പ്രിയസംഘപരിവാര്‍ സുഹൃത്തേ, എനിക്ക് പരിഭവമില്ല

sebastian-paul

(തനിക്കെതിരെ പ്രചരിക്കുന്ന വാട്ട്‌സപ്പ് സന്ദേശത്തെക്കുറിച്ച് സെബാസ്റ്റ്യന്‍ പോള്‍ സംസാരിക്കുന്നു)
ഫെയ്‌സ്ബുക്കില്‍ വന്ന ഒരു കുറിപ്പിനെ മലയാളത്തിലെ പ്രമുഖ പത്രം വേണ്ടത്ര പരിശോധനകളില്ലാതെ പുനപ്രസിദ്ധീകരിച്ചതിന്റെ അധാര്‍മ്മികതയെയും അനാശ്യസതയെയുമാണ് മാധ്യമം പത്രത്തിലെഴുതിയ ലേഖനത്തിലൂടെ ഞാന്‍ വിശകലനം ചെയ്തത്. ഇതിനെക്കുറിച്ച് സംസാരിക്കാനാണെന്ന മുഖവുരയോടെയാണ്, ജന്മഭൂമിയിലെ മാധ്യമപ്രവര്‍ത്തകനെന്ന പരിചയപ്പെടുത്തലോടെ ഒരാള്‍ കഴിഞ്ഞ വിളിച്ചത്. സംസാരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ലായിരുന്നെങ്കിലും, സ്വല്‍പ്പം തിരക്കിലായിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകനാണല്ലോയെന്ന പരിഗണനയിലാണ് ഞാന്‍ സംസാരിക്കാന്‍ ആരംഭിച്ചത്. ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും നല്‍കിയാണ് ആ സംഭാഷണത്തിലുടനീളം ഞാന്‍ സംസാരിച്ചതും, പക്ഷെ തിരിച്ച് ആ മാന്യത ലഭിച്ചില്ല.
sebastian paul

ന്യായമെന്ന് തോന്നിക്കുന്ന ഒരു സംശയമെന്ന വ്യജേന വിഷയമവതരിപ്പിച്ചാണ് അദ്ദേഹം സംസാരം തുടങ്ങിയത്. പക്ഷെ, ആ സംഭവത്തെക്കുറിച്ച് തനിക്ക് പറയാനുള്ളതൊന്നും കേള്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല, മറിച്ച് അയാള്‍ക്ക് പറയാനുള്ളത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകായിരുന്നു ഉദ്ദേശം. പരസ്പരം സംസാരിക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക മര്യാദയും ജനാധിപത്യ ബോധവും മാധ്യമപ്രവര്‍ത്തകനായിട്ടുപോലും കാട്ടാന്‍ അദ്ദേഹം തയ്യാറായില്ല. എന്നോട് സംസാരിക്കാന്‍ വിളിച്ചയാള്‍ ഞാന്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ പിന്നെന്താണ് ചെയ്യേണ്ടിയിരുന്നത്? ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ ഫോണ്‍ കട്ട് ചെയ്ത് പോകുക എന്റെ ശീലമല്ല. സംഭാഷണം മുന്നോട്ടുപോകുന്തോറും പക്ഷെ സംസാരത്തിലെ അദ്ദേഹത്തിന്റെ അക്രമസ്വഭാവം വര്‍ധിച്ചുവന്നു.

