില്‍ തന്നെ പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാതെ ഓടിയൊളിക്കുവാന്‍ ആര്‍ക്കാണു കഴിയുക. റോഡിലേക്ക് കയറിക്കിടക്കുന്ന കടല്‍ വെള്ളം. കടലാഴങ്ങളുടെ ആശങ്കകളില്ലാതെ നടന്നു നീങ്ങാം കുറേ ദൂരം.

dhanushkodi2
ചരിത്രത്തിന്റെ തിരുശേഷിപ്പുകളെന്നവണ്ണം തീരത്ത് അങ്ങിങ്ങായി കിണറുകള്‍ കാണാം. മണലില്‍ താഴ്ന്നുകിടക്കുന്ന വെള്ളക്കല്ലുകള്‍. ഫ്‌ലോട്ടിംഗ് സ്റ്റോണ്‍. ശ്രീരാമന്‍ രാമസേതു നിര്‍മ്മിക്കുവാനുപയോഗിച്ചത് ഈ കല്ലുകള്‍ ആണ് എന്നാണു ഐതിഹ്യം. ഭാരം ഉണ്ടെങ്കിലും വെള്ളത്തില്‍ താണു പോകില്ല എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ദൃശ്യ ഭംഗിക്കു പുതിയ മാനംതീര്‍ത്തുകൊണ്ട് പാറി പറന്നു നടക്കുന്ന വര്‍ണ്ണ ശലഭങ്ങള്‍ സുലഭ കാഴ്ച്ചയാണ്. ജനവാസം ഇല്ലാത്തതുകൊണ്ട് മൊബൈല്‍ ടവറുകള്‍ ഈ പ്രദേശത്തില്ല എന്നതാവും പ്രധാന കാരണം. മുന്നില്‍ ദൂരത്തായി കാണാം വിഭീക്ഷണ ടെമ്പിള്‍. രാമസേതുവിന്റെ അവശിഷ്ടങ്ങള്‍. പിന്നിട്ട വഴികളിലെക്കൊന്നു തിരിഞ്ഞു നോക്കിയാല്‍ ജടാ തീര്‍ത്ഥത്തിന്റെ ടവറും അകലെ കാഴ്ചയില്‍ നിറയും. പ്രളയം പ്രേതഭൂമിയെന്ന് മുദ്രകുത്തിയ പുണ്യ ഭൂമിയായതുകൊണ്ടാവാം പ്രകൃതി സൗന്ദര്യമിവിടിങ്ങനെ നിറഞ്ഞു നില്‍ക്കുന്നത്. ശാന്തമായ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രതിഭലിച്ചു നില്‍ക്കുന്ന നീലാകാശം വര്‍ണ്ണനാതീതം ആണു. അങ്ങകലെ അനന്തതയില്‍ ആകാശം കടലിനെ ചുംബിച്ചു നില്‍ക്കുന്നു. മുനമ്പിലേക്കുള്ള യാത്രാമധ്യേ ദൂരദര്‍ശ്ശന്റെ ടവര്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാണാം.

dhanushkodi3

കാഴ്ച്ചയുടെ ലഹരി പടര്‍ന്ന് കണ്ണെത്താ ദൂരത്തോളം ചുറ്റിനും പടര്‍ന്നുകിടക്കുന്ന രണ്ട് കടലുകളുടെ സംഗമം കാണുക എന്നതൊരു സൗഭാഗ്യമാണ്. ഒരുപക്ഷേ മനുഷ്യവാസം ഇല്ലാത്തതുകൊണ്ടാവാം ഈ സൗന്ദര്യം ഇങ്ങനെതന്നെ നിലനില്‍ക്കുന്നത്. യാത്രകളെ പ്രണയിക്കുന്നവര്‍ക്ക് ഇവിടെ എത്തിപ്പെടാതെ പോകുന്നതൊരു നഷ്ടമാണ്. ‘പുണ്യയാത്രയെന്നുകരുതി വാര്‍ദ്ധക്യത്തിന്റെ പടവുകളിലേക്ക് മാറ്റി വെക്കാതെ യുവത്വത്തിന്റെ കാല്‍പ്പനികമായ പ്രണയതീരങ്ങളെ സ്വപ്നം കണ്ട് നടക്കുന്ന കാലത്തു തന്നെ ഇവിടെയെത്തിച്ചേരണം’. അതെ ഇവിടെയാണ് മൗനം പ്രകൃതിയെ പ്രകാശപൂരിതമാക്കിയത്.

DONT MISS
Top