ജീവിതം എന്ന അപകടം, മരണം എന്ന അപകടം

mani1

കേവലം നാല്‍പത്തിയഞ്ച് വയസ്സു മാത്രം പൂര്‍ത്തിയാക്കിയ വേളയില്‍ കലാഭവന്‍ മണി എന്ന അസാമാന്യ പ്രതിഭാശാലിയായ നടന്‍; തെന്നിന്ത്യന്‍ സിനിമയുടെ തിരശ്ശീലയെയും, മലയാളിത്തവും കേരളീയതയും മുഴുവനായി നിറഞ്ഞും തുളുമ്പിയും നില്‍ക്കുന്ന നാടന്‍ പാട്ടിന്റെ ശബ്ദാകാശത്തെയും ശൂന്യമാക്കി കടന്നു പോയി. ജീവിതത്തോടും മനസ്സും ശരീരവും അര്‍പ്പിച്ച കലാരംഗത്തോടും യാത്ര ചൊല്ലി മണി മറയുമ്പോള്‍; അദ്ദേഹം കീഴടക്കിയ ഉയരങ്ങളേതൊക്കെയായിരുന്നു എന്നാലോചിച്ചെടുക്കേണ്ടതാണ്. ഒപ്പം, ആ ഉയരങ്ങള്‍ സ്വന്തം മനസ്സുകളിലേക്കും സമുദായനിലമകളിലേക്കും ഏറ്റുവാങ്ങിയ, അന്യഥാ അടിച്ചമര്‍ത്തപ്പെട്ട ലക്ഷക്കണക്കിന് സാധാരണക്കാരൊന്നടങ്കം ആ വേദന പങ്കുവെച്ചത് രേഖപ്പെടുത്തേണ്ടതുമാണ്. ദളിതനും തൊഴിലാളിയും പത്താംക്ലാസ് തോറ്റവനും ഇടത് ആശയക്കാരനും കറുത്ത തൊലിനിറമുള്ളവനുമായ കലാഭവന്‍ മണി, ഇക്കാരണങ്ങളിലേതെങ്കിലുമൊന്നു കൊണ്ടു മാത്രം തന്നെ അത്യഗാധമായ അപകടക്കൊക്കയിലേക്കാണ് പിറന്നു വീണത്. എന്റെ ജന്മം തെന്നയാണ് ഞാന്‍ നേരിട്ട ഏറ്റവും മാരകവും മരണതുല്യവുമായ അപകടം എന്ന രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പിലെ വാചകമാണ് മണി ജീവിതത്തിലും മരണത്തിലും നേരിട്ട മാറ്റിനിര്‍ത്തലും അടിച്ചമര്‍ത്തലും ചവിട്ടിത്താഴ്ത്തലും അടക്കമുള്ള അനുഭവങ്ങള്‍ കണ്ടപ്പോഴും ഇപ്പോള്‍ ഓര്‍ത്തെടുക്കുമ്പോഴും പ്രസക്തമാകുന്നത്. സ്വര്‍ണമാലയും വളയും അണിഞ്ഞതിന്റെ പേരില്‍ കലാഭവന്‍ മണി കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു. വനംവകുപ്പുകാരും പൊലീസുകാരും അദ്ദേഹത്തെ ലാത്തികൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയും ചെയ്തു. അപ്പുറത്ത് സവര്‍ണജാതിയില്‍ പിറന്ന സൂപ്പര്‍ താരം, ഫാസിസ്റ്റാശയത്തിന് പിന്‍പാട്ടായി ബ്ലോഗെഴുതിയതിന്റെ പേരില്‍ ആനക്കൊമ്പ് സൂക്ഷിക്കുന്നത് കുറ്റകൃത്യമല്ല, രാജ്യസ്‌നേഹപ്രകടനമാണ് എന്ന അനുവാദവും മേടിച്ച് വിലസുമ്പോഴാണ് ഇതൊക്കെയും സംഭവിക്കുന്നത്. വേദം പഠിച്ചതിന്റെ പേരില്‍ ശംബൂകന്‍ നേരിട്ട പീഡനങ്ങള്‍ക്ക് തുല്യമായ മര്‍ദനങ്ങളാണ് കലാഭവന്‍ മണി സിനിമക്കുള്ളിലും പുറത്തും നേരിട്ടത്.

15

കലാഭവന്‍ മണി എന്ന അനുഗൃഹീതനായ അഭിനേതാവിനെ ഏതു തരം വാര്‍പ്പുമാതൃകയിലേക്കാണ് മലയാള സിനിമ ഒതുക്കിക്കൂട്ടിയത് എന്നൊന്ന് നിരീക്ഷിച്ചു നോക്കുക. സര്‍ക്കാരുദ്യോഗങ്ങളില്‍ നിര്‍ബന്ധിത സംവരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി, ശിപായിയുടെയും തൂപ്പുകാരന്റെയും പണികളില്‍ മാത്രം പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ നിയമിച്ച് ശതമാനം തികക്കുന്ന നിഗൂഢ തന്ത്രത്തിന്റെ ആവര്‍ത്തനമാണിവിടെയും നടന്നത്. മണിക്ക് കിട്ടിയ വേഷങ്ങളധികവും കോമാളി, മന്ദബുദ്ധി, ഭ്രാന്തന്‍, അന്ധ-ബധിര-മൂകന്‍ എന്നിങ്ങനെയുള്ളവയായിരുന്നു. സര്‍വ്വവും തികഞ്ഞ അമാനുഷികരായ സവര്‍ണ്ണ നായക വേഷങ്ങള്‍ മോഹന്‍ലാല്‍ മുതല്‍ ദിലീപ് വരെയുള്ള വെളുത്ത നിറക്കാര്‍ക്കായി ഉറപ്പിച്ചു നിര്‍ത്തുന്നതിന്റെ സ്വാഭാവിക അപരമായിരുന്നു ഈ പതിച്ചു നല്‍കല്‍. നരസിംഹം പോലുള്ള ക്രിമിനലിസവും അമിതാധികാര പ്രവണതയും സ്ത്രീവിരുദ്ധതയും ന്യൂനപക്ഷ-ദളിത് വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന സവര്‍ണ്ണ-വലതുപക്ഷ സിനിമകളില്‍ കലാഭവന്‍ മണിക്ക് ലഭിച്ച ചെറുകിട വേഷങ്ങളുടെ വികസിത രൂപങ്ങള്‍ തെന്നയാണ് വിനയന്‍ സിനിമകളിലുള്ളത്.

