പെണ്ണിന് പോകാന്‍ ഇനിയും ദൂരം, പറയാന്‍ വാക്കുകളേറെ

1

സ്ത്രീസുരക്ഷയുടെയും അവളുടെ അതിജീവനത്തിന്റെയും ഓര്‍മ്മപ്പെടുത്തലുകള്‍ ഓരോ വനിതാദിനത്തിലും ഉരുത്തിരിഞ്ഞുവരാറുണ്ട്. നിയമങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്ന് പെണ്ണിനെ സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറാക്കുന്ന പദ്ധതികള്‍ പാളിപ്പോയതിന്റെ ദൃഷ്ടാന്തമാണ് ഓരോ ദിനവും ആക്രമിക്കപ്പെടുന്ന പെണ്‍ശരീരത്തിന്റെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കാണിക്കുന്നത്. സുരക്ഷയുടെയും സംരക്ഷണത്തിന്റെയും പേരുകള്‍ പറഞ്ഞ് നടപ്പിലാക്കുന്ന പദ്ധതികളിലെ പൊളിച്ചെഴുത്തുകള്‍ കാലത്തിന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞു. സമത്വത്തിനായി മുറവിളി കൂട്ടിയപ്പോഴൊക്കെയും വര്‍ണക്കടലാസില്‍ പൊതിഞ്ഞ വാഗ്ദാനങ്ങള്‍ നല്‍കി ആ മുറവിളികളെ മാറ്റിനിര്‍ത്താന്‍ അതാത് ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞു. പക്ഷേ വാഗ്ദാനങ്ങള്‍ കടലാസില്‍ ഒതുങ്ങി.

2

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം, ലോകമെമ്പാടും മാറ്റത്തിന്റെയും വ്യവസായ വിപ്ലവങ്ങളുടെ ശംഖൊലി മുഴങ്ങിയ കാലം. പക്ഷേ അപ്പോഴും സ്ത്രീയുടെ അവസ്ഥക്ക് മാറ്റമുണ്ടായിരുന്നില്ല. കുടുംബം പുലര്‍ത്താനായി എല്ലുമുറിയെ പണിയെടുത്ത അവള്‍ക്ക് ലഭിച്ചത് തുച്ഛമായ വേതനം, ഒപ്പം മോശം സാഹചര്യങ്ങളും. ജീവിതത്തിന്റെ നിലനില്‍പ്പിനായി ആ കാലഘട്ടത്തില്‍ അന്നത്തെ സ്ത്രീകള്‍ നടത്തിയ സമരങ്ങളുടെ, കരളുറപ്പിന്റെ അനുസ്മരണമാണ് ഈ വനിതാദിനം. കാലദേശാതിരിര്‍ത്തികള്‍ ഭേദിച്ച് ലോക വനിതാദിനമായി കൊണ്ടാടുന്നു. ലോകം അതിന് ശേഷം ഒരുപാട് മുന്നോട്ടുപോയി. സ്ത്രീകളുടെ ജീവിതത്തിലും പരിവര്‍ത്തനങ്ങളുണ്ടായി. ഏത് സംരംഭത്തിന് പിന്നിലും പെണ്‍കരുത്ത് രേഖപ്പെടുത്തി.

