വിദേശ കള്ളപ്പണ നിക്ഷേപം: ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു, പട്ടികയില്‍ മലയാളിയും

ISLAND-PMദില്ലി: നികുതി വെട്ടിക്കാന്‍ വിദേശത്ത് കമ്പനി തുടങ്ങിയവരുടെ പട്ടികയില്‍ മലയാളിയും. തിരുവനന്തപുരം സ്വദേശി ജോര്‍ജ് മാത്യവാണ് പട്ടികയിലുള്ളത്. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ ഒന്നിലധികം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. സിംഗപ്പൂര്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.

അതേസമയം നികുതി വെട്ടിക്കുന്നതിനായി വിദേശത്ത് കമ്പനി തുടങ്ങിയ ഐസ്‌ലന്‍ഡ്  പ്രധാനമന്ത്രി രാജി വെച്ചു. ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടര്‍ ഗണ്‍ലൗഗ്‌സണ്‍ രാജ്യത്തുണ്ടായ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് രാജിവച്ചു. പാര്‍ലമെന്റ് പെട്ടെന്ന് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് വിസമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്. കോടിക്കണക്കിന് ഡോളര്‍ കള്ളപ്പണമാണ് പ്രധാനമന്ത്രിക്കുള്ളതെന്ന് മൊസാക് ഫൊണ്‍സെകയില്‍ നിന്ന് ചോര്‍ത്തപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നു.

നികുതിയില്ലാത്ത 35 ചെറു ദ്വീപ്രാഷ്ട്രങ്ങളിലെ കള്ളപ്പണനിക്ഷേപത്തിന് സഹായമേകുന്ന മൊസക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനത്തിന്റെ 1.15 കോടി രേഖകളാണ് ‘പാനമ പേപ്പേഴ്‌സ്’ എന്ന പേരില്‍ പുറത്തായിരുന്നത്. ഇത് വഴി ലോകനേതാക്കളുടെയും ചലച്ചിത്രതാരങ്ങളുടെയും വ്യവസായികളുടെയും ശതകോടികളുടെ കള്ളപ്പണ നിക്ഷേപം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്റെ അടുത്ത അനുയായികള്‍, ഐസ്‌ലാന്‍ഡിലേയും പാകിസ്ഥാനിലേയും പ്രധാനമന്ത്രിമാര്‍, സൗദി അറേബ്യയുടെ രാജാവ്, ഉക്രൈന്‍ പ്രസിഡന്റ് എന്നിവര്‍ക്കും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ കുടുബത്തിനും ഇവിടെ ബാങ്ക് അക്കൗണ്ടുകളുണ്ട്. ഫിഫ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ ജുവാന്‍ പെഡ്രോ ഡാമിനിക്ക് കള്ളപ്പണ ഇടപാടുകാരുമായി ബിസിനസ്സ് ബന്ധങ്ങളുള്ളതായും ഫുട്‌ബോള്‍ താരം മെസ്സിക്കും പിതാവിനും ഒരു ഷെല്‍ കമ്പനിയുടെ ഉടമസ്ഥതയുള്ളതായുമുള്ള രേഖകകള്‍ പുറത്തു വന്നിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാദ്യമായാണ് ഒരാള്‍ തന്റെ ഒദ്യോഗിക പദവി ഒഴിയുന്നത്.

ഇതില്‍ ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി. സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകള്‍ പുറത്തായ രേഖകളിലുണ്ട്. ബംഗാളിലെ മുന്‍ സി.പി.ഐ.എം അംഗവും ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകനുമായ ശിശിര്‍ ബജോരിയ, ഡല്‍ഹിയിലെ ലോക്‌സത്തപാര്‍ട്ടിയുടെ തലവനായിരുന്ന അനുരാഗ് കെജ്രിവാള്‍ എന്നിവരുടെയും പേര് പട്ടികയിലുണ്ട്. ജര്‍മന്‍ മാധ്യമസ്ഥാപനമായ സ്യൂഡെഷെ സിതുങ്ങും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ലോകകൂട്ടായ്മയും ചേര്‍ന്ന് ചോര്‍ത്തിയ രേഖകള്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രമാണ് ഇന്ത്യയില്‍ പുറത്തുവിട്ടത്.

DONT MISS
Top