13

മുന്‍ ദശകത്തില്‍, മലയാള സിനിമയില്‍ സജീവമായ സവര്‍ണ ഹിന്ദു തേരോട്ടങ്ങള്‍ക്ക് ബദലായി കച്ചവടസിനിമയില്‍ തന്നെയുള്ള പരീക്ഷണ/വിജയങ്ങളായിട്ടാണ് വിനയന്റെ ചില സിനിമകള്‍-വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ദാദാസാഹിബ്, കരുമാടിക്കുട്ടന്‍- ഉയര്‍ത്തിക്കാട്ടപ്പെടുന്നത്. മുഖ്യധാരയില്‍ നിന്ന് തള്ളിമാറ്റപ്പെട്ട ദളിതരും ന്യൂനപക്ഷ-പിന്നോക്ക സമുദായക്കാരും വികലാംഗരും അന്ധ-ബധിര-മൂകരും ബുദ്ധിമാന്ദ്യം സംഭവിച്ചവരും മറ്റും നായകരാകുകയും വിജയശ്രീലാളിതരാവുകയും ചെയ്യുന്ന ഈ പ്രമേയങ്ങള്‍, മലയാള സിനിമ കേവലം ബ്രാഹ്മണ്യത്തിന്റെയും തമ്പുരാന്‍ സേവയുടെയും വിധേയത്വങ്ങളില്‍ കുടുങ്ങിപ്പോവുന്നില്ല എതിന്റെ തെളിവുകളാണെന്ന് സംവിധായകനും മറ്റും ചൂണ്ടിക്കാട്ടുകയുണ്ടായി. കലാഭവന്‍ മണി എന്ന നടന് ലഭിക്കുന്ന വന്‍തോതിലുള്ള ജനപ്രീതിയും പ്രാധാന്യവും ഇത്തരമൊരു വ്യത്യസ്ത വിജയത്തിന്റെ ലക്ഷണമാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. എന്നാലെന്തായിരുന്നു വാസ്തവം?

നരസിംഹത്തിലെ പ്രധാനപ്പെട്ട ഒരു ദൃശ്യാഹ്ലാദ ഘടകം, സവര്‍ണ്ണ നായകന്‍ മണിയുടെ കറുത്തിരുണ്ട ദളിത് ശരീരത്തെ ഊക്കോടെ ചവിട്ടിത്തെറിപ്പിക്കുന്നതാണ്. ‘ഝംഝലക്ക’ എന്നു തുടങ്ങുന്ന ഗാനചിത്രീകരണം ശ്രദ്ധിക്കുക. മലയാള സിനിമയില്‍ അശ്ലീല തേര്‍വാഴ്ച(!)ക്കുത്തരവാദികള്‍ എന്ന് അഭിനവ സദാചാര സംരക്ഷകരാല്‍ ആരോപിക്കപ്പെടുന്ന ഷക്കീലത്തരംഗത്തിലുള്‍പ്പെട്ട അല്‍ഫോന്‍സ എന്ന നടി ഈ രംഗത്തില്‍ മാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. അഭിനവ നരസിംഹാവതാരമായ മോഹന്‍ലാലിന്റെ തമ്പുരാന്‍ വേഷത്തിനും അയാളോട് സമഭാവപ്പെട്ടുകൊണ്ട് സിനിമ ആനന്ദിക്കുന്ന പ്രേക്ഷകസമൂഹത്തിനും ആഹ്ലാദം പ്രദാനം ചെയ്യുന്നത് ഈ രണ്ടു മനുഷ്യശരീരങ്ങളോടുള്ള അവഹേളനം/പീഡനം/ഭോഗാത്മകത എന്നിവയിലൂടെയാണ്. അര്‍ദ്ധനഗ്നയായ അല്‍ഫോന്‍സയുടെ അഭിനയച്ചുവടുകളിലൂടെയും ശരീരഭാഗദര്‍ശനങ്ങളിലൂടെയും വ്യാജരതിമൂര്‍ഛയും, മണിയുടെ ശരീരത്തെ സവര്‍ണഗൃഹത്തിന്റെ പൂമുഖത്തു നിന്ന് ചവിട്ടിത്തെറിപ്പിക്കുന്നതിലൂടെ നാടുവാഴിത്ത ഗൃഹാതുരത്വത്തിന്റെ പുന:സ്ഥാപനവും ഒരേ സമയം ഈ ആനന്ദലബ്ധിയില്‍ ഡബിള്‍ ധമാക്ക ഐറ്റം ഡാന്‍സ് എന്നു വിളിക്കാവുന്ന തരത്തില്‍ ഒരു പാക്കേജെന്നോണമാണ് അവതരിപ്പിക്കപ്പെട്ടത്.