3

വാക്കുകളിലും പ്രവൃത്തിയിലും അഗ്നി പകര്‍ത്ത് അവള്‍ ലോകനിര്‍മ്മാണത്തില്‍ അവളുടെ കൈയൊപ്പ് കോറിയിട്ടു. സ്ത്രീയുടെ ശബ്ദത്തിന് ലോകം കാതോര്‍ക്കാന്‍ തുടങ്ങി. ആണിന് മാത്രമെന്ന് പറഞ്ഞുവെച്ച മേഖലകളില്‍ പെണ്ണ് വിജയക്കൊടി പാറിച്ചു. ഇന്ദിരാഗാന്ധിയും സുഷമാ സ്വരാജും നിര്‍മ്മലാ സീതാരാമനും ബൃന്ദാകാരാട്ടും ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ രാഷ്ട്രീയത്തെ ഉറക്കെ വിളിച്ചു പറഞ്ഞ ഉറപ്പുള്ള സ്ത്രീശബ്ദങ്ങളായപ്പോള്‍ നിരുപമറാവുവും ഇന്ത്യന്‍ ആംഡ് ഫോഴ്‌സിലെ വൈസ് അഡ്മിറല്‍ പുനിത അറോറയും ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സ്ത്രീയുടെ കരുത്തിന്റെ പ്രതീകങ്ങളായി. ശൂന്യാകാശത്ത് വിജയക്കൊടി പാറിച്ച് തന്റെ ദൗത്യത്തില്‍ എരിഞ്ഞടങ്ങിയ കല്‍പ്പനാ ചൗള പെണ്‍മനസിന്റെ കരുത്തിന്റെ നേര്‍ക്കാഴ്ചയായി. ചന്ദ കൊച്ചാറും രേണുക രാംനാഥും ഇങ്ങ് കേരളത്തില്‍ നിന്ന് ബീനാകണ്ണനും വ്യവസായ രംഗത്ത് തങ്ങളുടെ സംഭാവനകള്‍ എഴുതിച്ചേര്‍ത്തു. ബര്‍ഖാ ദത്തും മലയാളിയായ അനിതാപ്രതാപും ഉള്‍പ്പെടെ മാധ്യമരംഗം അടക്കി വാഴുന്ന പെണ്‍പുലികള്‍ വേറെയും. സ്ത്രീകരുത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാകുന്നു ഇവര്‍. ഇതിനുമപ്പുറത്തേക്ക് തന്റെ കഴിവുകളെ വളര്‍ത്തി എടുത്ത് ലോകത്തിന്റെ മുന്നിലേക്ക് എത്തിയവര്‍ ഏറെയാണ്.

4

പക്ഷേ വിജയികളുടെ കഥകള്‍ക്ക് അപ്പുറത്ത് പരാജയപ്പെട്ടവരുടെ കണ്ണുനീരാണ് കൂടുതല്‍. അടിച്ചമര്‍ത്തലുകളുടെയും അസമത്വത്തിന്റെയും കഥകള്‍ ലോകത്തിന് മുന്നില്‍ നിരവധിയുണ്ട്. തന്റെ യൗവനവും ജീവിതവും ഉപേക്ഷിച്ച് സമരപാതയില്‍ കഴിയുന്ന ഇറോം ശര്‍മ്മിള, ഏത്യോപ്യന്‍ ഭരണകൂടത്തിന് എതിരെ തന്റെ തൂലിക ആയുധമാക്കിയതിന് വിചാരണ പോലുമില്ലാതെ തടവില്‍ കഴിയു റീയോട്ട് അലേമു എന്ന മാധ്യമപ്രവര്‍ത്തക, കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പോരാടുന്നതിന്റെ പേരില്‍ നിരന്തരം ഭീഷണിയുടെയും വധശ്രമങ്ങളുടെയും നടുവില്‍ കഴിയുന്ന ഇഫ്ര മുഷ്താഖ് കക്ക്, ചുവന്ന തെരുവിലും മറ്റും അകപ്പെട്ടു പോകുന്ന പെണ്‍കുട്ടികളെ രക്ഷപെടുത്തി പുനരധിവസിപ്പിക്കുന്ന സുനിതാ കൃഷ്ണന്‍ ഇവരൊക്കെ ഇന്നും പോരാടുന്നത് തങ്ങളുടെ സഹോദരിമാര്‍ക്ക് വേണ്ടിയാണ്. വേട്ടക്കാരുടെ മനസ്സ് എന്നും ഇരകള്‍ക്ക് പിന്നാലെയുണ്ട്. സംരക്ഷിക്കാന്‍ ഈ നിയമങ്ങളൊന്നും നിലവിലെ കാലഘട്ടത്തിന് പര്യാപ്തമാകില്ല.

5

‘പുറപ്പെട്ടടത്ത് തന്നെയാണൊരായിരം കാതം, അവള്‍ നടക്കിലും’ ആറ്റൂര്‍ രവിവര്‍മ്മയുടെ ഈ വരികള്‍ ആകരുത് ഒരു പെണ്ണിന്റെയും ജീവിതം വരുംകാലത്തിലെങ്കിലും. അതാകണം ഇനി ഓരോ ഭരണനിര്‍മ്മാതാക്കളുടെയും ലക്ഷ്യമാകേണ്ടത്. കണ്ണകിമാരും ദ്രൗപദിമാരും ഇനിയുമുണ്ടായാല്‍ ഈ ലോകത്തിനും ഈ കാലത്തിനും അതിനെ അതിജീവിക്കാനാകില്ലെന്നത് ഉറപ്പ്.

DONT MISS
Top