ഷാരൂഖ് ചിത്രം ഫാനിന് മലയാളി ആരാധകരുടെ ആദരം; വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

fan-movie

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രം ഫാനിന്റെ പ്രചാരണത്തിനായി തയ്യാറാക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ഓള്‍ കേരള ഷാരൂഖ് ഖാന്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷനാണ് ഈ വ്യത്യസ്തമായ സോങ്ങ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

വെള്ളിത്തിരയിലെ സൂപ്പര്‍സ്റ്റാറിന്റെ കടുത്ത ആരാധകനായി മാറിയ യുവാവിന്റെ കഥ പറയുന്ന ചിത്രത്തിനായി മലയാളി ആരാധകരാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം ഹിറ്റായിക്കഴിഞ്ഞ ചിത്രത്തിലെ ‘ജബ്ര ഫാന്‍ ഹോഗയാ’ എന്ന ഗാനത്തിന്റെ ചുവടുപിടിച്ചാണ് മൂന്ന് മിനുട്ടോളം ദൈര്‍ഘ്യമുള്ള ‘ജബ്ര ഫാന്‍സ് കേരള’ എന്ന പേരില്‍ ആരാധകര്‍ ആല്‍ബം തയ്യാറാക്കിയത്.

ഷാരൂഖ്ഖാന്‍ കേരളത്തില്‍ വന്ന ദൃശ്യങ്ങള്‍ കൂട്ടിയിണക്കി ഇവരുടേതായ രീതിയില്‍ ചിത്രത്തിനായി നിര്‍മ്മിച്ച ടീസറോടു കൂടിയാണ് വീഡിയോ ആരംഭിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ ഗാനത്തിനൊപ്പം നൃത്തച്ചുവടുകളുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നൃത്തം അഭ്യസിച്ചിട്ടില്ലാത്ത തികച്ചും താരാരാധനയുടെ ചുവടുപിടിച്ച് രണ്ട് വയസു മുതല്‍ 78 വയസു വരെയുള്ളവര്‍ ഈ വീഡിയോയില്‍ പങ്കാളികളായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു മൊബൈല്‍ ഫോണ്‍, സ്റ്റില്‍ ക്യാമറകളിലും മറ്റുമായി ദൃശ്യങ്ങള്‍ പകര്‍ത്തിയത് ക്യാമറമാന്‍ ജിതിന്‍ ജോസാണ്. എഡിറ്റിംഗ് വിജേഷ് നാഥും നിര്‍വഹിച്ചിരിക്കുന്നു. ഷോര്‍ട്ട് ഫിലിം സംവിധായകനായ ശിബി പോട്ടോരാണ് ആല്‍ബത്തിന് പിന്നില്.

കേരളത്തില്‍ ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍ സ്വന്തം താരത്തിന്റെ ചിത്രത്തിനു വേണ്ടി ഇത്തരമൊരു പ്രൊമോഷന്‍ വീഡിയോ സജ്ജമാക്കിയിരിക്കുന്നത്. ആരാധക കൂട്ടായ്മയില്‍ ഇതള്‍ വിരിഞ്ഞ ദൃശ്യാവിഷ്‌കാരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

DONT MISS