അധ:സ്ഥിതനെ ചവിട്ടിയരക്കുന്നതിലൂടെ സവര്‍ണ്ണ-ബ്രാഹ്മണാധിപത്യത്തെ പുനരാനയിക്കുന്നതായി പ്രേക്ഷകര്‍ക്ക് മിഥ്യാഭ്രമമുണ്ടാക്കുകയും, സ്വപ്നം/ഓര്‍മ്മ എന്നീ ആനന്ദഘടകങ്ങളില്‍ അബോധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്യുകയാണിവിടെ. ഇത്തരം ‘ചവിട്ടു നാടകം’ വല്യേട്ടന്‍, ദാദാസാഹിബ് തുടങ്ങി നിരവധി സിനിമകളില്‍ ആവര്‍ത്തിക്കുകയും പ്രേക്ഷകരൊന്നടങ്കം കയ്യടിച്ചും ആര്‍ത്തുവിളിച്ചും അംഗീകരിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. കരുമാടിക്കുട്ടനില്‍ മണിയെ ചവിട്ടുമ്പോഴും തത്തുല്യമായ ആനന്ദം തന്നെയാണ് പ്രേക്ഷകര്‍ക്ക് ലഭ്യമായത്. കഥയുടെ പില്‍ക്കാല ഘട്ടത്തില്‍ അവന്‍ തിരിച്ചടിക്കുന്നുണ്ടെന്നത് മറ്റൊരു വസ്തുതയാണ്. നരസിംഹത്തിന്റെ ഒരു അബോധ ന്യായീകരണമായിട്ടാണ് കരുമാടിക്കുട്ടന്‍ പരിണമിച്ചത് എന്നര്‍ത്ഥം.

11

കലാഭവന്‍ മണി വ്യത്യസ്ത ചിത്രങ്ങളിലവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകള്‍/സ്വഭാവങ്ങള്‍ നോക്കുക – സമുദായം-മീന്‍ വില്‍പനക്കാരന്‍, അക്ഷരം-ഒാട്ടോ ഡ്രൈവര്‍, സല്ലാപം- കള്ളു ചെത്തുകാരന്‍ രാജപ്പന്‍, കഥാനായകന്‍-കുട്ടന്‍, ഗജരാജമന്ത്രം-പരമന്‍, ഭൂതക്കണ്ണാടി-അയ്യപ്പന്‍, സമ്മര്‍ ഇന്‍ ബത്‌ലഹേം-മോനായി, ചിത്രശലഭം-ബക്കര്‍ പരപ്പനങ്ങാടി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും-അന്ധനായ രാമു, വല്ല്യേട്ടന്‍-കാട്ടിപ്പള്ളി പപ്പന്‍, മിസ്റ്റര്‍ ബട്‌ലര്‍-മേജര്‍ കുട്ടന്‍, ദാദാ സാഹിബ്-തങ്കച്ചന്‍, കരുമാടിക്കുട്ടന്‍-കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി-അപ്പുണ്ണി, മലയാളി മാമന് വണക്കം-തിരുപ്പതി പെരുമാള്‍/മുനിയാണ്ടി, കണ്‍മഷി-മുരുകന്‍, ജഗതി ജഗദീഷ് ഇന്‍ ടൗണ്‍-മല്ലേശ്വരന്‍, ബാംബു ബോയ്‌സ്-ഒളങ്ങ, വെള്ളിത്തിര-വാക്കത്തി വാസു, ബാലേട്ടന്‍-മുസ്തഫ, പട്ടാളം-മൊയ്തു പിലാക്കണ്ടി, സേതുരാമയ്യര്‍ സിബിഐ-ഈശോ അലക്‌സ്, സി ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്-കരിമ്പുലി അന്തോണി, കണ്ണിനും കണ്ണാടിക്കും-പ്രാവ്/മണിയന്‍, നാട്ടുരാജാവ്-മണിക്കുട്ടന്‍, ഇരുവട്ടം മണവാട്ടി-കോരത്ത് രാഘവന്‍, അന്നൊരിക്കല്‍-പാണ്ടി, പൗരന്‍-ട്രേഡ് യൂണിയന്‍ നേതാവ്, ഉടയോന്‍-മാത്തന്‍, അനന്തഭദ്രം-ചെമ്പന്‍. വേറെയുമുണ്ട്. ഭൂരിപക്ഷം കഥാപാത്രങ്ങള്‍ക്കും പരിഷ്‌കൃത നാമധേയങ്ങളില്ല. അവരൊന്നുകില്‍ ദളിതന്‍ അല്ലെങ്കില്‍ തമിഴന്‍, അതുമല്ലെങ്കില്‍ പിന്നോക്കജാതിക്കാരന്‍, അതും കഴിഞ്ഞ് മുസ്ലിം, ചിലപ്പോള്‍ (അവശ!)ക്രിസ്ത്യാനി. പലപ്പോഴും വികലാംഗന്‍, അതല്ലെങ്കില്‍ അവിദഗ്ദ്ധ തൊഴിലാളി. മുഖ്യധാരാ സമൂഹം അപരവല്‍ക്കരിക്കുന്ന പ്രതിനിധാനങ്ങളെയാണ് കലാഭവന്‍ മണിയിലൂടെ മലയാള സിനിമ സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചതെന്നു ചുരുക്കം. ഈ അപര-പ്രതിനിധാന-സാക്ഷാത്ക്കാരത്തിലൂടെ, മുഖ്യധാരാസമൂഹത്തിന്റെ സൗന്ദര്യ/അധികാര ബലതന്ത്രങ്ങള്‍ തന്നെയാണ് പുന:സ്ഥാപിക്കപ്പെട്ടത്.

