ദുല്‍ഖറും സായി പല്ലവിയും ഒന്നിക്കുന്ന കലിയിലെ പ്രണയഗാനം

kali

ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും ഒന്നിക്കുന്ന പുതിയ ചിത്രം കലിയിലെ ആദ്യഗാനം പുറത്തിറങ്ങി. സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഗോപീ സുന്ദറാണ്. ഹരിനാരായണന്‍ ബികെയാണ് ചിത്രത്തിന്റെ ഗാനരചന. ദിവ്യ എസ് മേനോനാണ് പുറത്തിറങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത്.

സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സൂപ്പര്‍ഹിറ്റായിരുന്ന പ്രേമത്തിലെ മലര്‍ എന്ന കഥാപാത്രത്തിന് ശേഷം സായി പല്ലവി അഭിനയിക്കുന്ന ചിത്രമാണ് കലി. ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് സായിയും ദുല്‍ഖറും എത്തുന്നത്. പുറത്തിറങ്ങിയ കലിയുടെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒന്നിക്കുന്ന ചിത്രമാണ് കലി. രാജേഷ് ഗോപിനാഥനാണ് തിരക്കഥയെഴുതുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം. ഹരിനാരായണന്‍ ബികെയുടെ വരികള്‍ക്ക് ഗോപീ സുന്ദറാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദും ആഷിഖ് ഉസ്മാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 26ന് ചിത്രം തീയറ്ററുകളിലെത്തും.

DONT MISS