sebastianpaul

സംഘപരിവാര്‍ പൊതുവെ അങ്ങനെയാണ്, ജനാധിപത്യം സംസാരത്തില്‍ പോലും അനുവദിക്കില്ല. അത് എനിക്കറിയാമായിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു മാന്യത ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സംഘപരിവാര്‍ അജണ്ടകള്‍ എന്നെ ബോധ്യപ്പെടുത്താന്‍ കൂടുതല്‍ അക്രമസ്വഭാവത്തോടെ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. ഫോണില്‍ ആരോടും മാന്യമായും സൗമ്യനായും മാത്രം സംസാരിക്കണമെന്ന് നിര്‍ബന്ധമുള്ള എനിക്ക്, അയാള്‍ക്ക് പറയാനുള്ളതെല്ലാം കേള്‍ക്കുന്നതില്‍ ഒരു പ്രശ്‌നവുമുണ്ടാകില്ല. കാരണം എന്റെ ജനാധിപത്യ ബോധം അതനുവദിക്കുന്നു. അയാള്‍ പറയുന്നത് കേട്ടാല്‍ എന്റെ നിലപാടുകളില്‍ നിന്ന് ഞാന്‍ മാറുമെന്നോ, സംഘപരിവാറുകാരന്‍ ആകുമെന്നോ എനിക്ക് ഭയമില്ല, ഒരിക്കലും അങ്ങനെ ഉണ്ടാകില്ലെന്ന ഉറപ്പ് എനിക്കുണ്ട്. ഞാന്‍ പറയുന്ന മതേതര വാദങ്ങള്‍ കേട്ട് അദ്ദേഹത്തിന്റെ ചിന്ത മാറുമെന്ന തെറ്റിദ്ധാരണയും എനിക്കില്ല, കാരണം ഒരു മാധ്യമപ്രവര്‍ത്തകനെന്നതിനേക്കാള്‍ അദ്ദേഹം കടുത്ത സംഘപരിവാറുകാരനാണ് എന്നതുതന്നെ.

paul

അദ്ദേഹം ചര്‍ച്ച ചെയ്യാനായിരുന്നില്ല വിളിച്ചത്, ഒരു പ്രഭാഷണത്തിനായിരുന്നു. ആ പ്രഭാഷണം നടത്തി, റെക്കോര്‍ഡ് ചെയ്ത് വാട്ട്‌സപ്പില്‍ പ്രചരിപ്പിച്ചു. പൊതുവെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതില്‍ ചില മര്യാദകളുണ്ട്, വിളിക്കുന്നയാളെ അറിയിക്കുകയെന്നത് തന്നെയാണ് അതില്‍ പ്രധാനമെന്നത് ഒരു മാധ്യമപ്രവര്‍ത്തകനോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? അത് കൈമാറുമ്പോള്‍, പ്രസിദ്ധീകരിക്കുമ്പോള്‍ അനുവാദം ചോദിക്കുകയെന്നതും മാന്യതയാണ്. പൊതുതാല്‍പര്യ പ്രകാരമുള്ള സ്റ്റിംഗ് ഓപ്പറേഷനൊന്നുമല്ലല്ലോ നടത്തിയത്? അതില്‍ നിയമവിരുദ്ധതയല്ല, അനൗചിത്യമാണുള്ളത്. താന്‍ സെബാസ്റ്റ്യന്‍ പോളിനെപ്പോലൊരാളെ തര്‍ക്കിച്ച് തോല്‍പ്പിച്ചുവെന്ന് പ്രചരിപ്പിക്കാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമായിരുന്നു ഇത്. സംശയം തീര്‍ക്കുകയായിരുന്നില്ല, എന്നെ സംസാരിക്കാന്‍ അനുവദിക്കാതെ പ്രചരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശമെന്ന് ആ ക്ലിപ്പ് കേള്‍ക്കുന്ന ആര്‍ക്കും ബോധ്യമാകും. പത്തില്‍ എട്ടുമിനുട്ടും പ്രഭാഷണം നടത്തിയിട്ടും, സംസാരത്തിന് വിഷയമായ മാധ്യമം ദിനപത്രത്തിലെ എന്റെ വാദമുഖങ്ങളെയൊന്നും ഖണ്ഡിക്കുന്ന ഒരു കാര്യം പോലും പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമില്ല.
(നിയമവിദഗ്ധനും മുന്‍ എംപിയുമാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ )

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top