10

കറുത്ത നിറമുള്ളവനും ദളിതനും വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തവനും ഒാട്ടോറിക്ഷ ഓടിച്ചു നടന്നവനും മിമിക്രിക്കാരനും കോമാളി നടനും തെരുവിലെ അന്ധഗായകന്റെ വേഷത്തിന് അവാര്‍ഡ് പ്രതീക്ഷിച്ചവനും അവാര്‍ഡ് ലഭിക്കാത്തപ്പോള്‍ ബോധം കെടുന്ന തരം അവിവേകവും അല്‍പത്തരവും കാണിച്ചവനുമായ കലാഭവന്‍ മണിയെ ശാരീരികമായും മാനസികമായും ദ്രോഹിച്ച് അവഹേളിച്ചതിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ച ആനന്ദം നിഷ്‌കളങ്കമായ ഒന്നായിരുന്നില്ല. അത് കേരള സമൂഹത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന്റെയും ഫാസിസ്റ്റുവല്‍ക്കരണത്തിന്റെയും ലക്ഷണങ്ങളാണെന്നു തിരിച്ചറിയാന്‍ ആലസ്യത്തിന്റെ കൊടുമുടിയിലെത്തിയ നാം കൂട്ടാക്കിയതുമില്ല.

1

കപടനാട്യക്കാരുടെ കെണിയില്‍ കലാഭവന്‍ മണി അകപ്പെടുകയായിരുന്നു എതാണ് ഏറ്റവും പരിതാപകരമായ കാര്യം. മീശ പിരിച്ച ആഭാസവും കാട്ടി കാളക്കൂറ്റനെ പോലെ അലറി നടക്കു സവര്‍ണ-തെമ്മാടി വേഷങ്ങളില്‍ (ദേവാസുരം, ഉസ്താദ്, നരസിംഹം, ആറാംതമ്പുരാന്‍, രാവണപ്രഭു, പ്രജ) മോഹന്‍ലാലിനെ തളച്ചിടുന്നതിന്റെ മറ്റൊരു അവസ്ഥാന്തരം തന്നെയായിരുന്നു ദാദാസാഹിബ് പോലുള്ള ചിത്രങ്ങളില്‍ മണിയുടെ വേഷം.

8

ബലാത്സംഗവും കുളിസീനും അക്രമപരമ്പരകളും പൈങ്കിളിപ്പാട്ടുകളും പ്രതികാരവും കടുത്ത ചായക്കൂട്ടുകളോടെ കുത്തി നിറച്ച വിനയന്‍ സിനിമകളുടെ ചരിത്രവിരുദ്ധ സമീപനം വെളിപ്പെടുന്നതിന് കരുമാടിക്കുട്ടന്‍ എന്ന ഹിറ്റുചിത്രം പരിശോധിച്ചാല്‍ മതി. കോവിലകത്തെ തമ്പുരാക്കന്മാരുടെ പ്രഭാവം നശിക്കുകയും അവര്‍ താഴ്ന്ന സമുദായക്കാരനായ ചെത്തുകാരന്‍ നീലാണ്ടന്‍ മുതലാളി (രാജന്‍ പി ദേവ്)യുടെ വഞ്ചനകളിലും ക്രൂരതകളിലും ആക്രമണങ്ങളിലും പെട്ട് ഗതികെടുന്നതിന്റെ നീണ്ട കഥനമാണ് കരുമാടിക്കുട്ടനിലുള്ളത്. ഭൂസ്വത്തിന്റെയും അക്രമവാഴ്ചയുടെയും അട്ടിപ്പേറവകാശം തമ്പുരാക്കന്മാരില്‍ നിന്ന് ചെത്തുകാരും മറ്റുമടങ്ങുന്ന താഴ്ന്ന സമുദായക്കാരിലേക്കും തൊഴിലാളികളിലേക്കും കൈമാറ്റം ചെയ്യപ്പെടുതിന്റെ വിലാപകാവ്യമാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമ. പഴയകാല തറവാടികള്‍ക്കു പകരം ചുമട്ടു തൊഴിലാളികള്‍ അക്രമം കാട്ടുന്നതില്‍ ബേജാറാവുന്ന മധ്യവര്‍ഗ്ഗ-അരാഷ്ട്രീയ മലയാളി മനസ്സിന്റെ ധാര്‍മ്മിക ഉത്ക്കണ്ഠയുടെ മറ്റൊരു പ്രത്യക്ഷമാണിത്.

