എയ്ഡ്‌സ് ബാധിതയായ വിദ്യാര്‍ത്ഥിനിക്ക് കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നതിന് വിലക്ക്

immg

കണ്ണൂര്‍: എച്ച്‌ഐവി പോസിറ്റീവ് ആയ വിദ്യാര്‍ത്ഥിനിക്ക് കോളേജ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിന് വിലക്ക്. കണ്ണൂര്‍ പിലാത്തറ വിറാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് വിലക്ക് കാരണം ടിസി വാങ്ങി പഠനം നിര്‍ത്താന്‍ നിര്‍ബന്ധിതയായിരിക്കുന്നത്. സൈക്കോളജി ബിരുദ വിദ്യാര്‍ത്ഥിനിയാണ്. എന്നാല്‍ വിദ്യാര്‍ത്ഥിനി സ്വമേധയാ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയതാണെന്നും വിലക്കില്ലെന്നുമാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

എയ്ഡ്‌സ് രോഗമുള്ള രക്ഷിതാക്കളുടെ മകളായി ജനിച്ചത് മുതല്‍ തുടങ്ങിയതാണ് അവഗണനയും ഒറ്റപ്പെടുത്തലും. അപ്പോഴെല്ലാം പതറാതെ നില്‍ക്കാന്‍ കഴിഞ്ഞത് എച്ച്‌ഐവി പോസറ്റീവായ കുട്ടിയുടെ കൂടെയിരുന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന അറിയാവുന്നവരുടെ പിന്തുണയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോളേജ് ഹോസ്റ്റലില്‍ നിന്ന് പെണ്‍കുട്ടിയെ പുറത്താക്കി.

എച്ച്‌ഐവി പോസിറ്റീവ് ആയ കുട്ടി താമസിക്കുന്ന സ്ഥലത്ത് സ്വന്തം കുട്ടികളെ താമസിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നില്ലെന്ന് പറഞ്ഞാണ് മാനേജ്‌മെന്റ് തന്നെ പുറത്താക്കിയതെന്ന് കുട്ടി പറയുന്നു. തുടര്‍ന്ന് കോളേജ് അധികൃതര്‍ തനിക്ക് താമസിക്കാന്‍ വൃദ്ധസദനം ഏര്‍പ്പാടാക്കിയെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

ഹോസ്റ്റലില്‍ നിന്ന് വിലക്കിയതോടെ കോളേജിലും പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്. എന്നാല്‍ കുട്ടി സ്വമേധയാ ഒഴിഞ്ഞുപോയതാണെന്നും പഠനം തുടരുന്നതിന് വിലക്കില്ലെന്നുമാണ് കോളേജ് പ്രിന്‍സിപ്പാള്‍ നല്‍കുന്ന വിശദീകരണം.

DONT MISS
Top