നടികര്‍സംഘത്തില്‍ വിവാദങ്ങള്‍ തുടരുന്നു; അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് ചിമ്പു

simbu

തമിഴ്‌നാട്ടിലെ താരസംഘടനയായ നടികര്‍ സംഘത്തിലെ അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് നടന്‍ ചിമ്പു. എന്നാല്‍ ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല. അതേസമയം നടികര്‍സംഘം പ്രസിഡന്റും നടനുമായ നാസര്‍, ചിമ്പുവുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നടികര്‍സംഘത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനെ ചിമ്പു പരിഹസിച്ചിരുന്നു. സൂര്യ ഉള്‍പ്പെടെയുള്ള സിനിമാതാരങ്ങള്‍ ജോക്കറുകളെ പോലെ കളിക്കുകയാണെന്നായിരുന്നു ചിമ്പു അഭിപ്രായപ്പെട്ടത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഒരു ഘട്ടത്തിലും ചിമ്പു പങ്കെടുത്തിരുന്നില്ല.

സംഘടനക്ക് പുതിയ കോപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടികര്‍സംഘം ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. എന്നാല്‍ ഈ നീക്കത്തിനെതിരെ അജിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ നേരത്തെ തന്നെ വിസമ്മതം അറിയിച്ചിരുന്നു. അജിത്ത് ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നില്ല.

cricket

കഴിഞ്ഞ വര്‍ഷം നടികര്‍സംഘം തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും മത്സരിച്ച് ചിമ്പു പരാജയപ്പെട്ടിരുന്നു. ശരത്കുമാര്‍ വിഭാഗത്തൊപ്പമായിരുന്നു ചിമ്പു മത്സരരംഗത്തേക്ക് ഇറങ്ങിയത്. ഇത് വിശാലും ചിമ്പുവും തമ്മിലുള്ള പോര് മുറുകുന്നതിന് കാരണമായി. വിശാലിനെതിരെ പരസ്യപ്രസ്താവനയുമായി ചിമ്പു രംഗത്ത് വന്നതും ശ്രദ്ധ നേടി. നിയമപരമായും അല്ലാതെയും ചിമ്പുവിന് നേരിടേണ്ടി വന്ന പ്രശ്‌നങ്ങളില്‍ നടികര്‍സംഘം ഇടപെട്ടിരുന്നില്ല. ബീപ് സോംഗ് വിഷയത്തില്‍ താരത്തിന് കോടതി കയറേണ്ടി വന്നപ്പോഴും ചിമ്പു ഒറ്റക്കായിരുന്നു.

DONT MISS
Top