7

‘ചെറുമന് അധികാരിപ്പണി കിട്ടിയാല്‍’, ‘പിന്നേം ചങ്കരന്‍ തെങ്ങേല്‍ തന്നെ’ തുടങ്ങിയ ‘പതിരില്ലാത്ത’ പഴഞ്ചൊല്ലുകളില്‍ സൂചിതമാവുന്ന നാടുവാഴിത്ത/സവര്‍ണ പ്രത്യയശാസ്ത്രമാണ് ഈ കഥയില്‍ അടിസ്ഥാനമാകുന്നത്. ചതിയിലൂടെ കൈവശപ്പെടുത്തിയ സ്വത്തുക്കളിലൂടെ മദ്യരാജാക്കന്മാരായി മാറിയ ഈഴവസമുദായക്കാര്‍ തമ്പുരാട്ടിമാര്‍ക്കെതിരെയും മറ്റും നടത്തുന്ന അതിക്രൂരമായ പീഡനങ്ങള്‍ സിനിമയില്‍ കടുത്ത ശബ്ദ-ഘോഷങ്ങളോടെ പ്രത്യക്ഷമാക്കുന്നു. ഇവര്‍ക്കു കൂട്ടുനില്‍ക്കുതാകട്ടെ കറുത്ത തൊലിനിറമുള്ള ഒരു പഞ്ചായത്തുമെമ്പറും. സംവരണസീറ്റില്‍ നിന്നു ജയിച്ചുവന്നയാള്‍ എന്ന് തുറന്നു പറയാതെ തന്നെ സൂചിപ്പിക്കുന്ന ഈ കഥാപാത്രത്തിന്റെ അപഹാസ്യമായ നിലയിലൂടെ ജനാധിപത്യ സമ്പ്രദായം പഴയ നാടുവാഴിത്ത സുവര്‍ണകാലത്തേക്കാള്‍ തീരെ വിലകെട്ടതാണെന്നാണ് പ്രചരിപ്പിക്കുന്നത്.

18

ഈ ചിത്രത്തില്‍ കലാഭവന്‍ മണിയോടൊപ്പം അഭിനയിക്കാന്‍ വെളുത്ത തൊലിനിറമുള്ള ഏതോ ഒരു മുഖ്യധാരാ നടി വിസമ്മതിച്ചു എന്നൊരു പിന്നാമ്പുറ വര്‍ത്തമാനം കേട്ടിരുന്നു. അതു ശരിയായാലും തെറ്റായാലും അത്തരമൊരു ഗോസിപ്പിനെ വിശ്വാസയോഗ്യമാക്കുന്നത് സിനിമയേയും മലയാളി സമൂഹത്തേയും പൊതിഞ്ഞുനില്‍ക്കുന്ന ജാതി-വര്‍ണ-പ്രത്യയശാസ്ത്രമാണെന്ന് കാണാം. (പിന്നീട് കലാഭവന്‍ മണിയുടെ നായികയായി അഭിനയിക്കാന്‍ മലയാളസിനിമയിലെ മിക്കവാറും മുഖ്യധാരാ നടികളെല്ലാം വിസമ്മതിച്ചത് യാതൊരു പ്രതിഷേധത്തിനും ഇടനല്‍കുകയുമുണ്ടായില്ല) അതോടൊപ്പം സിനിമയുടെ ആദ്യപകുതിയില്‍ നന്ദിനിയെ നായിക മണിയുടെ കഥാപാത്രത്തോട് കാണിക്കുന്ന അവഹേളന മനോഭാവവും കൂടി കൂട്ടി വായിക്കണം. തന്നെപ്പോലെ ഉതകുലജാതയും കോളേജു വിദ്യാഭ്യാസമുള്ളവളും വെളുത്ത തൊലിനിറമുള്ളവളുമായ ഒരു പെണ്ണിന് കരുമാടിക്കുട്ടനെപ്പോലെ മൊട്ടയടിച്ചവനും താഴ്ന്ന ജാതിക്കാരനും കറുത്ത നിറമുള്ളവനും മന്ദബുദ്ധിയും അടിമപ്പണിയെടുക്കുന്നവനുമായ ഒരുവന്‍ അനുയോജ്യനല്ല എന്ന നിഗമനത്തില്‍ അവള്‍ തികച്ചും സ്വാഭാവികമായി എത്തിച്ചേരുന്നു. ഈ സ്വാഭാവികത പ്രകൃതിപരമോ നരവംശശാസ്ത്രപരമോ ആയി ന്യായീകരിക്കപ്പെടുന്ന ഒന്നല്ലെന്നും നാം ജീവിക്കുന്ന ചരിത്രസന്ദര്‍ഭത്തിന്റെ ജാതി-ലിംഗ-വര്‍ണ്ണ-വര്‍ഗ്ഗ പ്രത്യയശാസ്ത്രത്തിന്റെ ഫലസിദ്ധിയാണെന്നും എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണ്.

5

ഇത്തരത്തില്‍ അവള്‍ തള്ളിപ്പറയുന്ന അതേ കരുമാടിക്കുട്ടനെ അവസാനം തന്റെ ഭര്‍ത്താവായി സ്വീകരിക്കുകയും അതില്‍ ആഹ്ലാദം കണ്ടെത്തുകയും ചെയ്യുന്നു. ഈ സ്വഭാവമാറ്റത്തിലടങ്ങിയിരിക്കുന്ന വികാരം, പഴയ കാല മലയാള സിനിമകളില്‍ ഉണ്ടായിരുന്ന ധനിക വര്‍ഗ്ഗസ്ഥിതന് ദരിദ്രനോടുള്ള സഹതാപം പോലുള്ള ഒന്നല്ല. നിവൃത്തികേടു കൊണ്ടാണ് അവള്‍ ഇത്തരമൊരു നിലപാടുമാറ്റത്തിലെത്തുന്നത്. മുത്തശ്ശി മരിക്കുകയും തറവാട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ഗര്‍ഭിണിയാക്കപ്പെടുകയും ചെയ്യുന്നതിലൂടെ അനുഭവിച്ച പീഡന പരമ്പരകള്‍ക്കു ശേഷമാണവള്‍ കുട്ടന്റെ സ്‌നേഹസംരക്ഷണം തേടുന്നത്.

