ഡെല്‍ ഇന്ത്യ 70 ജീവനക്കാരെ പിരിച്ചുവിട്ടു: ആശങ്കയോടെ ബാംഗ്ലൂര്‍ ടെക്കികള്‍

dell

ബംഗലൂരു: ഡെല്‍ ഇന്ത്യ 70 ജീവനക്കാരെ പിരിച്ചുവിട്ടു. ബംഗലൂരുവില്‍ ഒന്‍പത് മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഡെല്‍ സോഫ്‌റ്റ്വെയര്‍ ഗ്രൂപ്പില്‍ നിന്നാണ് 70 ജീവനക്കാരെ പിരിച്ചുവിട്ടത്. ബംഗലൂരുവിലും ഹൈദരാബാദിലുമായി 110 ജീവനക്കാരാണ് നിലവില്‍ ഡിഎസ്ജിക്കുള്ളത്. ബംഗലൂരുവിലെ കേന്ദ്രത്തില്‍ മാത്രം 400 മുതല്‍ 500 വരെ ടെക്കികള്‍ക്ക് തൊഴിലൊരുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.  ഇവിടെ നിന്നാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.

6700 കോടി ഡോളര്‍ മുടക്കി ഇഎംസിയെ ഏറ്റെടുക്കാനുള്ള ഡെല്ലിന്റെ തീരുമാനത്തിന്റെ ഫലമാണ് പുതിയ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിലവേറിയ ഏറ്റെടുക്കലിന് ശേഷം ഡെല്ലിന്റെ ബംഗലൂരുവിലെ കേന്ദ്രം ഉപയോഗശൂന്യമായെന്ന വിലയിരുത്തലാണ് നടപടിക്ക് പിന്നിലെന്നും വാര്‍ത്തകളുണ്ട്.

മൂന്ന് മാസത്തെ സഹായ പാക്കേജോടെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് നിലവിലെ വിവരം. ചില അടിയന്തിരമായ തീരുമാനങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നാണ്, പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് കമ്പനി നല്‍കിയ വിശദീകരണം. ഹൈദരാബാദ് കേന്ദ്രത്തില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നതാണ് ഔദ്യോഗിക വിശദീകരണം. ടെക്കികളുടെ ജോലി നഷ്ടമാകുന്നത്, ബംഗലൂരു കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന മലയാളികളുള്‍പ്പെടെയുള്ളവരെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

DONT MISS
Top