വെള്ളത്തിന് പകരം ബിയര്‍ കുടിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല: ശിവസേന

brewery

മൂംബൈ: വെള്ളത്തിന് പകരം ബിയര്‍ കുടിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് ശിവസേന. മറാത്ത് വാഡ മേഖലയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലുള്ള മദ്യനിര്‍മാണ ശാലകള്‍ക്കുള്ള ജലവിതരണം നിര്‍ത്തലാക്കണമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലൂടെ പാര്‍ട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ മദ്യ ഉത്പാദന യൂണിറ്റുകള്‍ക്ക് തടസ്സം കൂടാതെ ജലവിതരണം തുടരണമെന്നതാണ് ചില ബിജെപി മന്ത്രിമാരുടെ ആഗ്രഹമെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. എന്നാല്‍ ആദ്യം മനുഷ്യജീവനുകള്‍ സംരക്ഷിക്കപ്പെടണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. വരള്‍ച്ച ബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ കുപ്പിവെള്ളം വാങ്ങി ഉപയോഗിക്കാവുന്ന സാഹചര്യത്തിലല്ല. നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് വേണ്ടിമാത്രമാണ് ജലം ഉപയോഗിക്കേണ്ടതെന്ന് സര്‍ക്കാര്‍ മനസിലാക്കണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വ്യവസായ യൂണിറ്റുകള്‍ക്ക് ജലംവിതരണം ചെയ്തത് അവര്‍ക്ക് അനുവദനീയമായ ക്വാട്ടയില്‍ നിന്നാണെന്ന സംസ്ഥാന ഗ്രാമവികസന വകുപ്പ് മന്ത്രി പങ്കജ മുണ്ടെയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ ശിവസേന വിമര്‍ശിച്ചു. വ്യവസായ യൂണിറ്റുകളെ സംരക്ഷിക്കുന്നതിനേക്കാള്‍ തങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നതാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് പാര്‍ട്ടി പറഞ്ഞു. “മറാത്ത് വാഡയില്‍ ബിയര്‍ നിര്‍മിക്കുന്ന പത്ത് വന്‍കിട യൂണിറ്റുകളാണുള്ളത്. കടുത്ത വരള്‍ച്ച കണക്കിലെടുത്താണ് ഇവയ്ക്കുള്ള ജലവിതരണത്തില്‍ 20 ശതമാനം കുറവ് വരുത്തിയിരിക്കുന്നത്. പക്ഷെ നിരവധി ആളുകള്‍ ഈ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നതിനാല്‍ ഇതും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുയോജ്യമായൊരു പോംവഴി എത്രയും വേഗം കണ്ടെത്തേണ്ടതാണ്.” ലേഖനത്തില്‍ പറയുന്നു.

വ്യവസായ കമ്പനികള്‍ക്ക് മേഖല തിരിച്ചുള്ള ജലവിതരണം നടത്തുന്നത് സംബന്ധിച്ച് ഔറംഗബാദ് ഡിവിഷണല്‍ കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അത് കിട്ടിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നുമായിരുന്നു താക്കറെയുടെ ആവശ്യത്തോടുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രതികരണം. അതേസമയം മദ്യഉത്പാദന ശാലകള്‍ക്കുള്ള ജലവിതരണം നിര്‍ത്തലാക്കണമെന്ന ആവശ്യത്തെ മന്ത്രി പങ്കജ മുണ്ടെ എതിര്‍ത്തു. വ്യവസായ യൂണിറ്റുകള്‍ക്ക് അനുവദിച്ചിരിക്കുന്ന ക്വാട്ടയില്‍ നിന്ന് അധികമായി അവര്‍ക്ക് വെള്ളം നല്‍കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി.

DONT MISS
Top