6.

പതിതയായ അഥവാ പിഴച്ച എന്നിങ്ങനെയുള്ള സ്ത്രീവിരുദ്ധ പദാവലികളാല്‍ വിശേഷിപ്പിക്കപ്പെടുന്ന അവസ്ഥയിലെത്തിച്ചേരുന്ന ഇത്തരമൊരു സ്ത്രീകഥാപാത്രത്തെ ആത്മഹത്യയിലേക്കോ മറ്റേതെങ്കിലും തരത്തിലുള്ള അസ്വാഭാവിക മരണത്തിലേക്കോ തള്ളിവിടുന്ന പതിവ് ഇവിടെ റദ്ദാവുന്നുണ്ട്. വര്‍ണ്ണപ്പകിട്ട് (ഐ വി ശശി) പോലുള്ള ചില സിനിമകളില്‍ ഇത്തരം കഥാന്ത്യം ഇതിനു മുമ്പ് പരീക്ഷിച്ചു നോക്കിയിട്ടുളളതുമാണ്. ഏക പതീ-പത്‌നീ വ്രത ദ്വിവര്‍ഗ്ഗ ലൈംഗിക സദാചാരത്തിന്റെ ചില കണ്ണികളാണിവിടെ മുറിയുന്നത് എന്നത് നിര്‍ണ്ണായകമാണ്. ഈ വിഗ്രഹഭഞ്ജനത്തില്‍ പക്ഷെ, ആഹ്ലാദിക്കാനേതുമില്ല. കാരണം, സ്ത്രീത്വത്തെ ഉപഭോഗം ചെയ്യാവുന്നതും കൈമാറ്റം ചെയ്യാവുന്നതുമായ ഒരു ചരക്കായി മാത്രം പരിഗണിക്കുന്ന മുതലാളിത്ത നീതിയാണിവിടെ നാടുവാഴിത്തത്തോട് സന്ധി ചെയ്യുന്നത് എന്നതു തന്നെ. പ്രണയം, ഭാര്യാ-ഭര്‍ത്തൃബന്ധം, ബലാത്സംഗം എന്നിങ്ങനെയുള്ള പ്രതിനിധാനങ്ങള്‍ക്ക് അവള്‍ വ്യത്യസ്ത കാലഗതികളില്‍ വിധേയപ്പെടുന്നത് ഈ ഇരട്ട നീതിയുടെ പുരുഷാധിപത്യ വിജയഘട്ടങ്ങളിലോരോന്നിലായിട്ടാണ്.

മറ്റൊരു പ്രധാന കാര്യം, നന്ദിനി എന്ന വെളുത്ത നിറമുള്ള നായിക കുട്ടന്‍ എന്ന ദളിതന് അനുയോജ്യയാവുന്നതെപ്പോഴാണ്  എന്നുള്ളതാണ്. സൗവര്‍ണ്ണ പ്രഭാവം നിലനിന്നിരുന്ന ഒരു ഘട്ടത്തിലും അവള്‍ അവന് പാകമായ ജോഡിയല്ല. ഇത് അവള്‍ അവഹേളനാപൂര്‍ണമായും, മുത്തശ്ശി വാത്സല്യത്തോടെയും അവനെ ബോധ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍, ബലാത്സംഗത്തിലൂടെ ചാരിത്രശുദ്ധിയും, തറവാട്ടില്‍ നിന്ന് പുറന്തള്ളപ്പെടുന്നതിലൂടെ സ്വത്തുടമസ്ഥതയും നഷ്ടപ്പെടുമ്പോള്‍ അവള്‍ അവനെപ്പോലെ ഒരാള്‍ക്ക് പാകമായ ഇണയായി ‘തരം താഴ്ത്ത’പ്പെടുന്നു. നമ്പൂതിരി സമുദായത്തില്‍ നിന്ന് ഭ്രഷ്ടയാക്കപ്പെടുന്ന സ്ത്രീയെ ദളിതരും മാപ്പിളമാരും ഏറ്റുവാങ്ങിയിരുന്ന നവോത്ഥാനപൂര്‍വ്വകാലത്തെ നീതിയാണിവിടെ ആവര്‍ത്തിക്കുന്നത്.

