ദുല്‍ക്കര്‍.. നീ അര്‍ഹനാണ്

dulqer
മമ്മൂട്ടി, ജയസൂര്യ, പൃഥിരാജ് ഈ മൂന്നു പേരുകളാണ് ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡിനായി ഏറ്റവും ഉയര്‍ന്നു കേട്ടത്. എന്നാല്‍ അവരെ മറികടന്നു ദുല്‍ക്കര്‍ സല്‍മാന്‍ അവാര്‍ഡ് നേടിയപ്പോള്‍ കുറച്ചു പേരെങ്കിലും നെറ്റി ചുളിച്ചിരിക്കണം, ദുല്‍ക്കറിന്റെ സ്ഥിരം മാനറിസങ്ങളില്‍ കൂടുതല്‍ ഒന്നും തന്നെ ചാര്‍ലിയില്‍ ഇല്ലല്ലോ എന്ന് ആലോചിച്ചിരിക്കണം. പക്ഷെ ദുല്‍ക്കര്‍.. നിങ്ങള്‍ തീര്‍ച്ചയായും അര്‍ഹനാണ്. കാരണം, ഉണ്ണി ആറും മാര്‍ട്ടിന്‍ പ്രക്കാട്ടും സൃഷ്ടിച്ച ചാര്‍ലി എന്ന കഥാപാത്രത്തിന്റെ സ്ഥാനത്ത് മറ്റൊരു നടനെയും ചിന്തിക്കാന്‍ പോലും കഴിയാത്ത വിധം ദുല്‍ക്കര്‍ ചാര്‍ലിയെ അവതരിപ്പിച്ചു.

ആദ്യ സിനിമയായ സെക്കന്റ് ഷോ മുതല്‍ ഓരോ സിനിമയിലും മെച്ചപ്പെട്ടു വന്ന ദുല്‍ക്കറിലെ നടന്‍ എത്രത്തോളം പാകമായെന്ന് ചാര്‍ലിയിലെ പ്രകടനവും മികച്ച നടനുള്ള അവാര്‍ഡും തെളിയിക്കുന്നു. കെട്ടുറപ്പുള്ള തിരക്കഥയില്‍ ചാര്‍ലി ആവശ്യപ്പെടുന്ന മുഴുവന്‍ ഊര്‍ജവും ദുല്‍ക്കര്‍ സ്‌ക്രീനില്‍ നിറച്ചതുകൊണ്ടാകാം സൂപ്പര്സ്റ്റാറായ അദ്ദേഹത്തിന്റെ വാപ്പയേയും സു..സു സുധി വാത്മീകത്തിലെ ജയസൂര്യയുടെ പ്രകടനത്തിനേയും മറികടന്ന് ജൂറി ദുല്‍ക്കറിനെ പരിഗണിച്ചത്. അഭിനയ ജീവിതത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയ ദുല്‍ക്കര്‍ പിതാവ് മമ്മൂട്ടിയുടെ പാത പിന്തുടരാതെ മലയാളത്തിലും തമിഴിലുമായി തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. മുമ്പ് ഓകെ കണ്‍മണി എന്ന മണിരത്‌നം ചിത്രത്തിലെ പ്രകടനം കണ്ട് സിനിമാ ലോകത്തെ പ്രമുഖരെല്ലാം ദുല്‍ക്കറിനെ പ്രശംസിച്ചിരുന്നു.dulqer 1

ഒരുപക്ഷെ കഴിഞ്ഞ വര്‍ഷം നിവിന്‍ പോളി മികച്ച നടനുള്ള പുരസ്‌കാരം നേടിയ ശേഷം നേരിട്ട വിമര്‍ശനങ്ങള്‍ നാളെ ദുല്‍ക്കറിന് നേരെയും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞേക്കാം. പക്ഷെ വിമര്‍ശനങ്ങള്‍ക്കും ഫാന്‍ ഫൈറ്റ്‌സിനുമപ്പുറം ചാര്‍ലിയും ദുല്‍ക്കറിലെ നടനും എന്നും ഉയര്‍ന്നു തന്നെ നില്‍ക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top