karumadikkuttan4a

തന്റെ ദുരവസ്ഥക്ക് കാരണഹേതുവായ നാടുവാഴിത്ത ജാതിവ്യവസ്ഥയോട് കണക്കു തീര്‍ത്ത് പ്രതികാരം ചെയ്യാന്‍ കരുമാടിക്കുട്ടന്റെ കഥാപാത്രത്തിന് അനുവാദം കിട്ടുന്നില്ല. കച്ചവട സിനിമയുടെ ആഹ്ലാദവും ജനപ്രീതിയും നിര്‍ണയിക്കുന്ന നായകവിജയം എന്ന ഘടകം പൂര്‍ത്തീകരിക്കാന്‍ വേണ്ടി അവന്റെ വിജയങ്ങള്‍, പുത്തന്‍ പണക്കാരനായ – യഥാര്‍ത്ഥത്തില്‍ പണവും അധികാരവും കൈയാളാന്‍ അവകാശമില്ലാത്തവന്‍ എന്നു വ്യാഖ്യാനം – ചെത്തുകാരന്‍ മുതലാളിയുടെ മകന്റെ മേല്‍ മാത്രമാണ്. ഇപ്രകാരം ഒരു വിജയസാധ്യത അവന് പതിച്ചു നല്‍കുമ്പോള്‍ പോലും ആ വിജയത്തിന്റെ യഥാര്‍ത്ഥ ആനുകൂല്യം സ്വന്തമാക്കി വെക്കുന്നതിനു വേണ്ടി ഐതിഹ്യങ്ങളില്‍ (മലയാളഭാഷയുടെ പിതാവായി ഗണിക്കപ്പെടുന്ന തുഞ്ചത്തെഴുത്തച്ഛന്റെ പിതൃത്വം ബ്രാഹ്മണനില്‍ നിക്ഷിപ്തമാക്കിയതു പോലെ) സാധാരണമായിരുന്ന സവര്‍ണ്ണ സ്രോതസ്സ് എന്ന അടിസ്ഥാനത്തെ നേരത്തെ തന്നെ സജീവമാക്കിവെച്ചിട്ടുമുണ്ടല്ലോ. കുട്ടന്റെ അമ്മ കോവിലകത്തുള്ളവളാണെന്ന കഥാന്യായം ഈ ഉദ്ദേശ്യത്തോടെയുള്ളതാണ്.
ദളിതരും മറ്റ് അധ:സ്ഥിതരും സ്വാഭാവിക സഖ്യകക്ഷിയായി ഐക്യപ്പെടേണ്ടത് പിന്നോക്ക-ന്യൂനപക്ഷ സമുദായത്തോടാണ്. ഈ ഐക്യത്തെ തകര്‍ക്കുന്നതിലൂടെ പ്രതിരോധമുന്നണിയില്‍ വിള്ളല്‍ വീഴ്ത്തി തങ്ങളുടെ ആധിപത്യം തുടരാനുള്ള കുറുക്കുവഴികള്‍ സവര്‍ണ്ണശക്തികള്‍ സ്വീകരിക്കുന്നുണ്ട്. ഇത്തരമൊരു തന്ത്രമാണ് കരുമാടിക്കുട്ടന്‍ പോലുള്ള ഒരു സിനിമയിലൊളിഞ്ഞിരിക്കുന്നത്.

17

കലാഭവന്‍ മണിയെ വസ്തുവല്‍ക്കരിക്കുകയും ചരക്കുവല്‍ക്കരിക്കുകയും സ്റ്റിരിയോ ടൈപ്പിലേക്ക് ഒതുക്കിമാറ്റി മുതലെടുക്കുകയും ചെയ്യുന്ന വിനയന്‍ തന്ത്രത്തിന്റെ ഏറ്റവും മൂര്‍ത്തമായ ലക്ഷണമായിരുന്നു രാക്ഷസരാജാവ് എന്ന സിനിമ. 1992 ഡിസംബറിനു ശേഷമിറങ്ങിയ ധ്രുവം മുതലുള്ള നിരവധി മലയാള സിനിമകളിലെതുപോലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ദളിതരും പ്രതിനായകപക്ഷത്തണിനിരക്കുന്ന ഈ സിനിമയിലെ മുഖ്യ പ്രതിനായകവേഷം കലാഭവന്‍ മണിയുടെ ദളിതനും വിക്കനും മന്ത്രിയുമായ ഗുണശേഖരന്‍ എന്ന കഥാപാത്രത്തിന്മേലാണ് ചാര്‍ത്തിയിരുന്നത്. മൂന്നാം ക്ലാസില്‍ മൂന്നുവട്ടം തോറ്റ ഇയാള്‍ തേങ്ങ മോഷ്ടിക്കുന്ന വെറുമൊരു മോഷ്ടാവില്‍ നിന്ന് വളര്‍ന്നാണ് എക്‌സൈസും വിദ്യാഭ്യാസവും ഒന്നിച്ച് കൈകാര്യം ചെയ്യുന്ന വിചിത്രനായ മന്ത്രിയായി നാടുമുടിക്കാനായി വളരുന്നത്. സുലൈമാന്‍ റാവുത്തര്‍, ഇബ്രാഹിം, അവറാച്ചന്‍, ആന്റണി, ഗോമസ് അലക്‌സാണ്ടര്‍ എന്നിങ്ങനെ ന്യൂനപക്ഷസമുദായങ്ങളില്‍ പെട്ട ഒരു പറ്റം സാമൂഹ്യവിരുദ്ധന്മാരുടെ കൂട്ടു ചേര്‍ന്ന്, പിന്നെ അവസാനം കൂട്ടു നിന്നവരെ തന്നെ കൊന്നും കൊല വിളിച്ചും ഇയാള്‍ കാട്ടുന്ന കോപ്രായങ്ങള്‍ അതിനിഷ്ഠൂരവും ക്രൂരവുമാണ്. അനാഥാലയം നടത്താനെന്ന പേരില്‍ ഇയാളുടേതടക്കമുള്ള ദുഷ്പ്രവൃത്തികളെ ഒരു പരിധി വരെ ഒതുക്കിക്കൊടുത്ത രാമനാഥന്‍ എന്ന സവര്‍ണനായ നായകന്‍ (മമ്മൂട്ടി) ഇയാളെ തീക്കൊടുക്കുന്നതായ വിജയാന്ത്യത്തിലാണ് കഥ ചെന്നു നില്‍ക്കുന്നത്.

2

കലാഭവന്‍ മണി തമിഴില്‍ വ്യത്യസ്തമായ പ്രതിനായക വേഷങ്ങള്‍(വാഞ്ചി നാഥന്‍, ജെമിനി,അന്യന്‍) ചെയ്തതിനെ തുടര്‍ന്ന് മലയാളത്തിലെ ഏതാനും ചെലവു കുറഞ്ഞ ചിത്രങ്ങളിലെ നായകവേഷവും അവതരിപ്പിക്കുകയുണ്ടായി (ബെന്‍ ജോണ്‍സണ്‍, ആയിരത്തില്‍ ഒരുവന്‍, രാവണന്‍, കിസാന്‍, ചാക്കോ രണ്ടാമന്‍, രക്ഷകന്‍, പായും പുലി, ആണ്ടവന്‍, സ്വര്‍ണം, നന്മ, കേരള പോലീസ്). ഇക്കൂട്ടത്തില്‍ ഒന്നോ രണ്ടോ ചിത്രം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. കലാഭവന്‍ മണി എന്ന അനുഗൃഹീത നടനെ പ്രേക്ഷകരുടെ ഇഷ്ടമേഖലകളില്‍ നിന്ന് തള്ളി മാറ്റാനേ അവയും ആത്യന്തികമായി ഉപകാരപ്പെട്ടുള്ളൂ എന്നതാണ് വാസ്തവം. ക്രൗഡ് പുള്ളറല്ലാത്ത നായകവേഷക്കാരന്‍ എന്ന ശകാരമേറ്റുവാങ്ങി, വീണ്ടും വല്ല അന്ധ-ബധിര-മൂകന്റെയോ വികാലാംഗന്റെയോ വേഷമാണ് മണിക്ക് ചേരുക എന്ന ഉപദേശമാണ് ഇതിലൂടെ സമൂഹം അദ്ദേഹത്തിനു മേല്‍ അടിച്ചേല്‍പ്പിച്ചത്.

3

ചാലക്കുടിക്കാരന്‍ ചങ്ങാതി അടക്കമുള്ള, കലാഭവന്‍ മണി അവതരിപ്പിച്ച പാട്ടു കാസറ്റുകളും സിഡികളും, ഇറങ്ങുന്ന അന്നു തന്നെ കേരളമെമ്പാടുമുള്ള കടകളില്‍ മുഴുവനും വിറ്റഴിയുമായിരുന്നു. ആധുനിക കേരളത്തിന്റെ ഗന്ധര്‍വശബ്ദം എന്നു വിശേഷിപ്പിക്കപ്പെട്ട യേശുദാസിന്റെ പാട്ടു പോലും ഈ വേഗതയില്‍, ഇതു പോലെ വിറ്റഴിഞ്ഞിട്ടില്ല. കലാഭവന്‍ മണി നാടന്‍ പാട്ടിന്റെ ജനപ്രിയതയും സ്വീകാര്യതയും അഭൂതപൂര്‍വമായി വളര്‍ത്തിയെടുത്തതിനെ തുടര്‍ന്നാണ്, കേരളത്തിലെമ്പാടുമായി പതിനായിരക്കണക്കിന് നാടന്‍പാട്ടുകലാകാരന്മാരും അവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നൂറുകണക്കിന് നാടന്‍ പാട്ടുസമിതികളും നിലവില്‍ വന്നത്. കേരളത്തിലും പുറത്തുമായി നൂറു കണക്കിന് പരിപാടികളാണ് ഇവര്‍ അവതരിപ്പിച്ചു വരുന്നത്. ഒരു സ്വകാര്യ സംഭാഷണത്തിനിടെ ഞാനിക്കാര്യങ്ങള്‍ സൂചിപ്പിച്ചപ്പോള്‍; അത് കേട്ട ഒരു അഭിനവ വിപ്ലവകവി പറഞ്ഞത്, കലാഭവന്‍ മണിയുടെ പാട്ടുകളെ സ്വന്തമാക്കി ആഘോഷിക്കുന്നതും പ്രചരിപ്പിക്കുന്നതും, കള്ളുകുടിയന്മാരും താന്തോന്നികളുമായ സാമൂഹ്യദ്രോഹികളാണ് എന്നാണ്. വിപ്ലവത്തിന്റെ കുത്തകാവകാശം സ്വയം ഏറ്റെടുത്തതായി നടിക്കുന്ന ഇത്തരക്കാര്‍ എത്രമാത്രം കുടിലമായ സവര്‍ണ ഹിന്ദുത്വ വാദഗതികളെയാണ് ആന്തരവത്ക്കരിച്ചിരുന്നത് എന്നതിന്റെ കൃത്യമായ തെളിവായിരുന്നു ആ പൊടുന്നനെയുള്ള പ്രതികരണമെന്ന് ബോധ്യപ്പെട്ടതിനാല്‍ ഞാന്‍ തര്‍ക്കത്തിനു നിന്നില്ല. പിന്നീട് കാലവും സംസ്‌ക്കാരവും എങ്ങോട്ടാണ് പോയത് എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. വലതുപക്ഷ മൂല്യങ്ങള്‍ തുടര്‍ന്നും മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിന്റെ വിജയലക്ഷണങ്ങളായി; വിജയപ്രതീതിയുളള പരാജയം എന്ന വ്യാജപ്രതിനിധാനത്തിലൂടെ ദളിതന്റെയും അധ:സ്ഥിതന്റെയും ആത്മവിഗ്രഹമായി പരിണമിച്ച കലാഭവന്‍ മണിയെ അവഹേളനത്തിന്റെ പിച്ചപ്പാത്രത്തില്‍ തന്നെ തളച്ചിടുകയായിരുന്നു എന്ന് ആരും തന്നെ തിരിച്ചറിഞ്ഞതുമില്ല.

(ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ സിനിമാനിരൂപകനാണ് ലേഖകന്‍)

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top